കെപിഎസ് വിദ്യാനഗര്‍
റിവ്യൂ: (www.evisionnews.co) സൗബിന്‍ ഷാഹിറിന്റെ ആദ്യ ചിത്രം പറവ പ്രേക്ഷക മനസ്സില്‍ കൂടുകൂട്ടികൊണ്ടിരിക്കുകയാണ്.മലയാള സിനിമയില്‍ ആരും പറഞ്ഞിട്ടില്ലാത്ത പ്രാവു പറത്തല്‍ മത്സര കഥ പറഞ്ഞ ചിത്രം സൗബിന്‍ ഷാഹിര്‍ എന്ന പുതിയ മാസ് റിയലിസ്റ്റിക് സംവിധായകനെയാണ് മലയാളത്തിന് സമ്മാനിച്ചത്.14 വര്‍ഷത്തെ സഹസംവിധായക അനുഭവത്തില്‍ നിന്നും മലയാള ചലച്ചിത്ര മനസ്സറിഞ്ഞുകൊണ്ടുള്ള ചിത്രത്തിന് വേണ്ടി സൗബിന്‍ ചിലവഴിച്ചത് രണ്ടു വര്‍ഷമാണ്.രണ്ടുമണിക്കൂറും പതിനേഴ് മിനിറ്റും കഴിയുമ്പോള്‍ തീര്‍ന്നുപോയല്ലോ എന്നോരോ പ്രേക്ഷകനും നിരാശയിലാണ്ടുപോകുന്ന അപൂര്‍വ്വ ചിത്രങ്ങളില്‍ ഒന്ന്.നായിക പ്രാധന്യമില്ലാത്ത ചിത്രത്തില്‍ സിന്ദ്രയും സുറുമിപ്പെണ്ണും ടീച്ചറും പ്രത്യേക ഇടം കണ്ടത്തുമ്പോള്‍ ചിത്രത്തിലെ നായകനാര് എന്നത് ആകെ കുഴപ്പിക്കും.കിട്ടിയ വേഷം തകര്‍ക്കാന്‍ എല്ലാവരും മത്സരിച്ചപ്പോള്‍ സംവിധായകന്‍ നെഗറ്റീവ് റോളുള്ള നടനായും മികവ് തെളിയിച്ചു.ശ്രീനാഥ് ഭാസിയുടെ നെഗറ്റിവ് റോളും കട്ടക്ക് നില്‍ക്കുന്നു.മലയാള സിനിമയ്ക്ക് അധികമൊന്നും ദഹിക്കാത്ത നായകനെ കൊല്ലുക എന്ന അതിസാഹസത്തിനു സൗബിന്‍ മുതിര്‍ന്നപ്പോള്‍ സിനിമയുടെ 20 മിനിറ്റോളം മാത്രമുള്ള ദുല്‍ഖര്‍ തന്റെ പ്രതിഭാപാടവം ഒന്നുകൂടി മിനുക്കിയെടുത്തു.ഇച്ചാപ്പിയായി അമല്‍ ഷായും ഹസീബ് ആയി ഗോവിന്ദ് പൈയും സിനിമക്ക് ശേഷം നമ്മോടൊപ്പം ഇറങ്ങിവരുന്നു.മലയാള സിനിമക്ക് റിയലിസ്റ്റിക് അഭിനയത്തിന്റെ രണ്ടു ബാലോദയങ്ങളെയാണ് പറവയിലെ രണ്ടു പ്രധാന നടന്മാരിലൂടെ സൗബിന്‍ സംഭാവന ചെയ്തത്. മട്ടഞ്ചേരിയുടെ സൗന്ദര്യവും ദൃശ്യങ്ങളിലെ മാജിക്കും ആവാഹിക്കാന്‍ ലിറ്റില്‍ സ്വയപ്പോള്‍ എന്ന നവാഗത ഛായാഗ്രാഹകനായി.താരങ്ങളുടെ പ്രതിഭാ സംഗമത്തിന് വേദിയാകുന്ന ചിത്രത്തില്‍ നിരവധി താരമക്കളും വേഷമിടുന്നു എന്ന പ്രത്യേകതയുണ്ട്.ദുല്‍ഖറിനെയും ശ്രീനാഥ് ഭാസിയെയും കൂടാതെ ഷൈന്‍ നിഗവും(അബിയുടെ മകന്‍) സിനില്‍(സൈനുദ്ധീന്റെ മകന്‍) അര്‍ജുന്‍ (ഹരിശ്രീ അശോകന്റെ മകന്‍) പുതുതലമുറയുടെ സാന്നിദ്ധ്യം മികച്ചതാക്കി.പ്രധാന വേഷത്തിലൂടെ ഷൈന്‍ നിഗം തന്റെ അഭിനയ ഗ്രാഫ് ഒന്നൂടെ ഉയര്‍ത്തി.ഷൈനിന്റെ അകൗണ്ടില്‍ കിസ്മത്തിനും സൈറാ ഭാനുവിനും ശേഷം മറ്റൊരു വിജയ ചിത്രം കൂടിയായി.ഗ്രിഗറിയും,ഷൈന്‍ ടോം ചാക്കോയും,സിദ്ധീഖും,ഹരിശ്രീ അശോകനും,ജാഫര്‍ ഇടുക്കിയും,ഇന്ദ്രന്‍സും വേറിട്ട അഭിനയങ്ങള്‍ കൊണ്ട് ശ്രദ്ധേയമായപ്പോള്‍ സംവിധായകന്‍ ആഷിഖ് അബു തന്റെ രണ്ടാം ചിത്രത്തിലും അഭിനയ മികവു കാട്ടി.പ്രണയവും സൗഹൃദവും പകയും പറയുന്ന ചിത്രത്തിലേ രണ്ടുകഥകളും പ്രേക്ഷകര്‍ ഇരു കയ്യോടെ സ്വീകരിക്കുന്നു.ആക്ഷന്‍ രംഗവും അതിഭാവുകത്വം ഇല്ലാതെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.പ്രാവുകളുടെ പാറക്കലും പ്രണയവും രതിയും വരെ കിറുകൃത്യതയോടെ അവതരിപ്പിക്കുമ്പോള്‍ പ്രാവുകള്‍ തന്നെയാണ് ഇതിലെ പ്രധാന നടന്മാര്‍ എന്ന് ഒരുവേള തോന്നിപോകുന്നു.2017ലെ ഏറ്റവും മികച്ചൊരു റിയലിസ്റ്റിക് ചിത്രത്തിന്റെ പേരാവാന്‍ പറവ ഉയര്‍ന്നുകൊണ്ടിങ്ങനെ പറക്കുകയാണ്.ഒപ്പം മാസ്സ് തിരക്കഥയും ഡയറക്ഷനും കൊണ്ട് സൗബിന്‍ ഷാഹിറും.

Post a Comment
0 Comments