Type Here to Get Search Results !

Bottom Ad

സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നു കുമ്മനം രാജശേഖരന്‍


തിരുവനന്തപുരം സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് യോഗ്യരായ നൂറുകണക്കിന് വിദ്യാര്‍ഥികളെ സുപ്രീംകോടതി വിധിയിലൂടെ വഴിയാധാരമാക്കിയ ഉത്തരവാദിത്തത്തില്‍ നിന്നും പിണറായി സര്‍ക്കാരിന്, പ്രത്യേകിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് ഒഴിഞ്ഞു മാറാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

പാവപ്പെട്ട സമര്‍ഥരായ വിദ്യാര്‍ഥികളെ, പണമില്ലെന്ന കാരണത്താല്‍ നിരാലംബരാക്കുന്ന ഈ ദുഃസ്ഥിതിക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയും അലംഭാവവുമാണ്. സ്വാശ്രയ മാനേജ്മെന്റുകളുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയും നീക്കുപോക്കുകളില്‍ എത്തുകയും ചെയ്തോ എന്ന സംശയം ഉണര്‍ത്തുന്നതാണ് സര്‍ക്കാരിന്റെ നിലപാടും, സുപ്രീംകോടതി വിധിയും. ഒട്ടേറെ വിദ്യാര്‍ഥികളുടെയും, അവരുടെ രക്ഷിതാക്കളുടെയും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും, മോഹങ്ങളും ആണ് സര്‍ക്കാര്‍ അലംഭാവം മൂലം തകര്‍ക്കപ്പെട്ടത്.

ആരോഗ്യമന്ത്രി എന്ന നിലയില്‍ കെ.കെ.ശൈലജയുടെ കുറ്റകരമായ അനാസ്ഥയും അവരുടെ കഴിവുകേടും വിളിച്ചറിയിക്കുന്ന ഒട്ടേറെ സംഭവങ്ങളുടെ നീണ്ട പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് എല്ലാ സ്വാശ്രയ കോളജുകള്‍ക്കും 11 ലക്ഷം വീതം ഫീസ് പിരിക്കാമെന്ന സുപ്രീംകോടതി വിധി. സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് ഒത്താശ ചെയ്യുന്ന ആരോഗ്യമന്ത്രി പാവപ്പെട്ട വിദ്യാര്‍ഥികളുടെ ഭാവിയാണ് പന്താടുന്നത്.

'സര്‍ക്കാര്‍ ഒപ്പമുണ്ട്' എന്ന ഇടതുമുന്നണി മുദ്രാവാക്യത്തിന്റെ പൊള്ളത്തരം ഒരിക്കല്‍ കൂടി വിളിച്ചറിയിക്കുന്നതാണ് ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഇക്കാര്യത്തിലുള്ള നിസ്സംഗത. ഇതിനെതിരെ പ്രതികരിക്കാന്‍ മൊത്തം വിദ്യാര്‍ഥികളും രക്ഷാകര്‍തൃസമൂഹവും തയാറാകണമെന്നും കുമ്മനം രാജശേഖരന്‍ ആഹ്വാനം ചെയ്തു. ഇക്കാര്യത്തില്‍ ബിജെപി പിന്തുണയും  വാഗ്ദാനം ചെയ്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad