കാസര്‍കോട് (www.evisionnews.in): വിവിധ കേസുകളില്‍ പിടിച്ചെടുത്ത വാഹനങ്ങളെ കൊണ്ട് ജില്ലയിലെ പോലീസ് സ്റ്റേഷന്‍ പരിസരം നിറയുന്നു. കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, ആദൂര്‍, ബദിയടുക്ക, വിദ്യാനഗര്‍, ബേക്കല്‍, ബേഡകം, രാജപുരം, ഹൊസ്ദുര്‍ഗ്, നീലേശ്വരം തുടങ്ങിയ പോലീസ് സ്റ്റേഷന്‍ പറമ്പുകള്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. നടപടിക്രമങ്ങളിലെ കാലതാമസം മൂലം നിരവധി വാഹനങ്ങളാണ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് തുരുമ്പ് പിടിച്ച് നശിച്ചുകൊണ്ടിരിക്കുന്നത്.
ഇവയില്‍ ഏറെയും മണല്‍ക്കടത്ത് വാഹനങ്ങളാണ്. പിടിച്ചെടുത്ത വാഹനങ്ങളുടെ പെരുപ്പം മൂലം സ്‌കൂള്‍ ഗ്രൗണ്ട് പരിസരവും നിറഞ്ഞിരിക്കുകയാണ്. നിയമം ലംഘിക്കുന്നതിനു പിടികൂടുന്ന വാഹനങ്ങള്‍ സൂക്ഷിക്കാന്‍ ജില്ലയിലെവിടെയും സംവിധാനമില്ല. എല്ലായിടത്തും സ്റ്റേഷന്‍ പരിസരം തന്നെയാണ് ശരണം.
കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങളുടെ പെരുപ്പവും അവ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ 2013ല്‍ ഡി.ജി.പി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിലും നിയമപാലകര്‍ മെല്ലെപ്പോക്ക് നിയമമാണ് ആവര്‍ത്തിക്കുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്. ക്രൈം കേസില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ അത്യാവശ്യ ഘട്ടത്തിലൊഴികെ കോടതിയില്‍ നേരിട്ട് ഹാജരാക്കേണ്ടതില്ലെന്നും പകരം ഫോട്ടോ എടുത്ത് കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്നും ഡി.ജി.പി നിര്‍ദേശിച്ചിരുന്നു. അനധികൃത മണല്‍ വാരലുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പ്രകാരം അധികാരപ്പെട്ട ഓഫീസറായ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ അനന്തര നടപടിക്കായി വാഹനം ഹാജരാക്കണം. മണലെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ കേസ് തീര്‍പ്പാക്കി വിട്ടയക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 1955 ലെ അവശ്യസാധന നിയമപ്രകാരം പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ തീര്‍പ്പാക്കുന്നതിന് കലക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കണം. 2011ലെ കേരള പൊലീസ് ആക്ട് 56, വകുപ്പ് പ്രകാരം ജില്ലാ പോലീസ് സൂപ്രണ്ടിന് വാഹനങ്ങള്‍ തീര്‍പ്പാക്കുന്നതിന് അധികാരം നല്‍കിയിട്ടും വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനിലും പരിസരത്തും നിറഞ്ഞുപതിറ്റാണ്ടുകളായി നശിച്ചു കൊണ്ടിരിക്കുന്നത് നിയമ നടപടികളിലെ കാലതാമസം തന്നെയാണ് വിളിച്ചോതുന്നത്.

Post a Comment
0 Comments