Type Here to Get Search Results !

Bottom Ad

ബാങ്കുകളും ശൗചാലയം നിര്‍മിക്കണമെന്ന കേന്ദ്ര ഉത്തരവ് വിവാദത്തില്‍


കൊച്ചി (www.evisionnews.co): പൊതുമേഖലാ ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും പൊതുകക്കൂസുകള്‍ നിര്‍മിച്ച് സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമാകണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വിവാദമാകുന്നു. ഓരോ ശാഖകളിലും പരിസരത്തും പൊതുകക്കൂസുകള്‍ നിര്‍മിക്കണമെന്നാണ് നിര്‍ദേശം. പുതിയ ശാഖകളിലുള്ള വനിതാ ജീവനക്കാര്‍ക്കുള്‍പ്പടെ മതിയായ ശുചിത്വ സൗകര്യങ്ങളില്ലെന്ന പരാതികള്‍ നിലനില്‍ക്കെയാണ് പൊതുകക്കൂസുകള്‍ പണിയാനും വൃത്തി റിപ്പോര്‍ട്ട് നല്‍കാനുമുള്ള നിര്‍ദേശമെന്ന് ജീവനക്കാര്‍ പറയുന്നു. 

എല്ലാ പൊതുമേഖലാ ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും സ്വന്തം ഫണ്ടുപയോഗിച്ച് സ്ഥാപനത്തിലോ പരിസരത്തോ പൊതുകക്കൂസ് പണിയണമെന്നും കക്കൂസ് വൃത്തിയാക്കാന്‍ ഏതെങ്കിലും ഏജന്‍സിക്ക് പുറംകരാര്‍ നല്‍കണമെന്നുമാണ് ധനമന്ത്രാലയത്തിന്റെ നിര്‍ദേശം.

വായ്പ വളര്‍ച്ച, കിട്ടാക്കടം, മുന്‍ഗണനാവായ്പ എന്നിവ സംബന്ധിച്ച് മൂന്നുമാസം കൂടുമ്പോള്‍ നല്‍കുന്ന റിപ്പോര്‍ട്ടിനൊപ്പമാണ് കക്കൂസിന്റെ വൃത്തി റിപ്പോര്‍ട്ടും നല്‍കേണ്ടത്. പുതിയ കക്കൂസ് നിര്‍മിക്കുംവരെ ശാഖകളില്‍ നിലവിലുള്ളവ ഉപയോഗിക്കാന്‍ പൊതുജനത്തെ അനുവദിക്കണം. സുരക്ഷയെ ബാധിക്കുമെങ്കില്‍ കെട്ടിടത്തിനു പുറത്ത് കക്കൂസ് നിര്‍മിക്കണമെന്നും നിര്‍ദേശമുണ്ട്.

ഒരു കക്കൂസ് നിര്‍മിക്കാന്‍ കുറഞ്ഞത് 50,000 രൂപയെങ്കിലും ചെലവഴിക്കണം. പലയിടത്തും ഇത്തരം കക്കൂസ് പണിയാനാവശ്യമായ സ്ഥലമില്ല. വാടകക്കെട്ടിടത്തില്‍ പണിയണമെങ്കില്‍ മറ്റ് തടസ്സങ്ങള്‍ വേറെയും. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കലല്ലാതെ അത് യാഥാര്‍ഥ്യമാക്കാന്‍ പണം നല്‍കുന്നില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ ഉപയോഗിച്ച് നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള പരാതി നിലനില്‍ക്കെയാണിത്.

Post a Comment

0 Comments

Top Post Ad

Below Post Ad