Type Here to Get Search Results !

Bottom Ad

മുത്തലാഖില്‍ സുപ്രിം കോടതി വിധി നാളെ; വിധി പറയുന്നത് അഞ്ചംഗ ഭരണഘടനാ ബെഞ്ച്


ദില്ലി: മുസ്ലിം വിവാഹമോചന രീതിയായ മുത്തലാഖിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രിം കോടതി നാളെ വിധി പറയും. സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. മെയ് മാസം 18 ന് കേസില്‍ വാദം പൂര്‍ത്തിയയതിനെ തുടര്‍ന്ന് ഹര്‍ജി വിധി പറയാന്‍ കോടതി മാറ്റുകയായിരുന്നു. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍എഫ് നരിമാന്‍, യുയു ലളിത്, എസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് ഖേഹറിനൊപ്പം വാദം കേട്ടത്.
അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, ജമാ അത്തെ ഇസ്ലാമി ഹിന്ദ് എന്നീ സംഘടനകളാണ് മുത്തലാഖിന് അനുകൂലമായ കേസില്‍ കക്ഷി ചേര്‍ന്നത്. മുസ്ലിം വിമന്‍സ് ക്വസ്റ്റ് ഫോര്‍ ഇക്വാലിറ്റി, ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി എന്നീ സംഘടനകളാണ് മുത്തലാഖിനെതിരെ ഹര്‍ജി നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ ആണ് മറ്റൊരു കക്ഷി.
മുത്തലാഖിനെതിരെ സുപ്രിം കോടതിയെ സമീപിച്ച ഷൈറാ ബാനുവിന്റെ അഭിഭാഷകന്‍ അമിത് ചധ എനിക്കും എന്റെ സൃഷ്ടാവിനും ഇടയിലെ പാപമാണ് മുത്തലാഖ്’ എന്നാണ് വാദിച്ചത്. മുത്തലാഖ് ഇസ്ലാമികമല്ലെന്നും 1,400 വര്‍ഷം പഴക്കമുണ്ടെന്ന് കരുതി അത് തുടരണമെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത് എന്നും ചധ വാദിച്ചു. രാമന്റെ ജന്മസ്ഥലമാണ് അയോധ്യ എന്ന ഹിന്ദുക്കളുടെ് വിശ്വസം ചോദ്യം ചെയ്യപ്പെടരുതെങ്കില്‍ മുത്തലാഖില്‍ മുസ്ലിങ്ങള്‍ക്കുള്ള വിശ്വാസവും ചോദ്യം ചെയ്യപ്പെടരുത് എന്നായിരുന്നു ഓള്‍ ഇന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനുവേണ്ടി കോടതിയില്‍ ഹാജരായ കപില്‍ സിബല്‍ വാദിച്ചത്.
ഒറ്റയടിക്ക് തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി പാപമാണെന്നും അത് അനുശാസിക്കുന്നവരെ ബഹിഷ്‌കരിക്കണമെന്നും നിര്‍ദേശിക്കുന്ന പ്രമേയം നേരത്തെ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പാസാക്കിയിരുന്നു എന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. മുത്തലാഖില്‍ സ്ത്രീകളുടെ കാഴ്ചപ്പാടിന് പ്രാധാന്യം നല്‍കുന്ന നിര്‍ദേശം എല്ലാ ഖാസിമാര്‍ക്കും നല്‍കുമെന്നും അത് നിക്കാഹ്നാമ കരാറില്‍ ഉള്‍പ്പെടുത്തുമെന്നും വ്യക്തിനിയമ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.
മുത്തലാഖ് മൗലികാവകാശങ്ങളുടെ ഭാഗമാണെങ്കില്‍ അതില്‍ ഇടപെടില്ലെന്ന് വാദത്തിനിടെ കോടതി വ്യക്തമാക്കിയിരുന്നു. ദൈവത്തിന്റെ കണ്ണില്‍ മുത്തലാഖ് പാപമാണെങ്കില്‍ അതെങ്ങനെ നിയമവിധേയമാകുമെന്നും കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. മുത്തലാഖ് ദൈവത്തിന്റെ കണ്ണില്‍ പാപമാണെന്ന് അമിക്കസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദ് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ഈ ചോദ്യം. പാപം ഒരിക്കലും മൗലികമായ അവകാശമല്ല. അനിഷ്ടമായി കാണുന്ന പ്രവൃത്തിക്ക് എങ്ങനെയാണ് നിയമസാധുത നല്‍കാന്‍ കഴിയുകയെന്നും കോടതി ആരാഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad