Type Here to Get Search Results !

Bottom Ad

സ്വപ്ന പദ്ധതിയുമായി മോദി 60 നദികളുടെ സംയോജനത്തിന് 5.5 ലക്ഷം കോടി;


ഡെറാഡൂണ്‍: (www.evisionnews.co)  പ്രളയവും വെള്ളപ്പൊക്കവും ഉള്‍പ്പെടെയുള്ള മഴക്കെടുതികളെയും വരള്‍ച്ച ഉള്‍പ്പെടെയുള്ള വേനല്‍ക്കാല പ്രതിസന്ധികളെയും വരുതിയിലാക്കാന്‍ നദീസംയോജന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ വലിയ നദികളെ പരസ്പരം ബന്ധിപ്പിച്ച് പ്രശ്‌നത്തിനു പരിഹാരം കാണാനുള്ള പദ്ധതിക്ക് അഞ്ചര ലക്ഷം കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്‍കിക്കഴിഞ്ഞെന്നാണു വിവരം.

പുണ്യനദിയായ ഗംഗ ഉള്‍പ്പെടെ 60 നദികളെ സംയോജിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. മഴയെ മാത്രം ആശ്രയിച്ചു കൃഷിയിറക്കുന്ന പൊതുരീതിക്കു പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മാറ്റം വരും. നദികളില്‍ എല്ലാക്കാലത്തും ജലലഭ്യത ഉറപ്പാക്കുകയാണു പദ്ധതിയുടെ മുഖ്യലക്ഷ്യം. പ്രളയകാലത്തു നദികളിലെ അധികജലം കടലിലേക്ക് ഒഴുകിപ്പോകുന്നതിനു പകരം വരണ്ടുകിടക്കുന്ന മറ്റു നദികളിലേക്കാണ് ഒഴുകുക. വരള്‍ച്ചയും കൃഷിനാശവും ഉണ്ടാവില്ല. വെള്ളപ്പൊക്കക്കെടുതികളും നിയന്ത്രിക്കാനാവും. അതേസമയം, പാരിസ്ഥിതിക പ്രശ്നങ്ങളുടെയും സാമ്പത്തിക ബാധ്യതയുടെയും പേരില്‍ യുപിഎ സര്‍ക്കാര്‍ ഒഴിവാക്കിയ പദ്ധതിയാണ് ഇത്.

വര്‍ഷങ്ങള്‍ക്കു ശേഷം കനത്ത മഴ ലഭിച്ച ഈ വര്‍ഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബംഗ്ലദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങളിലും വലിയ വെള്ളപ്പൊക്കവും പ്രളയവും ദുരിതം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണു തന്റെ സ്വപ്ന പദ്ധതികളിലൊന്നായ നദീസംയോജനത്തിന് മോദി തുടക്കം കുറിക്കുന്നത്. നദീ സംയോജനത്തിനൊപ്പം ആയിരക്കണക്കിന് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയും സമാന്തരമായി മുന്നോട്ടു കൊണ്ടുപോകാനാണു കേന്ദ്രത്തിന്റെ നീക്കം.

അതേസമയം, പദ്ധതിക്കെതിരെ പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകരും മൃഗസ്‌നേഹികളും രംഗത്തുണ്ട്. പരിസ്ഥിതിക്കും കടുവ ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്കും പദ്ധതി ഭീഷണി സൃഷ്ടിക്കുമെന്നാണ് ഇവരുടെ പരാതി. തര്‍ക്കം ഒഴിവാക്കുന്നതിനു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പദ്ധതിക്കു തുടക്കമിടാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad