കാസർകോട് : (www.evisionnews.co) എം.എസ്.എഫ് വി ദ്യാർത്ഥിനി വിഭാഗമായ ഹരിതയുടെ പ്രഥമ ജില്ലാ സമ്മേളനം സെപ്റ്റംബർ 26 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാസർകോട് വനിതാ ഭവനിൽ നടക്കും. എം.എസ്എഫ് ദേശീയ ഉപാധ്യക്ഷയും ഹരിത സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഫാത്തിമ തഹ്‌ലിയ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏതാനും വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് വെച്ച് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം പങ്കെടുത്ത എം.എസ്.എഫ് ക്യാമ്പസ് കോൺഫറൻസിലാണ് ഹരിത സംസ്ഥാന കമ്മിറ്റി രൂപീകൃതമായത്.
ചെറിയ കാലയളവിൽ കലാലയങ്ങളിൽ ഹരിതക്ക് ലഭിച്ച സ്വീകാര്യത ഒരുപാടാണ്. ഫാറൂഖ് കോളേജ് യൂണിയൻ ചെയർപേഴ്സൺ മിന ഫർസാന, വടകര എം.ഇ.എസ് കോളേജ് യൂണിയൻ ചെയർപേഴ്സൺ മുഹ്സിന, മമ്പാട് എം.ഇ.എസ് കോളേജ് യു.യു.സി നജ്‌വ ഹനീന തുടങ്ങിയ നിരവധി യൂണിയൻ സാരഥികളെ വിജയിപ്പിച്ചെടുക്കാൻ ഹരിതയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാർത്ഥിനി നേതാവായി ഫാത്തിമ തഹ്‌ലിയ തെരഞ്ഞെടുക്കപ്പെട്ടത് ഹരിതയുടെ ചരിത്രത്തിലെ പൊൻതൂവലാണ്. ജില്ലയിലെ വിവിധ കോളേജുകളിൽ ഇതിനകം തന്നെ ഹരിത പ്രവർത്തനം സജീവമാണ്. കാസർഗോഡ് ഗവ.കോളേജ്, പൊവ്വൽ എൽ.ബി.എസ് കോളേജ്, തൃക്കരിപ്പൂർ ഇ.കെ നായനാർ മെമ്മോറിയൽ ഗവ.പോളിടെക്‌നിക്, ഐ ടി ഐ കാസർകോട്, ഉദുമ ഗവണ്മെന്റ് കോളേജ്, മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ്, പെരിയ അംബേദ്ക്കർ കോളേജ്, സി കെ നായർ കോളേജ് പടന്നക്കാട്തുടങ്ങിയ ക്യാമ്പസുകളിൽ ഹരിത യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.
'നിശബ്ദരാവരുത് നേരിന്റെ പെൺ പക്ഷം' എന്ന പ്രമേയത്തിൽ നടക്കുന്ന പ്രഥമ ജില്ലാ സമ്മേളനത്തിൽ ഹരിത സംസ്ഥാന ജന.സെക്രട്ടറി മുഫീദ തസ്‌നി, വനിതാ ലീഗ്, മുസ്ലിം ലീഗ് നേതാക്കൾ സംബന്ധിക്കുമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിയും ജന.സെക്രട്ടറി സി.ഐ ഹമീദും അറിയിച്ചു.

Post a Comment
0 Comments