Type Here to Get Search Results !

Bottom Ad

സംസ്ഥാന അഗ്‌നിശമന സേനയ്ക്ക് ഹെലികോപ്റ്ററിന്റെ സഹായം


തിരുവനന്തപുരം: (www.evisionnews.co)  സംസ്ഥാന അഗ്‌നിശമനസേനയ്ക്ക് അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഇനി ഹെലികോപ്റ്ററിന്റെ സഹായവും. ഹെലികോപ്റ്റര്‍ വാങ്ങുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനും പദ്ധതി നിര്‍ദേശം തയാറാക്കാനും അഗ്‌നിശമനസേനാ മേധാവി ഡല്‍ഹിയില്‍ കേന്ദ്ര ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഹെലികോപ്റ്റര്‍ വേണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അനുകൂലമായ നിലപാടാണ് കേന്ദ്രത്തിനും. ഇതേത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ അഗ്‌നിശമനസേനാ മേധാവികളുടെ യോഗം കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ചേര്‍ന്നു. ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതു സംബന്ധിച്ചു പഠനം നടത്താന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
തീ അണയ്ക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമുള്ള നിലവിലെ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നാണ് അഗ്‌നിശമന സേനയുടെ അഭിപ്രായം. വലിയ കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് അഗ്‌നിശമനസേനാ പ്രവര്‍ത്തകര്‍ പ്രയാസം നേരിടുന്നുണ്ട്. ദുര്‍ഘടമായ മേഖലകളില്‍ ദുരന്തം ഉണ്ടാകുമ്പോഴും ഇതാണ് അവസ്ഥ. കേരളത്തിലെ നഗരങ്ങള്‍ അതിവേഗം വളരുന്ന സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ പോലുള്ള സംവിധാനങ്ങള്‍ ഉണ്ടാകണമെന്നാണ് അഗ്‌നിശമനയുടെ ആവശ്യം.ഫെബ്രുവരി മാസത്തില്‍ തിരുവനന്തപുരത്തെ മുക്കുന്നിമലയില്‍ തീപിടിത്തമുണ്ടായപ്പോള്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകളാണ് രക്ഷയ്‌ക്കെത്തിയത്. ഫയര്‍ എഞ്ചിനുകള്‍ക്ക് സ്ഥലത്തേയ്ക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. വെള്ളായണി കായലില്‍നിന്ന് 80,000 ലീറ്ററോളം വെള്ളമാണ് തീ അണയ്ക്കാനായി ഹെലികോപ്റ്ററില്‍ കൊണ്ടുപോയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad