കാസര്‍കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ക്വാര്‍ട്ടേഴ്സുകളിലും ലോഡ്ജുകളിലും വാടക മുറികളിലും താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് തുടങ്ങി. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങിയത്. കാസര്‍കോട് നഗരത്തില്‍ താമസിക്കുന്ന 150 ഓളം ഇതര സംസ്ഥാന തൊഴിലാളികളെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചോദ്യം ചെയ്തു.
തിരിച്ചറിയല്‍ രേഖകള്‍, താമസിക്കുന്ന സ്ഥലം, ജോലി സംബന്ധിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവയാണ് പരിശോധിക്കുന്നത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. യാതൊരു തിരിച്ചറിയല്‍ രേഖകളുമില്ലാത്തവരെ തിരിച്ചയക്കുമെന്ന് പൊലീസ് പറഞ്ഞു. പല കുറ്റകൃത്യങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളാവുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ബംഗാള്‍ സ്വദേശി അറസ്റ്റിലായിരുന്നു. യാതൊരു രേഖകളുമില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന ക്വാര്‍ട്ടേഴ്സ് ഉടമകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് സംസ്ഥാനത്ത് ഇ-രേഖയും തയ്യാറാക്കി വരുന്നു.

Post a Comment
0 Comments