കാസർകോട്:അഞ്ചാം പനി (മീസില്‍സ്)- റൂബല്ലാ പ്രതിരോധകുത്തിവെപ്പ് ആരംഭിച്ചു. പള്ളിക്കര സെന്റ് ആന്‍സ് എ.യു.പി.സ്‌കൂളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ നിര്‍വഹിച്ചു.നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ അധ്യക്ഷത വഹിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റേയും സംസ്ഥാന സര്‍ക്കാറിന്റേയും ആഭിമുഖ്യത്തിലാണ് അഞ്ചാംപനി (മീസില്‍സ്), റൂബല്ല എന്നീ രോഗങ്ങള്‍ക്കെതിരേ പ്രതിരോധകുത്തിവയ്പ്പ് നടത്തുന്നത്. ഈ മാസം 24 വരെ ഒന്‍പത് മാസത്തിനും 15 വയസിനുമിടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവയ്പ്പ് നടത്തും.
അഞ്ചാംപനി രോഗം കുട്ടികളില്‍ ന്യുമോണിയ, വയറിളക്കം, മസ്തിഷ്‌ക്കവീക്കം എന്നിവയിലൂടെ മരണത്തിന് കാരണമാകാറുണ്ട്. റൂബല്ലരോഗം(ജര്‍മ്മന്‍ മീസല്‍സ്) ഗര്‍ഭിണികള്‍ക്ക് ബാധിക്കുന്നതിലൂടെ കുഞ്ഞുങ്ങള്‍ക്ക് അന്ധത, ബധിരത, ബുന്ദിമാന്ദ്യം, ഹൃദ്രോഗം എന്നിവയ്ക്കും കാരണമാകുന്നു. ഇവയെ പ്രതിരോധിക്കുന്നതിനാണ് കുട്ടികള്‍ക്ക് സമ്പൂര്‍ണ്ണ പ്രതിരോധമരുന്ന് നല്‍കുന്നത്. മുമ്പ് പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികള്‍ക്കും ഈ അധിക ഡോസ് നല്‍കണം. ഒറ്റ വാക്‌സിന്‍ കൊണ്ട് രണ്ടു രോഗങ്ങളെ തുരത്താം എന്ന സന്ദേശവുമായാണ് പ്രതിരോധ പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 3,21,309 കുട്ടികള്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കുന്നത്. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും ആരോഗ്യസംവിധാനങ്ങളും അങ്കണവാടികളും മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ മരുന്ന് നല്‍കും.

Post a Comment
0 Comments