Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ ഭൂമാഫിയയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നു: യൂത്ത് ലീഗ്


അജാനൂര്‍ (www.evisionnews.co): എല്ലാം ശരിയാക്കാം എന്ന മോഹന വാഗ്ദാനങ്ങളുമായി അധികാരത്തില്‍ വന്ന പിണറായിയുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമാഫിയയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഇഖ്ബാല്‍ വെള്ളിക്കോത്ത്, ജനറല്‍ സെക്രട്ടറി നദീര്‍ കൊത്തിക്കാല്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 

പാവപ്പെട്ട ദളിത് പിന്നോക്കവിഭാഗങ്ങളായിട്ടുള്ള ആയിരക്കണക്കിന് കുടുംബങ്ങള്‍ ഒരുതുണ്ട് ഭൂമിയില്ലാതെ കഷ്ടപ്പെടുമ്പോള്‍ സംസ്ഥാനത്തെ മന്ത്രി തന്നെ റിസോര്‍ട് പണിയാന്‍ ഭൂമി കയ്യേറുന്ന വാര്‍ത്തയാണ് വന്നുകൊണ്ടിരിക്കുന്നത്. ഭരണപക്ഷത്തുള്ള ഒരു എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള അനധികൃതമായി പണിത അമ്യൂസ്‌മെന്റ് പാര്‍ക് ജില്ലാ കലക്ടര്‍ക്ക് പൊളിച്ചുനീക്കേണ്ടി വന്നു. മന്ത്രിമാരും എംഎല്‍എമാര്‍ക്ക് കൊള്ളസംഘങ്ങളായി പ്രവര്‍ത്തിക്കുകയാണ്. 

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് സമരം ചെയ്ത യൂത്ത് ലീഗ് നേതാക്കളെ ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. മന്ത്രിക്കും എംഎല്‍എക്കുമെതിരെ പ്രതിപക്ഷം നിയമസഭയില്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ കുറ്റവാളികളെ ന്യായീകരിച്ച് സംസാരിച്ച മുഖ്യമന്ത്രി താനും സര്‍ക്കാരും മുതലാളിമാര്‍ക്കും ഭൂമാഫിയകള്‍ക്കും ഒപ്പമാണെന്നു തെളിയിക്കുകയാണ് ചെയ്തത്. ഇത് പാവങ്ങളോടുള്ള വെല്ലുവിളിയാണ്. ഭൂമികയ്യേറിയ മന്ത്രിയെ എത്രയും പെട്ടെന്ന് തലസ്ഥാനത്തുനിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യൂത്ത് ലീഗ് നേതാക്കളെ അക്രമിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad