Type Here to Get Search Results !

Bottom Ad

കുഴല്‍കിണറിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധമാക്കും


കാസര്‍കോട് : (www.evisionnews.co) കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധമാക്കാന്‍ ജില്ലാവികസനസമിതി യോഗം നിര്‍ദ്ദേശം നല്‍കി. രാത്രി 10 മണിക്കുശേഷം കുഴല്‍കിണര്‍ കുഴിക്കാന്‍ അനുവദിക്കരുത്. അനധികൃത കുഴല്‍കിണര്‍ നിര്‍മ്മാണം കര്‍ശനമായി തടയാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ അധ്യക്ഷത വഹിച്ചു. ഭൂജല അതോറിറ്റി ഫീസിബിലിറ്റി റിപ്പോര്‍ട്ടും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയുമുളള കുഴല്‍കിണറുകള്‍ക്കുമാത്രമേ വൈദ്യുതി കണക്ഷന്‍ അനുവദിക്കാവൂ.

അറുപത് റിഗുകള്‍ക്കാണ് ജില്ലയില്‍ കുഴല്‍കിണര്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടുളളത്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട റിഗുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന റിഗുകള്‍ കണ്ടുകെട്ടുമെന്നും ഭൂജലവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

സ്വകാര്യ ടെലികോം കമ്പനികളില്‍ നിന്ന് റോഡ് റിപ്പയറിംഗിനായി കിട്ടിയിട്ടുളള തുക ഉപയോഗിക്കുന്നതിന് ചീഫ് എഞ്ചിനീയര്‍ക്ക് എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. കല്ലടുക്ക- ചെര്‍ക്കള റോഡില്‍ അറ്റകുറ്റപണികള്‍ക്കായി 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് സമര്‍പ്പിച്ചത്. നമ്പ്യാര്‍ക്കല്‍ റിവര്‍ വ്യൂ പാര്‍ക്ക് കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതിനും അനുബന്ധപ്രവൃത്തികള്‍ ടൂറിസം വകുപ്പ് സമര്‍പ്പിച്ച പ്രൊജക്ടിന് അനുമതി ലഭിച്ചാല്‍ നടപ്പാക്കുന്നതിനും യോഗം നിര്‍ദ്ദേശം നല്‍കി. 

ജില്ലയില്‍ 7000 ഇലക്ട്രിക് പോസ്റ്റുകളുടെ കുറവുണ്ടെന്നും ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം കെ എസ് ഇ ബി ഉടന്‍ 600 പോസ്റ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

കാസര്‍കോട് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് 11 കോടി രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും യോഗത്തില്‍ അറിയിച്ചു. . ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

യോഗത്തില്‍ പി കരുണാകരന്‍ എം പി, എംഎല്‍എ മാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, ഗ്രാമപഞ്ചായത് അസോസിയേഷന്‍ പ്രസിഡന്റ് എ എ ജലീല്‍, എ ഡി എം എന്‍ ദേവിദാസ്, ആര്‍ഡിഒ സി ബിജു, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad