Type Here to Get Search Results !

Bottom Ad

രാജ്യത്തെങ്ങും ശുദ്ധമായ പാചകവാതകം; 'എല്‍പിജി പഞ്ചായത്തു'മായി കേന്ദ്രം


ന്യൂഡല്‍ഹി  : (www.evisionnews.co) രാജ്യത്തെങ്ങും ശുദ്ധമായ പാചകവാതകം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ 'എല്‍പിജി പഞ്ചായത്ത്' എന്ന നൂതന ആശയവുമായി കേന്ദ്ര സര്‍ക്കാര്‍. പഞ്ചായത്തുകള്‍ തോറും പ്രത്യേക സമ്മേളനങ്ങള്‍ വിളിച്ച് എല്‍പിജി പാചകവാതകത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം നല്‍കാനാണ് പദ്ധതി. രാജ്യത്ത് ദാരിദ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷനുകള്‍ നല്‍കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട 'പ്രധാന്‍മന്ത്രി ഉജ്വല യോജന (പിഎംയുവൈ) പദ്ധതിയുടെ ചുവടുപിടിച്ചാണ് 'എല്‍പിജി പഞ്ചായത്തു'കള്‍ സംഘടിപ്പിക്കുക.


അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം എല്‍പിജി പഞ്ചായത്തുകള്‍ സംഘടിപ്പിക്കാനാണ് ശ്രമം. പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം പെട്രോളിയം, പ്രകൃതിവാതക വകുപ്പുമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവര്‍ ചേര്‍ന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ഇസാന്‍പുര്‍മോട്ട ഗ്രാമത്തില്‍ ശനിയാഴ്ച നിര്‍വഹിക്കും. പിഎംയുവൈ പദ്ധതിപ്രകാരം എല്‍പിജി സിലിന്‍ഡറുകള്‍ ലഭിച്ചവര്‍, പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍, എല്‍പിജി വിതരണക്കാര്‍, ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് പരസ്പരം സംവദിക്കുന്നതിനുള്ള വേദിയൊരുക്കുകയാണ് 'എല്‍പിജി പഞ്ചായത്തു'കളിലൂടെ ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുടെ ഗുജറാത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സഞ്ജീവ് ജയിന്‍ വ്യക്തമാക്കി.


എല്‍പിജി സിലിന്‍ഡറുകള്‍ ലഭിച്ചിട്ടുള്ള ഉപഭോക്താക്കള്‍ അതിന്റെ ഗുണങ്ങളും മെച്ചങ്ങളുമെല്ലാം എല്‍പിജി പഞ്ചായത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവരുമായി പങ്കുവയ്ക്കും. എല്‍പിജി പാചകവാതകത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങളും നിര്‍ദ്ദേശങ്ങളും ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വെളിപ്പെടുത്താനും അവസരമുണ്ടാകും. എല്‍പിജി സിലിന്‍ഡറുകളുടെ സുരക്ഷ, സിലിന്‍ഡറുകള്‍ ലഭ്യമാക്കുന്നതില്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം, സിലിന്‍ഡറുകളില്‍ വീണ്ടും  എല്‍പിജി നിറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം തുടങ്ങിയവയെല്ലാം എല്‍പിജി പഞ്ചായത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്.


വ്യക്തിപരമായ അനുഭവകഥകളിലൂടെ എല്‍പിജി പാചകവാതകത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് എല്‍പിജി പഞ്ചായത്തുകളിലൂടെ ലക്ഷ്യമിടുന്നത്. എല്‍പിജി പാചകവാതകം ഉപയോഗിക്കുന്ന കാര്യത്തില്‍ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഇപ്പോഴും ആശങ്കയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എല്‍പിജി പഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad