കൊച്ചി : (www.evisionnews.co) ഫിഫ അണ്ടര്‍ -17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കു സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ വാടകമുറികള്‍ 25 മുതല്‍ ഒഴിയണമെന്നു ഹൈക്കോടതി. വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ജിസിഡിഎ 25 ലക്ഷം രൂപ ട്രഷറിയില്‍ അടയ്ക്കണം. നഷ്ടപരിഹാരം നിര്‍ണയിക്കാനും 75% തുക ഉടന്‍ കൈമാറാനുമായി കമ്മിറ്റിയെയും നിയമിച്ചു. കടകള്‍ ഒഴിപ്പിക്കണമെന്ന ഫിഫയുടെ നിര്‍ദേശമനുസരിച്ചു ജിസിഡിഎ നോട്ടിസ് നല്‍കിയതു ചോദ്യം ചെയ്തു സ്റ്റേഡിയത്തിലെ വാടകക്കാരായ എറണാകുളം ചങ്ങമ്പുഴ നഗര്‍ വി. രാമചന്ദ്രന്‍ നായര്‍ ഉള്‍പ്പെടെ 46 വ്യാപാരികള്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. ലോകകപ്പിനു വേണ്ടി ഒക്ടോബര്‍ 25 വരെ കടമുറികള്‍ അടച്ചിടാനാണു നോട്ടിസ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ ഫിഫയ്ക്ക് അവരുടെ സുരക്ഷാ മാനദണ്ഡങ്ങളുണ്ടെന്നും അതു വിട്ടുവീഴ്ചയില്ലാത്തതാണെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷാ സംവിധാനങ്ങളുമായി സഹകരിക്കാന്‍ തയാറാണെന്നു ഹര്‍ജിക്കാരും ബോധിപ്പിച്ചു. സ്ഥാപനങ്ങളെ ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാരിനു വേണ്ടത്ര തയാറെടുപ്പുണ്ടായിരുന്നില്ലെന്നു കോടതി നിരീക്ഷിച്ചു. കളി നടക്കാന്‍ പോവുന്ന കാര്യം രണ്ടു വര്‍ഷം മുന്‍പു ഫിഫയുമായി ചര്‍ച്ച ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കടക്കാര്‍ക്കു മുറി ഒഴിയാന്‍ മൂന്നു മാസം സാവകാശം നല്‍കണമായിരുന്നു.
ഓരോ കടക്കാര്‍ക്കും എത്ര നഷ്ടപരിഹാരം നല്‍കാനാവുമെന്നും കോടതി കഴിഞ്ഞ 16നു നടന്ന വാദത്തില്‍ സര്‍ക്കാരിനോട് ചോദിച്ചു. നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള കമ്മിറ്റി രൂപീകരിക്കുകയാണെങ്കില്‍ അതില്‍ ആരെയൊക്കെ ഉള്‍പ്പെടുത്താനാവും, എത്ര തുക കെട്ടി വയ്‌ക്കേണ്ടി വരും തുടങ്ങിയ കാര്യങ്ങളും കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.
Post a Comment
0 Comments