കാസർകോട്:(www.evisionnews.co) കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കോഴിക്കോട് ഗവ.ലോ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി ആയ ഖലീൽ ഹുദവി പള്ളം തങ്ങളുടെ റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.ജില്ലാ പഞ്ചായത്തിന് കീഴിലുള്ള നീർച്ചാൽ മുണ്ട്യത്തടുക്ക റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നുവെന്നും ഒരേ സമയം രണ്ട് വാഹനങ്ങൾക്ക് കടന്ന് പോകാനുള്ള വീതിയില്ലെന്നും നേരത്തേ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയ വിഷയമാണെന്നും അടിയന്തിരമായ നവീകരണത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് വിദ്യാർത്ഥി ജില്ലാപഞ്ചായത്ത് പ്രസിഡന്റിനുള്ള തുറന്ന കത്തിൽ സൂചിപ്പിച്ചത്. സുഹൃത്തുക്കളും നാട്ടുകാരും ഏറ്റെടുത്തതോടെ വളരെ പെട്ടെന്ന് തന്നെ പോസ്റ്റിനു വൻ പ്രചാരം ലഭിച്ചു.
മണിക്കൂറുകൾക്കകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീർ വിദ്യാർത്ഥിക്ക് മെസേജായും തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ വീഡിയോ രൂപത്തിലും മറുപടി നൽകി.
കേരളത്തിൽ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ വകുപ്പ് തങ്ങളുടെ കീഴിൽ മെക്കാഡം ടാറിംഗോടു കൂടിയുള്ള പാത ഇരട്ടിപ്പിക്കലിന് തീരുമാനമെടുക്കുന്നത്. നിർഭാഗ്യവശാൽ ചരിത്രപരമായ ഈ തീരുമാനം ഉദ്യോഗസ്ഥരിൽ ചിലരുടെ ഗൂഢാലോചന പ്രകാരം വൈകുകയായിരുന്നു. ജില്ലാ പഞ്ചായത്തിന്റെയും എൻഎ നെല്ലിക്കുന്ന് എംഎൽഎയുടെയും നിരന്തര പരിശ്രമം മൂലം നിലവിൽ ആ കടമ്പകൾ മാറിക്കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. നവംബറോടെ റോഡിന്റെ നവീകരണപ്രവർത്തനം ആരംഭിക്കുമെന്ന് വീഡിയോയിൽ അദ്ദേഹം ഉറപ്പ് നൽകുന്നുമുണ്ട്. ഈ സംഭവമാണ് ഇതിനകം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുള്ളത്. നാടിന്റെ വികസനവിഷയങ്ങളെ ജനമധ്യത്തിൽ തുറന്ന് കൂട്ടാൻ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്ന ഖലീൽ ഹുദവിയെപോലുള്ളവരെയാണ് നാടിന് ആവശ്യം എന്ന് വിദ്യാർത്ഥിയെയും ജില്ലയിലെ ഒരു പൗരൻ ഫേസ്ബുക്കിലൂടെ ഒരു വിഷയം ചൂണ്ടിക്കാട്ടിയപ്പോൾ മണിക്കൂറുകൾക്കകം വിശദീകരണവും ഉറപ്പും നൽകിയ ബഷീർ സാഹിബിനെ പോലുള്ളവരാണ് ജനപ്രതിനിധികൾക്ക് മാതൃകയെന്ന് പ്രസിഡൻറിനെയും പുകഴ്ത്തുകയാണ്. അഭിനന്ദനങ്ങളുമായി ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു.
ഇത്തരം വാഗ്ദാനങ്ങൾ പലതും കേട്ടതാണെന്നും റോഡ് പണി ആരംഭിച്ചാലേ വിശ്വാസമാവുകയുള്ളൂ എന്നും ആശങ്കപ്പെടുന്നവരും ചുരുക്കമല്ല.


Post a Comment
0 Comments