കൊച്ചി : (www.evisionnews.co) ബാലാവകാശ കമ്മിഷന്‍ നിയമനത്തില്‍ മന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നീക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങളാണ് ഡിവിഷന്‍ ബെഞ്ച് നീക്കം ചെയ്തത്. ബാലാവകാശ കമ്മിഷനില്‍ രാഷ്ട്രീയക്കാരെ തിരുകി കയറ്റാന്‍ മന്ത്രി ശ്രമിച്ചെന്ന പരാമര്‍ശമാണ് നീക്കം ചെയ്തിരിക്കുന്നത്. കേസില്‍ മന്ത്രി കക്ഷിയായിരുന്നില്ലെന്നു നിരീക്ഷിച്ച ഡിവിഷന്‍ ബെഞ്ച്, മന്ത്രിയുടെ വാദങ്ങള്‍ കോടതി കേട്ടില്ലെന്നും വ്യക്തമാക്കി. ശൈലജയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ചയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് തീയതി നീട്ടാന്‍ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രികൂടിയായ കെ.കെ.ശൈലജ നിര്‍ദേശിച്ചത് അവര്‍ക്ക് താല്‍പര്യമുള്ളവരെ തിരുകിക്കയറ്റാനാണെന്ന വാദത്തില്‍ കഴമ്പുണ്ടെന്നാണു സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയത്. സിപിഎം പ്രവര്‍ത്തകനായ ടി.ബി.സുരേഷിനെ നിയമിക്കുന്നതിനാണ് ഇതെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ഈ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ടാണു മന്ത്രി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. നിയമനത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനനടപടി നീട്ടിക്കൊണ്ടുപോയ സംസ്ഥാന സര്‍ക്കാര്‍, ഇതേപേരില്‍ സുപ്രീം കോടതിയില്‍ അരലക്ഷം രൂപ പിഴ ഒടുക്കേണ്ടി വന്നിരുന്നു. ബാലാവകാശ കമ്മിഷനിലെ ഒഴിവുകള്‍ ഒരു ദിവസം പോലും വൈകാതെ നികത്തണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിനു വിരുദ്ധമായി നീട്ടിക്കൊണ്ടുപോയതിന്റെ പേരിലാണു പിഴയടയ്ക്കാന്‍ കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് പരമോന്നത കോടതി ഉത്തരവിട്ടത്.
കമ്മിഷനിലെ ആറ് ഒഴിവുകളിലേക്കു കഴിഞ്ഞ നവംബര്‍ എട്ടിനാണു സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചത്. നവംബര്‍ 30 ആയിരുന്നു അവസാന തീയതി. പിന്നീട് അവസാന തീയതി 2017 ജനുവരി 20 വരെ നീട്ടി. ഇതിനിടെ ജനുവരി 19ന് അപേക്ഷകരിലൊരാളായ കോട്ടയം സ്വദേശി ഡോ. ജാസ്മിന്‍ അലക്‌സ് ഹൈക്കോടതിയെ സമീപിച്ചു. സുപ്രീം കോടതിയില്‍ പിഴ കെട്ടിയതിനു പിന്നാലെ ഏപ്രില്‍ 29 നു സംസ്ഥാന സര്‍ക്കാര്‍ ആറംഗങ്ങളുടെ നിയമനം നടത്തിയെങ്കിലും ഇതില്‍ ടി.ബി.സുരേഷ് (വയനാട്), ശ്യാമളാ ദേവി (കാസര്‍കോട്) എന്നിവരുടെ നിയമനമാണു കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയത്.
Post a Comment
0 Comments