ആലപ്പുഴ : (www.evisionnews.co) മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയ കാര്യം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട്. കായല്‍ മണ്ണിട്ട് നികത്തിയെന്നു സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് കയ്യേറ്റം കണ്ടെത്തിയിരിക്കുന്നത്. ഭൂഘടനയില്‍ വ്യത്യാസം വന്നതായി തെളിയിക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂനിയമങ്ങളുടെ ലംഘനമുണ്ടായെന്നും വിശദമായ പരിശോധന ആവശ്യമുണ്ടെന്നും കലക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ആലപ്പുഴ കലക്ടര്‍ റിപ്പോര്‍ട്ട് റവന്യൂമന്ത്രിക്ക് കൈമാറി. അതിനിടെ, തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് അനുവദിച്ച നികുതി ഇളവ് ആലപ്പുഴ നഗരസഭ റദ്ദാക്കി. ഇതുവരെ ഇളവായി അനുവദിച്ച തുക തിരിച്ചടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കാന്‍ ഇന്നുചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ തീരുമാനമെടുത്തു. നഗരസഭയില്‍നിന്ന് ഫയല്‍ കാണാതായ സംഭവത്തില്‍ നാലു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി ചെയര്‍മാന്‍ കൗണ്‍സിലിനെ അറിയിച്ചു.

Post a Comment
0 Comments