Type Here to Get Search Results !

Bottom Ad

ശിരോവസ്ത്ര നിരോധനം: മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി


കൊച്ചി (www.evisionnews.in): മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രം നിരോധിച്ച് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി. ഈ മാസം 28ന് നടക്കുന്ന പ്രവേശന പരീക്ഷയില്‍ തലമറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ്, എം.എസ്.എഫ് ഹരിത, മെഡിഫെഡ് എന്നിവയും ഫിദ ഫാത്തിമയും ആയിഷ മഷൂറ എന്നീ വിദ്യാര്‍ത്ഥികളുമാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. 

ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന അനുഛേദത്തിന്റെ 21 (ഒന്ന്) ലംഘനമാണ് ശിരോവസ്ത്ര നിരോധനമെന്നും ഇന്ത്യയിലെ ഏതൊരു പൗരനും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ മതാചാരങ്ങള്‍ പിന്‍തുടരാനുള്ള അവകാശമുണ്ടെന്നും അവകാശത്തിന്മേലുള്ള മെഡിക്കല്‍ സയന്‍സിന്റെ കടന്നുകയറ്റമാണെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു മുമ്പ് നീറ്റ് പരീക്ഷയിലും ഇത്തരത്തിലുള്ള നടപടികള്‍ സിബിഎസ്ഇയുടെ ഭാഗത്ത് നിന്നുണ്ടാകുകയും അത് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. 28ന് നടക്കുന്ന പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ അഡ്മിറ്റ് കാര്‍ഡില്‍ നിരോധിത വസ്തുക്കളുടെ ഗണത്തിലാണ് ശിരോവസ്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. സജല്‍ പി. എബ്രഹാം ഹാജരായി. 




Tags

Post a Comment

0 Comments

Top Post Ad

Below Post Ad