കാസർകോട്: (www.evisonnew.co)ജില്ലയിൽ സി പി ഐക്കെതിരെ സി പി എം പരസ്യപോരിന്. റവന്യൂമന്ത്രിയും സിപിഐ നേതാവുമായ ഇ. ചന്ദ്രശേഖരന്‍ പങ്കെടുത്ത സര്‍ക്കാര്‍ പരിപാടി സി പി എം ബഹിഷ്‌കരിച്ചു. മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ജില്ലാ തല കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും താക്കോല്‍ ദാനവും പരിപാടിയില്‍ നിന്നുമാണ് എം പിയും എം എല്‍ എമാരുമടക്കം സിപിഎമ്മിന്റെ മുഴുവന്‍ ജനപ്രതിനിധികളും ബഹിഷ്‌കരിച്ചത്.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് അങ്കണത്തിലാണ് തിങ്കളാഴ്ച രാവിലെ പരിപാടി നടന്നത്. പൂര്‍ത്തീകരിച്ച വൈകല്യ സൗഹൃദ ഭവനങ്ങളുടെ താക്കോല്‍ ദാനമാണ് പി. കരുണാകരന്‍ എം പി നിര്‍വ്വഹിക്കേണ്ടിയിരുന്നത്. അദ്ദേഹം പരിപാടിക്കെത്തിയില്ല. പുല്ലൂര്‍ പെരിയ സി.എച്ച്.സി ഫിസിയോ തെറാപ്പി സെന്ററിന്റെ താക്കോല്‍ ദാനം നടത്തേണ്ടിയിരുന്ന കെ. കുഞ്ഞിരാമന്‍ എം എല്‍ എയും ബഡ്‌സ് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിക്കേണ്ട എം രാജ്‌ഗോപാല്‍ എം എല്‍ എയും ആശംസാ പ്രാസംഗികരായ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, നീലേശ്വരം ബ്ലോക്ക് പ്രസിഡണ്ട് വി.പി ജാനകി തുടങ്ങിയവരാണ് പരിപാടിക്കെത്താതിരുന്നത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ.പി ഉഷ ജില്ലാ പഞ്ചായത്തിലുണ്ടായിരുന്നുവെങ്കിലും പരിപാടി അവസാനിക്കാറായ സമയത്ത് എത്തുകയായിരുന്നു. പരസ്യമായി തന്നെ സി പി ഐ യുമായി കൊമ്പുകോർക്കുവാനുള്ള സി പി എം നീക്കം ശക്തമായതോടെ ജില്ലയിൽ പുതിയ രാഷ്ട്രീയ സഹചര്യമാണ് സംജാതമായിരിക്കുന്നത്.

Post a Comment
0 Comments