Type Here to Get Search Results !

Bottom Ad

തോമസ് ചാണ്ടിയുടെ രാജിയില്‍ ഉറച്ച് സിപിഐ; എല്‍ഡിഎഫ് നിര്‍ണായക യോഗം ഞായറാഴ്ച


തിരുവനന്തപുരം  : (www.evisionnews.co) കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സമ്മര്‍ദം ശക്തമായ സാഹചര്യത്തില്‍ ഞായറാഴ്ച ഇടതുമുന്നണി യോഗം ചേരും. തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കിയ സാഹചര്യത്തില്‍ കൂടിയാണ് യോഗം. കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ നിയമോപദേശത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. 

നിയമോപദേശം എതിരായാല്‍ തോമസ് ചാണ്ടിയെ തുണയ്‌ക്കേണ്ടെന്ന സിപിഎം നിലപാട് പുറത്തുവന്നതിനു പിന്നാലെ നിലപാട് ശക്തമാക്കി സിപിഐയും രംഗത്തെത്തി. തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാണ് സിപിഐ നിലപാടെന്ന് കാനം രാജേന്ദ്രന്‍ നിര്‍വാഹകസമിതി യോഗത്തില്‍ പറഞ്ഞു.

എന്നാല്‍ രാജി വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ രംഗത്തെത്തി. മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നും നിയമോപദേശം എതിരാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

ഇക്കാര്യത്തില്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ട കാര്യമില്ല. മന്ത്രി തെറ്റു ചെയ്തിട്ടില്ലെന്നാണ് പാര്‍ട്ടി കരുതുന്നത്. കോടതിയുടെ പരാമര്‍ശം കണക്കാക്കേണ്ടതില്ലെന്നും കോടതിവിധി വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി, സിപിഎമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ല. മുഖ്യമന്ത്രി തോമസ് ചാണ്ടിയെ വിളിപ്പിച്ചിട്ടില്ല. മന്ത്രി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ചെയ്തതെന്നും പീതാംബരന്‍ വിശദീകരിച്ചു. മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കയ്യേറ്റ ആരോപണത്തില്‍ നിലപാടറിയിക്കാന്‍ എന്‍സിപിയോട് സിപിഎം ആവശ്യപ്പെട്ടിരുന്നു. സിപിഎം - സിപിഐ കൂടിയാലോചനകള്‍ക്കു ശേഷമാണ് എന്‍സിപിയോടു നിലപാടു തേടിയത്. 

സര്‍ക്കാരിനെയും മുന്നണിയെയും ഏറെ സമ്മര്‍ദ്ദത്തിലാക്കിയ കായല്‍ കയ്യേറ്റ വിവാദത്തില്‍ തോമസ് ചാണ്ടിയെ പിന്തുണയ്ക്കില്ലെന്നു സിപിഎം വ്യക്തമാക്കിയിരുന്നു. മന്ത്രിക്കെതിരായ ആരോപണത്തിലെ നിയമോപദേശം പ്രതികൂലമായാല്‍ തുണയ്ക്കില്ലെന്നാണ് സിപിഎം തോമസ് ചാണ്ടിയെ അറിയിച്ചത്. ചാണ്ടിയുടെ രാജി നേരിട്ട് ആവശ്യപ്പെടുന്നതു മുന്നണി മര്യാദയല്ലെന്നാണു സിപിഎം അഭിപ്രായം. എന്‍സിപി സ്വയം തീരുമാനമെടുത്ത് രാജി നടപ്പാക്കണമെന്നാണു ആഗ്രഹം. വിവാദം മുന്നണിക്കും സര്‍ക്കാരിനും ഏറെ അവമതിപ്പുണ്ടാക്കിയെന്നു സിപിഎം ചൂണ്ടിക്കാട്ടുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad