വിദ്യാനഗര്‍: (www.evisionnews.co) വ്യാജപട്ടയം നല്‍കി ജില്ലാ സഹകരണ ബേങ്കില്‍ നിന്നും രണ്ടര ലക്ഷം രൂപ വായ്പ എടുത്ത യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊളത്തൂര്‍ കോളോട്ടെ വി പ്രദീപി(31)നെയാണ് വിദ്യാനഗര്‍ സി ഐ ബാബുപെരിങ്ങേത്ത് അറസ്റ്റ് ചെയ്തത്. 2014 ഏപ്രിലിലാണ് പ്രദീപ് വ്യാജപട്ടയം വച്ച് ബാങ്കില്‍ നിന്നു വായ്പയെടുത്തത്. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കര്‍ സ്ഥലം പണയപ്പെടുത്തി ജില്ലാബാങ്കിന്റെ പൊയിനാച്ചി ശാഖയില്‍ നിന്നാണ് രണ്ടരലക്ഷം രൂപ പ്രദീപ് വായ്പ എടുത്തത്. വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നിയമ നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതര്‍ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് പട്ടയത്തില്‍ സംശയം തോന്നിയത്. തുടര്‍ന്ന് ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ എം അനില്‍കുമാര്‍ കലക്ടര്‍ക്ക് പരാതി നല്‍കുകയും പിന്നീട് സ്പെഷ്യല്‍ തഹസില്‍ദാര്‍ പി എ വിഭൂഷണന്‍ നടത്തിയ അന്വേഷണത്തില്‍ പട്ടയം വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിനെത്തുടര്‍ന്ന് പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തി കൊളത്തൂരില്‍ വെച്ച് പ്രദീപനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ സ്വകാര്യ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന പ്രദീപ് സമാനരീതിയില്‍ കാസര്‍കോട്ടും തട്ടിപ്പ് നടത്തിയതായി സി ഐ ബാബു പെരിങ്ങേത്ത് പറഞ്ഞു.

Post a Comment
0 Comments