ഇന്ത്യയുടെ പിറവിതൊട്ട് വളരെയേറെ വിവാദമുണ്ടാക്കിയ വിഷയമാണ് സംവരണം. പ്രത്യേകിച്ചും സ്വാതന്ത്ര്യസമരത്തിന് നേതൃത്വമേകിയവരും സ്വാതന്ത്ര്യത്തിനുശേഷം ഭരണം കൈയ്യാളിയവരിലും 90 ശതമാനം പേരും സവര്‍ണ്ണരായിരുന്നു. അതുകൊണ്ടു അവരെ സംബന്ധിച്ച് സംവരണമെന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു. പക്ഷെ ചില സംസ്ഥാനങ്ങളില്‍ കേരളത്തില്‍ മഹാരാജാക്കന്മാരുടെ ഭരണകാലയളവിലും സംവരണമുണ്ടായിരുന്നു. മഹാത്മാ ജ്യോതിബാഫൂലെ, ബി.ആര്‍.അംബേദ്കര്‍ എന്നിവരുടെ ശ്രമഫലമായി കോലാഹ്പൂര്‍ മഹാരാജാവ് മഹാരാഷ്ട്രയില്‍ സംവരണം ഏര്‍പ്പെടുത്തി. പെരിയാര്‍ ഇ.വി.രാമസ്വാമി നായ്ക്കരുടെ ഇടപെടലിലൂടെ തമിഴ്നാട്ടിലും സംവരണം യാഥാര്‍ഥ്യമായി. മറ്റു സംസ്ഥാനങ്ങളിലൊന്നും കാര്യമായ സംവരണം ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തിന് ശേഷം കാര്യമായ നീക്കമുണ്ടായത് എസ്.സി, എസ്.റ്റി സംവരണത്തിലായിരുന്നു. മഹാത്മാഗാന്ധിയും അംബേദ്കറും തമ്മിലുണ്ടാക്കിയ പുന ഉടമ്പടിയുടെ ഭാഗമായാണ് സംവരണം നടപ്പായത്. അപ്പോഴും ഒ.ബി.സി സംവരണത്തെ പറ്റി ചിന്തിക്കാന്‍ പോലും അന്നത്തെ ഭരണകൂടങ്ങള്‍ തയ്യാറായില്ല.
26 വര്‍ഷം കോള്‍ഡ് സ്റ്റോറേജില്‍
കേന്ദ്രത്തില്‍ മാത്രമല്ല ഭൂരിഭാഗം സംസ്ഥാനങ്ങളിലും അന്ന് ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സാണ്. ജവഹര്‍ലാന്‍ നെഹ്റു വ്യക്തിപരമായി ഒ.ബി.സി സംവരണത്തിന് എതിരായിരുന്നു. 1954ല്‍ നിയമിച്ച കാക്കകലേല്‍ക്കര്‍ കമ്മീഷനില്‍ വലിയ അഭിപ്രായ വ്യത്യാസമുണ്ടായി. കമ്മീഷന്‍ ചെയര്‍മാന്‍ തന്നെ നെഹ്റുവിനോട് സംവരണം നടപ്പാക്കരുതെന്ന് പറഞ്ഞു. ഇങ്ങനെ 1954 മുതല്‍ 1980 വരെ സംവരണം കോള്‍ഡ് സ്റ്റോറേജിലായി. അടിയന്തരാവസ്ഥയ്ക്കുശേഷം മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ വന്ന ജനതാ പാര്‍ട്ടി സര്‍ക്കാരാണ് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ബിന്ദേശ്വരിപ്രസാദ് മണ്ഡല്‍ കമ്മീഷനെ നിയോഗിച്ചത്. ഈ റിപ്പോര്‍ട്ടിലൂടെയാണ് ഇന്ത്യയില്‍ ആദ്യമായി സംവരണം പൂര്‍ണ്ണമായും നിലവില്‍ വന്നത്.
ജാതിയെന്നാല്‍ വര്‍ഗം
ഇന്ത്യയില്‍ വര്‍ഗ്ഗം എന്നു പറഞ്ഞാല്‍ ജാതിയാണെന്നും അല്ലെങ്കില്‍ ജാതി എന്നു പറഞ്ഞാല്‍ ഒരു വര്‍ഗമാണെന്നുമാണ് മണ്ഡല്‍ കമ്മീഷന്‍ പറഞ്ഞത്. ഇതല്ലാതെ ഹൈന്ദവ സമുദായത്തിലെ ചാതുര്‍വര്‍ണ്യം അടിസ്ഥാനമാക്കിയല്ല സംവരണം നടപ്പാക്കിയത്. ചാതുര്‍വര്‍ണ്യത്തില്‍ നിന്നുടലെടുത്ത സമ്പ്രദായം എല്ലാ മതങ്ങളെയും ബാധിച്ചിട്ടുണ്ട്. സംവരണത്തിന് മണ്ഡല്‍ കമ്മീഷന്‍ പതിനൊന്നോളം മാനദണ്ഡങ്ങള്‍ പറയുന്നുണ്ട്. അതിലൊന്ന് മാത്രമാണ് സാമ്പത്തികം. സാമൂഹികമായും ചരിത്രപരമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങളാണ് കമ്മീഷന്‍ പ്രധാനമായുംചൂണ്ടിക്കാട്ടിയത്. ചേരികളില്‍ താമസിക്കുന്നവര്‍, തൊട്ടുകൂടായ്മ അല്ലെങ്കില്‍ അണ്‍ക്ലീന്‍ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ഉദാഹരണമായിട്ട് തോട്ടികള്‍ അവര്‍ക്കാണ് സംവരണം. അതല്ലാതെ സാമ്പത്തികമായി സംവരണം കണക്കാക്കാന്‍ പറ്റില്ലെന്ന് മണ്ഡല്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍ മണ്ഡലിന്റെ നിരീക്ഷണങ്ങളെ അംഗീകരിക്കുകയായിരുന്നു കോടതി. ഇതില്‍ നിന്നുതന്നെ ഇന്ത്യയില്‍ സാമ്പത്തിക സംവരണമില്ലെന്ന് വ്യക്തമാണ്. മുസ്ലിങ്ങളെ വരെ മണ്ഡല്‍ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ സമുദായത്തെയും ഇതുപോലെ വേര്‍തിരിച്ചിട്ടുണ്ട്. കേരളത്തില്‍ ലത്തീന്‍ സംവരണക്കാരും റോമന്‍ കാത്തലിക് സംവരണമില്ലാത്തവരുമാണ്. ഒരുശതമാനം ഷെഡ്യൂള്‍ഡ് മുസ്ലിങ്ങളും കേരളത്തിലുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ജാതിയെന്ന് പറഞ്ഞാല്‍ വര്‍ഗ്ഗം എന്നാണ്.
ചരിത്രത്തിലെ തിരിച്ചടി
സുപ്രീംകോടതിയിലെ ചില ജഡ്ജിമാരും മോഹന്‍ഭഗവതും പറഞ്ഞതുപോലെ സ്വാതന്ത്ര്യശേഷം ഇവിടെ സംവരണം തുടങ്ങിയിട്ടില്ല. 1980ല്‍ വന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ദിരാഗാന്ധി പൂഴ്ത്തിവെച്ചു. 1990ലെ വി.പി. സിംഗ് സര്‍ക്കാരാണ് ഇതു പുറത്തെടുത്തത്. അതിനുശേഷം ഇന്ത്യയിലെ രാഷ്ട്രീയം തന്നെ ആകെ മാറി. ഇവിടെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അടിപറ്റിയത്. മാര്‍ക്സിയന്‍ തത്ത്വശാസ്ത്രം ഇന്ത്യയുടെ പശ്ചാത്തലങ്ങള്‍ ഉള്‍ക്കൊള്ളുന്നതല്ലെന്ന് അവര്‍ മനസ്സിലാക്കിയില്ല. കമ്മ്യൂണിസത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷ നേതാവും അമ്പതോളം എംപിമാരും ഉണ്ടായിരുന്നു. കേരളം, തമിഴ്നാട്, ആന്ധ്ര, പശ്ചിമബംഗാള്‍ അങ്ങനെ ഇന്ത്യയുടെ പലഭാഗങ്ങളിലും പടര്‍ന്നുപന്തലിച്ച മഹാപ്രസ്ഥാനത്തിന് മണ്ഡല്‍ കമ്മീഷന് ശേഷമാണ് അധോഗതി സംഭവിച്ചത്. ജാതിരാഷ്ട്രീയത്തെ തിരിച്ചറിയാതെ സാമ്പത്തിക സംവരണത്തില്‍ ഉറച്ചുനിന്ന പാര്‍ട്ടിയുടെ നേതൃത്വം മുഴുവന്‍ സവര്‍ണ്ണരായിരുന്നു. പ്രത്യേകിച്ച് ബംഗാള്‍ ഘടകത്തിലെ ഭൂരിഭാഗം പേരും. പോളിറ്റ് ബ്യൂറോ പോലുളളയിടങ്ങളില്‍ ദളിത്, ന്യൂനപക്ഷ പ്രാതിനിധ്യം വിരളമായിരുന്നു. അടുത്തകാലത്താണ് തിരിച്ചറിവുണ്ടായി ചില മാറ്റങ്ങള്‍ വരുത്തിയത്.
ആന്ധ്രയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും വലിയ പിന്തുണക്കാര്‍ കമ്മയെന്ന സവര്‍ണ്ണ സമുദായവും, ബീഹാറില്‍ ഭൂമിഹാറുമായിരുന്നു. മണ്ഡല്‍ വന്നതിനുശേഷം ഈ സമുദായങ്ങളെല്ലാം വേറെ വഴിക്കുപോയി. കമ്മ സമുദായം എന്‍.ടി രാമറാവുവിന്റെ തെലുങ്ക് ദേശത്തിലേക്ക് പോയപ്പോള്‍ തീരആന്ധ്രയിലെ സീറ്റുകളെല്ലാം നഷ്ടപ്പെട്ടു. തെലുങ്കാനയിലെയും ബീഹാറിലെയും ചുവപ്പന്‍ഗ്രാമങ്ങള്‍ ജാതിരാഷ്ട്രീയത്തിലൂടെ വഴിമാറി. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൂടി വന്നതോടെ ന്യൂനപക്ഷങ്ങളുടെ സംവരണം സംബന്ധിച്ച വിഷയവും വന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ജാതി രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിഷയത്തില്‍ രണ്ടുകാഴ്ചപ്പാടാണ് പുലര്‍ത്തിയത്. സുപ്രീംകോടതി ക്രിമിലിയര്‍ നടപ്പാക്കിയപ്പോള്‍ ഇടതുപക്ഷം അതിനെ സ്വാഗതം ചെയ്തു. അതേസമയം മണ്ഡല്‍ കമ്മീഷന്‍ അനുകൂല പാര്‍ട്ടികളെല്ലാ ക്രിമിലിയര്‍ അടിച്ചേല്‍പ്പിക്കരുതെന്നും നിലപാടെടുത്തു. ബംഗാളില്‍ ന്യൂനപക്ഷ സംവരണം ഏര്‍പ്പെടുത്തിയത് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷമാണ്. അതിനുമുന്‍പ് കമ്മ്യൂണിസ്റ്റുപാര്‍ട്ടി അത് കാര്യമായിട്ട് ഏര്‍പ്പെടുത്തിയിരുന്നില്ല. അപ്പോള്‍ ന്യൂനപക്ഷ സംവരണത്തിന്റെ കാര്യത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു.
ഐക്യം പിളര്‍ത്താന്‍ ബി.ജെ.പി
പിന്നാക്കത്തില്‍ മുന്നാക്കമെന്ന തരത്തില്‍ സംവരണത്തെ രണ്ടുതട്ടിലാക്കി ഒ.ബി.സികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ബീഹാറില്‍ എക്സ്ട്രീം ബാക്ക്വാഡ് കമ്മ്യൂണിറ്റി എന്നൊരു വിഭാഗത്തെയും യുപിയില്‍ രാജ്നാഥ് സിംഗ് സര്‍ക്കാര്‍ മോസ്റ്റ്ബാക്ക്വാഡ് കമ്യൂണിറ്റിയുമുണ്ടാക്കി. ഒ.ബി.സികളെ രണ്ടുതട്ടിലാക്കുകയായിരുന്നു ലക്ഷ്യം. ദളിതുകളെ രണ്ടുതട്ടിലാക്കാനായി മഹാദളിത് എന്നൊരു വിഭാഗം കൂടിയുണ്ടാക്കി. ആന്ധ്രയിലെ രണ്ട് ദളിത് വിഭാഗങ്ങളാണ് മാഡികയും മല്ലയും. സംവരണത്തില്‍ മല്ല മാഡികയേക്കാള്‍ മുകളിലാണ്. ഇതുചൂണ്ടിക്കാട്ടി ഇവര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാക്കി. ഇങ്ങനെ ജാതിപരമായിട്ട് രണ്ടുതട്ടിലാക്കുന്ന സമീപനമാണ് മണ്ഡലിന് ശേഷം കണ്ടുവരുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് പിന്നാക്കത്തില്‍ മുന്നാക്കമാണ്. ചില സമുദായങ്ങള്‍ പുരോഗതി കൈവരിച്ചുകഴിഞ്ഞെന്നും അവര്‍ സംവരണ സമുദായങ്ങള്‍ക്കൊപ്പമാണ്, പ്രത്യേകിച്ച് സാമ്പത്തിക മേഖലയില്‍. ഇതില്‍ വിരല്‍ചൂണ്ടുന്നത് ഈഴവ, മുസ്ലിം സമുദായങ്ങള്‍ക്ക് നേരെയാണ്. എന്നാലിത് വസ്തുതാപരമല്ല. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ചാല്‍ തന്നെ ഈ സമുദായങ്ങള്‍ ഇപ്പോഴും പിന്നിലാണെന്നു മനസ്സിലാകും. ചില വ്യക്തികളുടെ ഉയര്‍ച്ച ചൂണ്ടിക്കാണിച്ചു സമുദായത്തിന്റെ മൊത്തം നേട്ടമായി വിലയിരുത്തുന്നത് എങ്ങനെ ശരിയാവും.
പിന്നാക്കം സ്ഥായിയല്ല
ഒരുസമുദായത്തിന്റെയും സംവരണം സ്ഥായിയല്ല. നായര്‍ സമുദായം നാളെ ഒ.ബി.സിയായിട്ടും മാറാം. ഇന്ത്യയില്‍ സംവരണം നോക്കുന്നത് വര്‍ണാശ്രമം പ്രകാരമല്ല. ഒ.ബി.സി കമ്മീഷനുകള്‍ക്ക് മുന്നില്‍ പിന്നാക്കമാണെന്ന് തെളിയിക്കാനായാല്‍ അവര്‍ക്ക് പിന്നാക്ക പദവി നേടിയെടുക്കാനാവും. ഗുജറാത്തിലെ ക്ഷത്രിയ സമുദായത്തെ ഒ.ബി.സിയായി അംഗീകരിച്ചിട്ടുണ്ട് മോദിയുടെ സമുദായവും കുറേക്കാലം മുന്നാക്കമായിരുന്നു. ഇപ്പോള്‍ അവരെ പിന്നാക്കമായിട്ടാണ് പരിഗണിക്കുന്നത്. അപ്പോള്‍ മുന്നാക്കത്തില്‍ നിന്ന് പിന്നാക്കവും തിരിച്ചും പോകാന്‍ ഒരുപ്രശ്നവുമില്ല. ക്ഷത്രിയര്‍ക്ക് അങ്ങനെയാവാമെങ്കില്‍ പിന്നെ ആര്‍ക്കുമാവാം. ഇവിടെയാണ് കേരളത്തിലെ സംവരണത്തിന്റെ വിഷയം വരുന്നത്. കേരളത്തില്‍ നായര്‍, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ പിന്നാക്കാവസ്ഥയുണ്ടെന്ന് പറയുമ്പോള്‍ അവരില്‍ ഏതാനും പേര്‍ക്ക് വേണ്ടി മാത്രം സംവരണം ഏര്‍പ്പെടുത്താന്‍ കഴിയില്ല. ഇന്ത്യയില്‍ മുഴുവന്‍ എടുത്തിട്ടുള്ള മാനദണ്ഡങ്ങളേ അവരുടെ കാര്യത്തിലും എടുക്കാന്‍ കഴിയൂ. കേരളത്തിന് മാത്രമായി ഒരുമാനദണ്ഡം ഉണ്ടാക്കിയാല്‍ അത് കോടതിയില്‍ നിലനില്‍ക്കില്ല. കേരളത്തിലെ നായര്‍ സമുദായത്തിന് സംവരണം കൊടുക്കുന്നതില്‍ എതിരല്ല.
പിന്നാക്ക കമ്മീഷനില്‍ പോയി തങ്ങള്‍ പിന്നാക്കമാണെന്ന് തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞാല്‍, അതായത് മണ്ഡല്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം പിന്നാക്കമാണെന്ന് തെളിയിക്കണം. ഇതേ നായര്‍ സമുദായത്തിന് തുല്യമാണ് വടക്കേയിന്ത്യയിലെ അഷ്റഫി മുസ്ലിങ്ങള്‍ പട്ടാന്‍, മുഗള്‍, സയ്യിദ് ഇവരെല്ലാം മുന്നാക്ക സമുദായമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഇവരും വലിയ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. പക്ഷെ അവര്‍ സാമൂഹ്യപരമായിട്ട് മുന്നിലാണെന്ന് കണക്കിലെടുത്താണ് അവരെ സംവരണത്തില്‍ ഉള്‍പ്പെടുത്താത്തത്. ഇന്ത്യയുടെ ചരിത്രവും സാമൂഹ്യ വ്യവസ്ഥയും ജാതിയും എല്ലാം വളരെ വിഭിന്നമാണ്. മുസ്ലീങ്ങള്‍ക്കിടയില്‍ പോലും ജാതികളുണ്ട്. ഇന്ത്യയില്‍ 54 ശതമാനം മുസ്ലിങ്ങള്‍ മുന്നാക്ക സമുദായമാണ് പരിഗണിക്കുന്നത്.
സാമ്പത്തിക സംവരണമെന്ന കാര്യം നടപ്പാക്കുമ്പോള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം. ഇതല്ലെങ്കില്‍ ഭരണഘടനാ ഭേദഗതി വരുത്തേണ്ടി വരും. അതല്ലാത്ത നീക്കങ്ങളെല്ലാം കോടതി തട്ടിക്കളയുമെന്നത് ജാട്ട് വിഷയത്തില്‍ കണ്ടതാണ്. ആന്ധ്രയില്‍ രാജശേഖര റെഡ്ഡി മുസ്ലിം സംവരണം ആദ്യം കൊണ്ടുവന്നപ്പോള്‍ കോടതി തടഞ്ഞിരുന്നു. മുസ്ലീങ്ങള്‍ പിന്നാക്കമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് എവിടെയെന്നാണ് ചോദിച്ചത്. കേരളത്തില്‍ മുന്നാക്കസമുദായങ്ങളെ സംബന്ധിച്ച ഒരുപഠനവും നടത്തിയിട്ടില്ല. പി.എസ്.സിയുടെ കണക്കനുസരിച്ച 14 ശതമാനമുളള നായന്മാര്‍ ഉദ്യോഗതലത്തില്‍ 32 ശതമാനമുണ്ട്. അതേസമയം സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് 27 ശതമാനമുളള മുസ്ലീങ്ങള്‍ പത്ത് ശതമാനം പോലുമില്ല. നായര്‍ കമ്മ്യൂണിറ്റിയില്‍ എത്രശതമാനം പേരാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത്, ക്രിമിലിയറിന് താഴെയുള്ളത് എന്നതിന്റെ ഒരുപഠനവും നടത്തിയിട്ടില്ല. ഇങ്ങനെയുള്ള കാര്യങ്ങളൊന്നും നിശ്ചയിക്കാതെ ദ്രുതഗതിയില്‍ പ്രത്യേകിച്ച് ദേവസ്വം ബോര്‍ഡ് പോലെ സവര്‍ണ്ണ മേധാവിത്വം വലിയ തോതിലുളള സ്ഥലങ്ങളില്‍ മുന്നാക്കസംവരണം നടപ്പാക്കുമ്പോള്‍ ഭരണഘടനാപരമായി എത്ര നിലനില്‍ക്കുമെന്നത് കണ്ടറിയണം
പുതിയൊരു കമ്മീഷനെ നിയോഗിക്കണം
കേരളത്തിലെ സാഹചര്യങ്ങള്‍ പഠിക്കാന്‍ പിന്നാക്ക കമ്മീഷനെ നിയമിക്കണം. ഈ കമ്മീഷനോടൊപ്പം മോദി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച ജാതി സെന്‍സസ് കൂടി പുറത്തെടുക്കണം. ശേഷം കേരളത്തിലെ സമുദായങ്ങളുടെ അവസ്ഥ പരിശോധിച്ചു ഈ പറയുന്ന വലിയ മുന്നേറ്റം ഈഴവര്‍ക്കും മുസ്ലീങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം. മുന്നാക്കകാര്‍ പറയുന്നത് ശരിയാണെന്നുണ്ടെങ്കില്‍ സാമ്പത്തിക സംവരണം നടപ്പാക്കട്ടെ. ഇത്തരത്തില്‍ ഒരുപഠനം നടത്തിയ ശേഷം വേണം മാക്സിയന്‍ തന്ത്രങ്ങള്‍ ഉപയോഗിക്കാന്‍. അതല്ലെങ്കില്‍ ചരിത്രത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ടായ തിരിച്ചടി ആവര്‍ത്തിക്കാന്‍ ഇടയാക്കും.

Post a Comment
0 Comments