തിരുവനന്തപുരം:(www.evisionnews.co) ചരിത്രത്തിലാദ്യമായി, എക്സൈസ് ഇൻസ്പെക്ടർ തസ്തികയിലേക്ക് വനിതകളെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. നേരിട്ടുള്ള നിയമനത്തിൽ വനിതകൾക്ക് 15 ശതമാനം ഒഴിവുകൾ നീക്കിവയ്ക്കും. ഇതു സംബന്ധിച്ച ഉത്തരവിൽ എക്സൈസ് അഡീ. ചീഫ് സെക്രട്ടറി ടോം ജോസ് ഒപ്പുവച്ചു. ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
എക്സൈസിലേക്ക് വനിതകളെ നിയമിക്കാൻ തീരുമാനിച്ചത് 2015ലാണ്. ആകെ നിയമനത്തിന്റെ പത്തു ശതമാനമാണ് വനിതകൾക്കായി നീക്കിവച്ചത്. ഇതിനായി കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഇതനുസരിച്ച് ഡ്രൈവർ ഒഴികെയുള്ള എല്ലാ തസ്തികകളിലേക്കും വനിതകളെ നിയമിക്കാമെന്നാണ് വ്യവസ്ഥ. എന്നാൽ, മറ്റുള്ള സംസ്ഥാനങ്ങളിലേതുപോലെ ഇൻസ്പെക്ടർ തസ്തികയിൽ നേരിട്ട് വനിതകളെ നിയമിച്ചിരുന്നില്ല.
എക്സൈസ് ഇൻസ്പെക്ടർമാരുടെ നേരിട്ടുള്ള നിയമനത്തിന് സർക്കാർ തീരുമാനിക്കുകയാണെങ്കിൽ വനിതകൾക്ക് 15 ശതമാനം തസ്തികകൾ സംവരണം ചെയ്യണമെന്നു ജൂൺ മാസത്തിൽ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് ശുപാർശ ചെയ്തിരുന്നു. ഇതാണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്.
നിയമനത്തിനായുള്ള ശാരീരിക യോഗ്യതകളും നിശ്ചയിച്ചിട്ടുണ്ട്. ജനറൽ വിഭാഗത്തിന് 152 സെന്റീമീറ്ററും പട്ടികജാതി–വർഗ വിഭാഗത്തിന് 150 സെന്റീമീറ്ററുമാണ് ഉയരം നിശ്ചയിച്ചിരിക്കുന്നത്.
എക്സൈസിൽ 360 ഇൻസ്പെക്ടർ തസ്തികയാണ് ഇപ്പോഴുള്ളത്. പകുതി തസ്തികകൾ പ്രമോഷനിലൂടെയും മറ്റുള്ളവ നേരിട്ടുമാണ് നികത്തുന്നത്. ഉത്തരവ് നടപ്പിലാകുന്നതോടെ 26 വനിതകൾക്ക് ഇൻസ്പെക്ടർ തസ്തികയിലേക്ക് എത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോൾ 430 വനിതകളാണ് എക്സൈസിൽ സിവിൽ എക്സൈസ് ഓഫിസറായി പ്രവർത്തിക്കുന്നത്. കൂടുതൽപേരെ നിയമിക്കാനുള്ള നടപടികൾ നടന്നുവരുന്നു.

Post a Comment
0 Comments