തൃക്കരിപ്പൂര്‍ (www.evisionnews.in): തൃക്കരിപ്പൂര്‍ ഗവ. ഹൈസ്‌കൂളില്‍ രക്ഷാബന്ധന്റെ പേരില്‍ മതസ്പര്‍ദ വളര്‍ത്താന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നുവെന്ന് ആരോപണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബോധപൂര്‍വമായ കുഴപ്പങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് സംഘ്പരിവാര്‍ സംഘടനകളെന്നും എം.എസ്.എഫ് ആരോപിച്ചു.
'രക്ഷാബന്ധന്‍' പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് കൈയില്‍ രാഖി ധരിക്കുന്നതിന് സ്‌കൂളില്‍ യാതൊരു വിലക്കും നിലവിലില്ല. വിവിധ മതവിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ചില വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് രാഖി സ്വയം പൊട്ടിച്ചു പ്രകോപനങ്ങള്‍ ഉണ്ടാക്കി കുഴപ്പങ്ങളുണ്ടാക്കുകയാണ് പുറമെ നിന്നുള്ള ആര്‍എസ്എസും ബി.ജെ.പിയും ചെയ്തു കൊണ്ടിരിക്കുന്നത്. തന്ത്രപൂര്‍വ്വം സ്‌കൂള്‍ പിടിഎയില്‍ കയറിക്കൂടിയ മുന്‍ 'കര്‍സേവ' അംഗം കൂടിയായ ഒരു രക്ഷിതാവാണ് ഇതിനൊക്കെ നേതൃത്വം നല്‍കുന്നതെന്നും അവര്‍ ആരോപിച്ചു.
പരസ്പര ഐക്യത്തോടെ അധ്യയനം നടത്തി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതസ്പര്‍ദ വളര്‍ത്തുന്ന ഇത്തരം രക്ഷിതാക്കളെ വെച്ചുപൊറുപ്പിക്കാനാവില്ല. വര്‍ഗീയ വിഷം ചീറ്റുന്ന ഈ വ്യക്തിയെ പിടിഎയില്‍ നിന്നും നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. അല്ലാത്ത പക്ഷം കടുത്ത സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എം.എസ്.എഫ് മുന്നറിയിപ്പ് നല്‍കി.
സംഘ്പരിവാര്‍ അനുകൂല വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രകോപനങ്ങളും കുഴപ്പങ്ങളുമുണ്ടാക്കി സ്‌കൂളിന് പേരുദോഷം വരുത്തുക എന്ന അജണ്ടയാണ് ഇത്തരക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ അതിക്രമിച്ചു കയറി അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ആക്രമിച്ച സംഭവം ഇതിനുദാഹരണമാണെന്നും എംഎസ്എഫ് പ്രവര്‍ത്തകര്‍ പറയുന്നു.
സ്‌കൂള്‍ പൂട്ടിക്കുമെന്ന ഹിന്ദു ഐക്യവേദി ജില്ലാ ഭാരവാഹിയുടെ ഭീഷണി ഈ വര്‍ഷത്തെ മികച്ച തമാശയായെ കാണാനാവൂ. ജില്ലാ കലോത്സവം പോലുള്ള പരിപാടികള്‍ കുറ്റമറ്റ രീതിയില്‍ നടത്തി മാതൃകയായിട്ടുള്ള സ്‌കൂളിന്റെ സംരക്ഷണത്തിനും സല്‍പേര് നിലനിര്‍ത്തുന്നതിനും എം.എസ്.എഫ് എന്നും പ്രതിജ്ഞബദ്ധമാണെന്ന് ജില്ലാ സെക്രട്ടറി കുഞ്ഞബ്ദുല്ല ബീരിച്ചേരി, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അന്‍സാര്‍ കടവില്‍, ജനറല്‍ സെക്രട്ടറി അക്ബര്‍ സാദത്ത് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Post a Comment
0 Comments