ന്യൂഡല്‍ഹി : പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. ഇന്ധനങ്ങളുടെ വാറ്റ് അഞ്ചു ശതമാനം കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടു. വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ രണ്ട് രൂപ കുറച്ചതിനു പിന്നാലെയാണ് സംസ്ഥാനങ്ങളോട് വാറ്റ് കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്.
വാറ്റിനു പുറമെ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രനികുതിയില്‍നിന്ന് 42 ശതമാനവും കൈപ്പറ്റാറുണ്ട്. ബാക്കിത്തുക സംസ്ഥാനങ്ങളിലേക്കുള്ള കേന്ദ്രപദ്ധതികള്‍ക്കാണ് വിനിയോഗിക്കാറുള്ളതെന്നും പ്രധാന്‍ പറഞ്ഞു. നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതും. നിലവിലെ സാഹചര്യം കണക്കിലെടുത്ത പ്രധാനമന്ത്രി, വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് ധനകാര്യമന്ത്രാലയത്തിനും പെട്രോളിയം മന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയിരുന്നു. ഇതൊരു നഷ്ടമോ നേട്ടമോ ആയി കാണുന്നില്ല. ക്രൂഡ് ഓയില്‍ വിലയും പെട്രോളിയം വിലയും തമ്മില്‍ പത്തു ഡോളറിന്റെ വ്യത്യാസമാണുള്ളതെന്നും പ്രധാന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ധനവില ഉയരുന്നതിനെതിരെ രാജ്യമെങ്ങും കനത്ത പ്രതിഷേധമാണ് നടക്കുന്നത്. ഇതേത്തുടര്‍ന്ന് പെട്രോളിനും ഡീസലിനും രണ്ടു രൂപ കുറച്ചിരുന്നു. മൂന്നു മാസത്തിനകം 7.80 രൂപയാണു പെട്രോളിനു കൂടിയത്.

Post a Comment
0 Comments