മൊഗ്രാല്‍ (www.evisionnews.in): മൊഗ്രാലില്‍ വാഹനാപകടം തുടര്‍ക്കഥയാവുന്ന ദേശീയപാതയിലെ കൊപ്ര ബസാറില്‍ കള്‍വര്‍ട്ടിനും കുഴിക്കും മുകളിലുള്ള പാര്‍ശ്വഭിത്തി തകര്‍ന്ന് ഒരു പതിറ്റാണ്ടായിട്ടും പുനര്‍നിര്‍മിക്കാത്തത് വിദ്യാര്‍ത്ഥികളടക്കമുള്ള വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാവുന്നു. അപകട ഭീഷണി സംബന്ധിച്ച് നാട്ടുകാരും സന്നദ്ധസംഘടനകളും ദേശീയപാത അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം കുമ്പള മാവിനക്കട്ടയിലെയും പെര്‍വാഡിലെയും കലുങ്കുകളുടെ സമാനമായ പരാതിയിന്മേല്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുമുണ്ട്. ഇത് കൊപ്രബസാര്‍ പ്രദേശവാസികളെ പ്രകോപിതരാക്കിയിട്ടുണ്ട്. ദേശീയപാതയില്‍ വാഹനാപകടം ഏറെയും നടന്നത് കൊപ്രബസാര്‍ കള്‍വര്‍ട്ടിനടുത്തായിട്ടാണ്. കഴിഞ്ഞ ആഴ്ച പോലും കാറുകള്‍ കൂട്ടിയിടിച്ച് വാഹനാപകടം സംഭവിച്ചിരുന്നു. പരിക്കേറ്റവര്‍ ഇപ്പോഴും മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലാണ്.
കള്‍വര്‍ട്ടിന് പാര്‍ശ്വഭിത്തി ഇല്ലാത്തത് കാരണം തൊട്ടടുത്ത മുഹ്യിദ്ദീന്‍ ജുമാ മസ്ജിദ് മദ്രസയിലേക്കും സ്‌കൂളിലേക്കും കാല്‍നടയായി പോവുന്ന വിദ്യാര്‍ത്ഥികള്‍ ഭീതിയോടെയാണ് നടന്നുപോകുന്നത്. ഇരുഭാഗങ്ങളില്‍ നിന്നുമായി വാഹനങ്ങള്‍ വന്നാല്‍ വഴിയാത്രക്കാര്‍ക്ക് മാറിനില്‍ക്കാന്‍ സ്ഥലമില്ല. പാര്‍ശ്വഭിത്തി യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment
0 Comments