Type Here to Get Search Results !

Bottom Ad

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശന വിവാദം:മന്ത്രി കടകംപള്ളിയ്ക്കെതിരെ സംഘടനാ നടപടി ഇല്ല

Image result for ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശന വിവാദംതിരുവനന്തപുരം(www.evisionnews.co) ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ സിപിഎം സംസ്ഥാന സമിതിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനു വിമര്‍ശനം. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണു കടകംപള്ളിക്കെതിരെ പരാമര്‍ശം. വിവാദം ഒഴിവാക്കാന്‍ സ്വയം ശ്രമിക്കേണ്ടതായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. മന്ത്രിയുടെ നടപടി പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശനം ഉയര്‍ത്തിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ക്ഷേത്രദർശന വിവാദത്തിൽ മന്ത്രിക്കെതിരെ സംഘടനാ നടപടി സ്വീകരിക്കേണ്ടെന്ന് സംസ്ഥാന സമിതി തീരുമാനിച്ചു. കടകംപള്ളിയുടെ വിശദീകരണം അംഗീകരിച്ചതാണിത്. ഇത്തരം വിഷയങ്ങളിൽ ജാഗ്രത പാലിക്കണമെന്നും പാർട്ടി നേതൃത്വം കടകംപള്ളിക്കു നിർദ്ദേശം നൽകി. 

മന്ത്രി എന്ന നിലയിൽ ക്ഷേത്രത്തിൽ പോയതിൽ തെറ്റില്ല. വഴിപാട് അടക്കമുള്ള കാര്യങ്ങളിൽ സൂക്ഷ്മത പുലർത്തണമായിരുന്നുവെന്നും വിമർശനമുയർന്നു. പാർട്ടിക്കു മുൻപും ദേവസ്വം മന്ത്രിമാർ ഉണ്ടായിട്ടുണ്ട്. മുന്‍മന്ത്രിമാരുടെ മാതൃക പിന്തുടരണമെന്നും സമിതി നിർദേശിച്ചു. വിഷയത്തിൽ ശ്രദ്ധക്കുറവുണ്ടായെന്നു കടകംപള്ളി യോഗത്തിൽ സമ്മതിച്ചു.

ദേവസ്വം മന്ത്രി കൂടിയായ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ അഷ്ടമിരോഹിണി ദിവസമാണു ഗുരുവായൂര്‍ ക്ഷേത്രദർശനം നടത്തിയത്. മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തി. പിന്നെ, കാണിക്കയിട്ടു സോപാനം തൊഴുതു. കൈവശമുണ്ടായിരുന്ന ബാക്കി തുക അന്നദാനത്തിനും നല്‍കി. ക്ഷേത്രദര്‍ശനത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്നു പൊതുയോഗത്തില്‍ പിന്നീടു പ്രസംഗിക്കുകയും ചെയ്തു. മന്ത്രിയുടെ ക്ഷേത്രദർശനത്തെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തതോടെയാണു സിപിഎമ്മിൽ അതൃപ്തി പുകഞ്ഞത്.
ദേവസ്വം മന്ത്രിയെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുതയുള്ളവരാണു വിവാദങ്ങളുണ്ടാക്കുന്നതെന്നാണു കടകംപള്ളി സുരേന്ദ്രന്‍ ഇതിനോടു പ്രതികരിച്ചത്. കുടുംബാംഗങ്ങള്‍ പണ്ടേ ഭക്തിപ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരാണ്. അവരെ തിരുത്താന്‍ പോയിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. എന്നാൽ, മന്ത്രി ജി. സുധാകരന്‍ മുൻപു ദേവസ്വം മന്ത്രിയായിരുന്നപ്പോൾ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനമോ വഴിപാടോ നടത്തിയിരുന്നില്ല. സിപിഎം നേതാക്കള്‍ പൊതുവെ വിശ്വാസങ്ങളില്‍നിന്ന് അകലം പാലിക്കുമ്പോള്‍ പ്രധാനപ്പെട്ട നേതാവുതന്നെ ക്ഷേത്രദര്‍ശനം നടത്തിയതാണു ചൂടേറിയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്.

അതേസമയം, ഇ.പി. ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യവും സംസ്ഥാന സമിതി ചർച്ച ചെയ്യും. മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ, വേങ്ങര ഉപതിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും പരിഗണിച്ചേക്കാം. ബ്രാഞ്ച് സമ്മേളനങ്ങളുടെ വിലയിരുത്തലും സംസ്ഥാനസമിതിയിലുണ്ടാകും. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad