കാസര്‍കോട് (www.evisionnews.in): സംസ്ഥാനത്തെ ഏറ്റവും ചെറുപ്പമായ കാസര്‍കോട് ജില്ലക്ക് ഇന്ന് 33 വയസ് തികയുന്നു. കുതിച്ചും കിതച്ചും ഒറ്റക്ക് നടക്കാന്‍ തുടങ്ങിയിട്ട് മൂന്നുപതിറ്റാണ്ടിലധികമായിട്ടും കാസര്‍കോടിന്റെ സ്ഥാനം എവിടെയാണെന്ന് ജില്ലക്കാര്‍ക്ക് നന്നായി അറിയാം. അഭിമാനിക്കാന്‍ ഒത്തിരി എന്തൊക്കെയോ നേടിയെങ്കിലും ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്ന യാഥാര്‍ത്ഥ്യം അപ്രിയസത്യം പോലെ ബാക്കിയാവുകയാണ്.
മൂപ്പത്തിമൂന്നിന്റെ പ്രഭാവത്തില്‍ നില്‍ക്കുമ്പോഴും വികസനത്തില്‍ കുതിച്ച് ചാട്ടമില്ലാതെ അവഗണനകളുടെ ലോകത്താണ് ഇപ്പോഴും കാസര്‍കോട് ജില്ല. സര്‍ക്കാര്‍ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍, നടപ്പില്‍വരുത്തിയ പദ്ധതികള്‍ എന്നിവ വിലയിരുത്തിയാല്‍ ജില്ലയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നാണിപ്പിക്കുന്നതായിരിക്കും. സമഗ്ര വികസനത്തിന് ആവിഷ്‌ക്കരിച്ച കാസര്‍കോട് വികസന പാക്കേജ് അടക്കമുള്ള പദ്ധതികള്‍ പ്രതീക്ഷ പകരുന്നുണ്ടെങ്കിലും പിന്നോക്കാവസ്ഥയുടെ ഒരു ഗന്ധം ഇപ്പോഴും ഇവിടെ മണക്കുന്നുണ്ട്.
കുടിവെള്ളത്തിന് വേണ്ടിയുള്ള കാസര്‍കോട്ടുകാരുടെ മുറവിളിക്ക് ഇനിയും പരിഹാരമായിട്ടില്ല. പരാതികളുടെ പ്രഹേളിക തന്നെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ജില്ലയില്‍ നിന്ന് തലസ്ഥാന നഗരിയിലേക്ക് ഫയലുകളായും റിപ്പോര്‍ട്ടുകളായും പോയിട്ടും ഇന്നും ഉപ്പുവെള്ളത്തിന് പരിഹാരമായിട്ടില്ല. സംസ്ഥാനത്ത് ജലവിതരണ അതോറിറ്റി നടപ്പാക്കിയിട്ടുള്ള മുഴുവന്‍ ജലവിതരണ പദ്ധതികളുടെയും എണ്ണത്തില്‍ ഏറ്റവും കുറവ് (www.evisionnews.in) കാസര്‍കോട്ടാണ്. ജലവിതരണപദ്ധതികള്‍ക്കുള്ള തുക വയിരുത്തുന്ന കാര്യത്തിലും കാസര്‍കോടിനെ ഭരണതലപ്പത്തുകാര്‍ മൈന്റ് ചെയ്യാറില്ല. കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി എന്‍.എ നെല്ലിക്കുന്ന് നിയമസഭയിലെത്തിയ അന്ന് മുതല്‍ ഇന്നുവരെ ഓരോ നിയമസഭ സമ്മേളനത്തിലും കാസര്‍കോട്ടുകാരുടെ കുടിവെള്ള പ്രശ്‌നത്തെ കുറിച്ച് സബ്മിഷനുണ്ടാകും. മന്ത്രിയുടെ ശരിയാക്കാം എന്നുള്ള മറുപടിയും.
കാര്‍ഷിക മേഖലയുടെ കാര്യത്തിലും ആരോഗ്യ മേഖലയിലും കാസര്‍കോടിന് കാര്യമായി പറയാനൊന്നുമില്ല. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയും കാസര്‍കോട്ടെ ജനറല്‍ ആസ്പത്രിയും മാത്രമാണ് ജില്ലയ്ക്ക് ഏകആശ്വാസം. കാര്‍ഷിക വിളകളില്‍ ജില്ലയുടെ മാത്രം കുത്തകയായ അടയ്ക്കക്ക് ഇടയ്ക്കിടെയുണ്ടാകുന്ന വില തകര്‍ച്ചയും അതിനെ ആശ്രയിക്കുന്നവരുടെ കണ്ണീരിലാഴ്ത്തുകയാണ്. അവര്‍ക്ക് വേണ്ട സാമ്പത്തിക പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ താല്പര്യം കാണിക്കുന്നില്ല. കാസര്‍കോടിന്റെ ചിരകാല സ്വപ്‌നമായ മെഡിക്കല്‍ കോളജ് പുതിയതായി ഭരണത്തിലേറിയ ഇടതു സര്‍ക്കാറിന്റെ അവഗണനയുടെ ലിസ്റ്റിലാണ്. (www.evisionnews.in)വിദ്യാഭ്യാസ രംഗത്ത് കുറേയൊക്കെ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര സര്‍വ്വകലാശാല അടക്കമുള്ളവ അതിന്റെ ഉദാഹരണമാണ്. എന്നാല്‍ ഇനിയും ഉപരിപഠനത്തിന് ആവശ്യത്തിന് സീറ്റുകളില്ലാത്തത് കാസര്‍കോടിന്റെ ഒരു ശാപമായി ഇപ്പോഴും തുടരുകയാണ്. ജില്ലയില്‍ ആറോളം യു.പി, എല്‍.പി സ്‌കൂളുകളും രണ്ടു ഹൈസ്‌കൂളുകളും ഇപ്പോഴും വാടകകെട്ടിടത്തിലാണെന്ന് പറഞ്ഞാല്‍ കാസര്‍കോട്ടുകാര്‍ക്ക് അത്ഭുതപ്പെടില്ല. റോഡിന്റെ കാര്യത്തിലും നഗരവികസനത്തിന്റെ കാര്യത്തിലും ജില്ല പിന്നാക്കം തന്നെയാണ്.

Post a Comment
0 Comments