Type Here to Get Search Results !

Bottom Ad

നിബന്ധനകള്‍ ഒഴിവാക്കി: മാഹിയില്‍ ദേശീയപാതയിലെ ബാറുകള്‍ തുറന്നു


മാഹി : (www.evisionnews.co) മാഹിയില്‍ ദേശീയപാതയിലെ മദ്യഷാപ്പുകളില്‍ ചിലതു തുറന്നു. ബാക്കിയുള്ളവ ബുധനാഴ്ച തുറക്കും. ദേശീയപാതയുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പ്പന പാടില്ലെന്ന നിബന്ധന മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ബാധകമല്ലെന്ന സുപ്രീം കോടതി ഉത്തരവു പ്രകാരമാണ് അടച്ചിട്ട ബാറുകള്‍ തുറക്കുന്നത്. കോടതിവിധി പ്രകാരം മാഹിയിലെ മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കി പുതുച്ചേരി എക്‌സൈസ് ഡപ്യുട്ടി കമ്മിഷനര്‍ ഇന്ന് ഉത്തരവിറക്കി.
17 ചില്ലറ വില്‍പനശാലകളും 15 ബാറുകളുമാണു തുറക്കുന്നത്. മാഹി നഗരസഭയുടെ പരിധിയില്‍ ആകെ എഴുപതോളം മദ്യശാലകളാണുണ്ടായിരുന്നത്. ദേശീയപാത കടന്നു പോവുന്ന മാഹി ടൗണില്‍ മാത്രം മുപ്പതിലേറെ മദ്യഷാപ്പുകളുണ്ടായിരുന്നു. ബാക്കി മാഹിയുടെ ഉള്‍പ്രദേശങ്ങളായ പന്തക്കല്‍, പള്ളൂര്‍ മേഖലകളിലും.  വിലക്കുറവു മൂലം പണ്ടു തൊട്ടേ മാഹി മദ്യപരുടെ ഇഷ്ടകേന്ദ്രമാണ്. കേരളത്തില്‍ വിദേശമദ്യത്തിനു നിയന്ത്രണം വന്നതോടെ മാഹിയില്‍ തിരക്കു പിന്നെയും കൂടി. ദേശീയപാതയോരത്തു മദ്യവില്‍പ്പന പാടില്ലെന്ന സുപ്രീം കോടതി ഉത്തരവു പ്രകാരം 2017 മാര്‍ച്ച് 31നാണു മാഹി ടൗണിലെ മദ്യവില്‍പ്പനശാലകള്‍ പൂട്ടിയത്. അതോടെ മാഹി ടൗണിലെ തിരക്കൊഴിഞ്ഞെങ്കിലും പള്ളൂര്‍, പന്തക്കല്‍ ഭാഗങ്ങളില്‍ തിരക്കേറിയിരുന്നു. ടൗണിലെ ബാറുകള്‍ തുറക്കുന്നതോടെ മാഹി ഇനി വീണ്ടും പഴയ മാഹിയാവും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad