
കാഞ്ഞങ്ങാട്: (www.evisionnews.co)ഹോസ്ദുര്‍ഗില്‍ പുതിയകോടതി കെട്ടിടത്തിന്റെ പ്ലാന്‍ സര്‍ക്കാരും ധനകാര്യവകുപ്പും അംഗീകരിച്ച് ഫണ്ടനുവദിച്ചു.സ്ഥല സൗകര്യമില്ലാതെ അരനൂറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച കെട്ടിടങ്ങളിലാണ് നിലവില്‍ ഹോസ്ദുര്‍ഗിലെ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. അന്നത്തെ വിരലിലെണ്ണാവുന്ന കേസുകള്‍ പരിഗണിക്കുന്നതിന് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ താലൂക്കില്‍ പോലീസ് സ്റ്റേഷനുകളും കേസുകളുടെ എണ്ണവും പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടും കെട്ടിട സൗകര്യം വിപുലപ്പെടുത്താത്തതിനാല്‍ ന്യായാധിപന്മാരും അഭിഭാഷകരും കക്ഷികളും ഒരുപോലെ കഷ്ടപ്പെടുകയായിരുന്നു. ഇതിനിടയില്‍ കാലപ്പഴക്കം കൊണ്ട് കെട്ടിടങ്ങള്‍ ചോര്‍ന്നൊലിക്കാനും തുടങ്ങിയതോടെ ദുരിതം ഇരട്ടിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടി ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിക്കും നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചുവര്‍ഷം മുമ്പ് തന്നെ ഇവിടെ പുതിയ കെട്ടിടം പണിയാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനുവേണ്ടി വിവിധ ഭാഗങ്ങളില്‍ സ്ഥലം കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും അനുയോജ്യമായത് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ നിലവിലെ സ്ഥലത്തുതന്നെ പഴയകെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ഹോസ്ദുര്‍ഗിലെ എല്ലാ കോടതികളും പ്രവര്‍ത്തിക്കാന്‍ സൗകര്യപ്പെടുന്ന വിധം ബഹുനിലകെട്ടിടം പണിയാനാണ് തീരുമാനം. കെട്ടിടത്തിന്റെ പ്ലാന്‍ അംഗീകരിച്ചതോടെ ഉടന്‍ ടെണ്ടര്‍ നടപടിയിലേക്ക് കടക്കും. ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) (രണ്ട്) കോടതികളും മുന്‍സീഫ് കോടതിയും അനുബന്ധകെട്ടിടങ്ങളും പൊളിച്ചുനീക്കിയാണ് പുതിയകെട്ടിടം പണിയുക.
Post a Comment
0 Comments