Type Here to Get Search Results !

Bottom Ad

ജീവനക്കാർക്ക് കൈക്കൂലി നൽകി മദ്യ വിൽപന:നടപടിയുമായി ബെവ്കോ

തിരുവനന്തപുരം:(www.evisionnews.co) മദ്യവിൽപ്പനശാലകളിലൂടെ പ്രത്യേക ഇനം മദ്യം കൂടുതലായി വിൽക്കുന്നതിനു ജീവനക്കാർക്കു കൈക്കൂലി വാഗ്ദാനം ചെയ്യുന്ന മദ്യകമ്പനികൾക്ക് ബവ്റിജസ് കോർപ്പറേഷന്റെ താക്കീത്. ജീവനക്കാർക്കു കൈക്കൂലി നൽകി വിൽപ്പന കൂട്ടാൻ ശ്രമിച്ചാൽ കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തി നിയമ നടപടികൾ സ്വീകരിക്കാനാണു കോർപറേഷന്റെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി കോർപറേഷനുമായി കരാറുള്ള എല്ലാ മദ്യക്കമ്പനികൾക്കും മാനേജിങ് ഡയറക്ടർ എച്ച്.വെങ്കിടേഷ് കത്തയച്ചു.

മദ്യവിതരണത്തിന് കോർപറേഷനുമായി കരാറുള്ള നൂറിലധികം കമ്പനികളുണ്ട്. ഇതിൽ ചില കമ്പനികൾക്കെതിരെ ആരോപണം ഉയർന്നതിനെത്തുടർന്നാണ് ശക്തമായ നടപടിയുമായി കോർപറേഷൻ രംഗത്തെത്തിയത്. വിൽപ്പന കൂടുതലുള്ള ഷോപ്പുകളിലെ ജീവനക്കാർക്ക് പ്രത്യേക ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമ്മാനമായി ദിവസേന 1,500 രൂപവരെ കമ്പനികൾ നൽകാറുണ്ടെന്നു ആഭ്യന്തരപരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു.

ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചാണ് മദ്യകമ്പനികളിൽനിന്ന് ബെവ്കോ മദ്യംവാങ്ങുന്നത്. ഇക്കാരണത്താൽ കച്ചവടം കൂട്ടാൻ മദ്യകമ്പനികൾക്കിടയിൽ ശക്തമായ മത്സരം നിലനിൽക്കുന്നുണ്ട്. ബെവ്കോ ജീവനക്കാർക്ക് മദ്യക്കമ്പനികൾ പണം വാഗ്ദാനം ചെയ്തു കച്ചവടം കൂട്ടാനുള്ള സാധ്യതകളുണ്ട്. അത്തരംസംഭവങ്ങൾ കണ്ടെത്തിയാൽ കമ്പനികൾക്കെതിരെ നിയമപരമായും അല്ലാതെയുമുള്ള നടപടികൾ സ്വീകരിക്കും’ – എംഡിയുടെ ഉത്തരവിൽ പറയുന്നു.


ജീവനക്കാർക്കെതിരെ ചില ഗുരുതരമായ അഴിമതി ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തെറ്റുകാരാണെന്നു കണ്ടെത്തിയാൽ അവർ സർവീസിൽ തുടരില്ലെന്നും വ്യക്തമാക്കി മറ്റൊരു സർക്കുലറും പുറത്തിറങ്ങി.


‘മദ്യത്തിന്റെ വിലയേക്കാൽ കൂടിയവില ഉപഭോക്താക്കളിൽനിന്ന് ഈടാക്കുക, ഉപയോക്താവ് ആവശ്യപ്പെടുന്ന ബ്രാൻഡ് ഉണ്ടായിട്ടും അതു നൽകാതെ മറ്റൊരു  ബ്രാൻഡ് നൽകുക, അടച്ചുപൂട്ടിയ മദ്യശാലകളിലെ സ്റ്റോക്ക് വിൽക്കാതിരിക്കുക തുടങ്ങിയ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എക്സൈസ് കമ്മിഷണറുടെ പരിശോധനയിലും ചില തെറ്റുകൾ കണ്ടെത്താനായി. കുറ്റക്കാരാണെന്നു വ്യക്തമായാൽ പ്രസ്തുത ജീവനക്കാരെ പുറത്താക്കും’– സർക്കുലറിൽ വ്യക്തമാക്കുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad