Type Here to Get Search Results !

Bottom Ad

സൗദിയിലെ വിദേശികള്‍ അയച്ച പണം എട്ടുശതമാനം കുറഞ്ഞു


റിയാദ്: വിദേശതൊഴിലാളികള്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ സ്വദേശങ്ങളിലേക്ക് അയച്ച പണത്തില്‍ എട്ടുശതമാനം കുറവ് രേഖപ്പെടുത്തിയതായി സൗദി കേന്ദ്രബാങ്കായ സാമ അറിയിച്ചു. ഏഴുമാസത്തിനിടെ വിദേശികള്‍ അയച്ച പണത്തില്‍ 745 കോടി റിയാല്‍ കുറവുരേഖപ്പെടുത്തിയെന്നും സാമ വ്യക്തമാക്കി.

ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റുവരെയുള്ള ഏഴുമാസം 8,230 കോടി റിയാലാണ് വിദേശതൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 8,975 കോടി റിയാലാണ് അയച്ചത്. 745 കോടി റിയാല്‍ കുറവാണിത്. കഴിഞ്ഞ ജൂലായ് മാസം സൗദിയിലെ ഓരോ വിദേശതൊഴിലാളിയും ശരാശരി അയച്ചത് 925 റിയാല്‍ ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2016-ല്‍ വിദേശികള്‍ അയച്ചത് 15,190 കോടി റിയാലാണ്.

ഇതിനെക്കാള്‍ 500 കോടി റിയാല്‍ കൂടുതലാണ് 2015-ല്‍ അയച്ചത്. കഴിഞ്ഞ വര്‍ഷം വിദേശികള്‍ അയച്ച പണത്തില്‍ മൂന്നുശതമാനമാണ് കുറവുരേഖപ്പെടുത്തിയത്. എന്നാല്‍, ഈ വര്‍ഷം ആദ്യ ഏഴുമാസങ്ങളില്‍ത്തന്നെ എട്ടുശതമാനത്തിന്റെ കുറവാണുള്ളത്. 2015-ല്‍ 8,920 കോടി റിയാലും 2016 ല്‍ 5,960 കോടിയും സ്വദേശി പൗരന്‍മാര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വിദേശങ്ങളിലേക്ക് അയച്ചിരുന്നു. എന്നാല്‍, സ്വദേശികള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കയക്കുന്ന പണത്തില്‍ 33 ശതമാനം കുറവുരേഖപ്പെടുത്തിയതായും സാമയുടെ കണക്കുകള്‍ പറയുന്നു.

ആഗോള എണ്ണവിപണിയിലുണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് സൗദിയില്‍ നടപ്പാക്കുന്നത്. ഇതിനുപുറമേ സ്വദേശിവത്കരണവും സാമ്പത്തികപരിഷ്‌കരണപദ്ധതികളും സമ്പദ്ഘടനയില്‍ പ്രതിഫലിക്കുന്നതാണ് വിദേശികള്‍ അയക്കുന്ന പണത്തില്‍ കുറവുരേഖപ്പെടുത്താന്‍ കാരണമെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad