കാസര്‍കോട് : (www.evisionnews.co) 2017-18 വര്‍ഷത്തെ റവന്യു ജില്ലാ കലോത്സവം ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കും . 15 വര്‍ഷത്തിന് ശേഷം നാട്ടിലെത്തുന്ന കൗമാര കലാമേളയ്ക്ക് വന്‍ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് ചെമ്മനാട് ഗ്രാമം.സ്‌കൂള്‍ കലോത്സവത്തെ ഗ്രാമോത്സവമാക്കുന്നതിനായി വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി. നാട്ടിലെ സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തും. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ. യു.പി സ്‌കൂള്‍ ചെമ്മനാട് വെസറ്റ്, ചെമ്മനാട് ജമാഅത്ത് ജംഗ്ലീഷ് മീഡിയം സ്‌കൂള്‍, വൈ. എം. എം. എ ഹാള്‍ എന്നിവിടങ്ങളിലാണ് പ്രധാന വേദികള്‍ ഒരുക്കുന്നത്. ഇതിന് പുറമെ പാര്‍ക്കിങിനും ഭക്ഷണത്തിനുമായി വിപുലമായ സൗകര്യം ഒരുക്കും.
ചന്ദ്രഗിരി പുഴയോരത്ത് വിരുന്നെത്തുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപികരിക്കും. സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ ഈ മാസം 11 രാവിലെ 11ന് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചേരും.
വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹ്യ, രാഷ്ട്രീയ, കലാ കായിക പ്രവര്‍ത്തകര്‍ സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്ന് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments