Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളജ് ഉക്കിനടുക്കയില്‍ തന്നെ യാഥാര്‍ഥ്യമാകും: ആശങ്ക വേണ്ടെന്ന് എന്‍.എ നെല്ലിക്കുന്നിന് ഹെല്‍ത്ത് സെക്രട്ടറിയുടെ ഉറപ്പ്


കാസര്‍കോട് (www.evisionnews.co): ജില്ലയുടെ സ്വപ്‌ന പദ്ധതിയായ ഗവ. മെഡിക്കല്‍ കോളജിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ നീങ്ങുന്നു. കോളജ് നിര്‍ദിഷ്ട സ്ഥലത്ത് തന്നെ യാഥാര്‍ത്ഥ്യമാകുമെന്നും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ആശുപത്രി കെട്ടിടത്തിനുള്ള നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങുമെന്നും ഹെല്‍ത്ത് സെക്രട്ടറി രാജീവ് സദാനന്ദന്‍ അറിയിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. 

കോളജ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് നബാര്‍ഡില്‍ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് തുടര്‍പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറും കഴിഞ്ഞ ദിവസം നിയമസഭയില്‍ മെഡിക്കല്‍ കോളജ് നിര്‍മാണവുമായി ബന്ധപ്പെട്ട് എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി അറിയിച്ചിട്ടുണ്ട്. കോളജ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് നബാര്‍ഡില്‍ നിന്ന് ഇതിനകം 58.20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടെക്‌നിക്കല്‍ കമ്മിറ്റി എസ്റ്റിമേറ്റില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പുതുക്കിയ എസ്റ്റിമേറ്റ് നിര്‍മാണ മേല്‍നോട്ട ഏജന്‍സിയായ കിറ്റ്‌കോ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് സര്‍ക്കാര്‍ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയിനത്തില്‍ 27.57 കോടി രൂപയും കാസര്‍കോട് പാക്കേജില്‍ നിന്ന് 25.25 കോടി രൂപയും നബാര്‍ഡിന്റെ 64 കോടി രൂപയും അനുവദിച്ച് നിര്‍മാണം തുടങ്ങി. മെഡിക്കല്‍ കോളജിന്റെ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം തുടങ്ങിയെങ്കിലും ടെണ്ടര്‍ ചെയ്ത ആസ്പത്രി കെട്ടിടത്തിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല. പുതിയ സര്‍ക്കാര്‍ ഭരണത്തിലേറിയ അന്ന് തന്നെ മെഡിക്കല്‍ കോളജ് നിര്‍മാണം ഉപേക്ഷിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി സാങ്കേതികത്വം പറഞ്ഞ് നിര്‍മാണ പ്രവൃത്തി നീട്ടികൊണ്ടുപോവുകയായിരുന്നു. അതിനിടെയാണ് മെഡിക്കല്‍ കോളജ് നിര്‍ദ്ദിഷ്ട സ്ഥലത്ത് നിന്നും മാറ്റാനായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും നീക്കം നടന്നത്. ഇത് ഏറെ ആശങ്കക്കിടയാക്കിയിരുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad