Type Here to Get Search Results !

Bottom Ad

സഖാവ്: വിരസമായ ഒരോര്‍മ്മപ്പെടുത്തല്‍ (മൂവി റിവ്യൂ)


അരുണ്‍ ചുള്ളിക്കല്‍
ആന, നല്ലവനായ കള്ളന്‍ തുടങ്ങിയ വിഷയങ്ങളില്‍ മലയാളിക്കുള്ള താല്‍പര്യമാണ് ആ മേഖലകളില്‍ ഇടക്കൊക്കെ കേറി സിനിമയെടുക്കാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്. അത് പോലെ തന്നെ കേരളത്തില്‍ വിറ്റഴിയുന്ന വിഷയമാണ് കമ്മ്യൂണിസം എന്ന തിരിച്ചറിവാണ് സഖാവ് എന്ന സിനിമയുടെ ഇനിയും ഉറച്ചിട്ടില്ലാത്ത നട്ടെല്ല്. 'കുഴപ്പമില്ല' എന്ന് ഒരല്പം ശങ്കയോടെ മാത്രം പറയാന്‍ കഴിയുന്ന ചിത്രം. ലാല്‍സലാം മുതല്‍ അറബിക്കഥ വഴി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് വരെ കണ്ടിറങ്ങിയവര്‍ക്ക് പുതുതായൊന്നും നല്‍കാന്‍ സഖാവിന് കഴിയുന്നില്ല. ഈ സിനിമകളെല്ലാം കൈകാര്യം ചെയ്ത ഓര്‍മ്മപ്പെടുത്തലുകള്‍ ഒന്നു കൂടി പറയാന്‍ നടത്തിയ ഒരു ശ്രമമാണ് സഖാവ്. അതും പറ്റാവുന്നത്ര വിരസമായി തന്നെ. പിന്നെ ആരാണ് സഖാവ്? എന്താണ് കമ്മ്യൂണിസം? എന്നിവയ്ക്ക് വാക്കുകള്‍ കൊണ്ടാമ്മാനമാടി നല്‍കുന്ന ഉത്തരങ്ങളുടെ ഒരു കലവറ. അതിനപ്പുറം 'നെട്ടൂരാന്‍ വിളിച്ചത്ര മുദ്രാവാക്യങ്ങളൊന്നും' ഈ സഖാവ് വിളിക്കുന്നില്ല.



നിവിന്‍ പോളിക്ക് ഒരല്പം വെല്ലുവിളി ഉയര്‍ത്തിയെന്നത് ഈ സിനിമയുടെ ഒരു നല്ല ഭാഗമാണ്. സഖാവ് കൃഷ്ണന്റെ യുവത്വം കുഴപ്പമില്ലാതെ പിടിച്ചു നിര്‍ത്തിയ നിവിന് പക്ഷെ സഖാവിന്റെ വാര്‍ദ്ധക്യം കൈ വിട്ടു പോയി. എങ്കിലും അദ്ദേഹത്തിന്റെ ശ്രമം അഭിനന്ദനാര്‍ഹമാണ്. പക്ഷാഘാതം ബാധിച്ചാല്‍ ചുണ്ടു കോടുമെന്നതും സംസാരം ശ്രമകരമായ അവതരിപ്പിക്കണമെന്നതും കൊച്ചു കൊച്ചു ഡയലോഗുകളില്‍ നിവിന് അവതരിപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കിലും ദൈര്‍ഘ്യമുള്ള സംഭാഷങ്ങളില്‍ നിവിന് തന്റെ ഉള്ളിലെ നിവിനെ അടക്കി നിര്‍ത്താന്‍ കഴിയാതെ പോയി. എങ്കിലും അദ്ദേഹം തന്റെ ശ്രമങ്ങള്‍ തുടരട്ടെ എന്നാശംസിക്കുന്നു.




അല്‍ത്താഫിന്റെ തമാശകള്‍ ഇടക്ക് പൊട്ടുന്നുണ്ടെങ്കിലും സിനിമയ്ക്ക് പൊതുവായുള്ള വേഗതക്കുറവ് ആ തമാശകളെയും നനഞ്ഞ പടക്കങ്ങളാക്കി കളയുന്നു.അഭിനയത്തില്‍ ജാനകിയെ അവതരിപ്പിച്ച ഐശ്വര്യ രാജേഷാണ് മികച്ച ഒതുക്കം കാണിച്ചിരിക്കുന്നത്. ഒരു പക്ഷെ നിവിന് നേരെ നോക്കി പഠിക്കാവുന്ന ഒന്നായിരുന്നു ഐശ്വര്യയുടെ പ്രകടനം എന്ന് തന്നെ പറയാം. അപര്‍ണ്ണ ഘോഷ് സ്ഥിരം സാമൂഹ്യപ്രവര്‍ത്തനവുമായി വന്നത് കൊണ്ട് കാര്യമായി ശ്രദ്ധിക്കേണ്ടി വന്നില്ല. ബാക്കിയുള്ളവരൊക്കെ വലിയ പരിക്കില്ലാതെ തങ്ങളുടെ വേഷങ്ങള്‍ അവതരിപ്പിച്ചു.




തിരക്കഥ വല്ലാതെ വലിഞ്ഞു നീളുന്നത് കഥ പറയാനുള്ള സിദ്ധാര്‍ത്ഥ് ശിവയുടെ കഷ്ടപ്പാടിനെ തുറന്ന് കാണിക്കുന്നു. ഇടതുപക്ഷ സിനിമകളുടെ സ്ഥിരം ചേരുവകളും രംഗങ്ങളും മനസ്സില്‍ ഉള്ളതു കൊണ്ടാകും'വാട്ടീസ് നെക്സ്റ്റ്' എന്ന ചോദ്യം ചോദിച്ച് പ്രേക്ഷകന്‍ വിരലെണ്ണിയിരിക്കുന്നത്. സഖാവിനെ ഗ്ലോറിഫൈ ചെയ്യാന്‍ വേണ്ടി മാത്രം തുന്നി ചേര്‍ത്ത സംഭാഷങ്ങളും സംഭവങ്ങളുമാകട്ടെ വല്ലാതെ മുഴച്ച് നില്‍ക്കുന്നു. സിദ്ധാര്‍ത്ഥ് ശിവ കുറച്ച് സമയം കൂടി കഥയുടെ കൂടെ കുത്തിയിരുന്ന് ആവശ്യമുള്ളത് മാത്രം ചെത്തിമിനുക്കിയെടുത്തിരുന്നെങ്കില്‍ കുറഞ്ഞ പക്ഷം ഈ മുഴപ്പുകളെങ്കിലും പരിഹരിക്കാമായിരുന്നു. പ്രത്യേകിച്ചും ഇത് പോലെ ആവര്‍ത്തനമാകുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കഥയ്ക്ക് ഒരുമിനുക്കു പണി വേണ്ടത് അത്യാവശ്യവുമായിരുന്നു. പഞ്ച് ഡയലോഗുകള്‍ കൊള്ളാം. ഇലക്ഷന്‍ വരുമ്പോള്‍ സൈബര്‍ സഖാക്കള്‍ക്ക് ട്രോള്‍ ചെയ്യാന്‍ ഉപകാരപ്പെടും.




ക്യാമറ കാഴ്ചകളും പുതുതായി ഒന്നും നല്‍കിയില്ല. സൂര്യന്റെ നേരെ പാറിപ്പറക്കുന്ന ചുവന്ന പതാക മുതല്‍ കണ്ണന്‍ ദേവന്‍ പരസ്യകാലം മുതല്‍ കണ്ടു ശീലിച്ച തേയില തോട്ടങ്ങള്‍ വരെ എല്ലാം ഒരേ ഫ്രെയിം,ഒരേ കാഴ്ച. താണ്ഡവത്തിന്റെ ചടുലതയും മാര്‍ച്ച് പാസ്റ്റിന്റെ ബീറ്റുമായാല്‍ കമ്യൂണിസ്റ്റ് ഫീലായി എന്നത് കൊണ്ടാകാം സംഗീതവും പശ്ചാത്തല സംഗീതവും പരമ്പരാഗത പാതകള്‍ കൈവെടിയാതിരുന്നത്. ജാനകി എന്ന കഥാപാത്രത്തിന് ചേരാത്ത പിന്നണി ശബ്ദം: അതെന്തിനായിരുന്നു എന്ന് ഇപ്പോഴും മനസിലാകുന്നില്ല. കുറഞ്ഞ പക്ഷം ജാനകിക്ക് ലിപ്‌സ് കൊടുക്കാതെ ആ പാട്ടിനെയങ്ങ് വെറുതെ വിടാമായിരുന്നു. അങ്ങിനെയെങ്കില്‍ ആ കല്ലുകടി ഒഴിവാക്കാമായിരുന്നു. സ്‌കൂള്‍ നാടകങ്ങള്‍ക്ക് ചെറിയൊരു വെല്ലുവിളി ഉയര്‍ത്തി യ ഒന്നായി മെയ്ക്ക് അപ്പ്. അല്ലെങ്കില്‍ മുടി നരപ്പിച്ചാല്‍ മാത്രം മതി പ്രായം കൂട്ടാന്‍ എന്ന ചിന്തയുമായി മെയ്ക്കപ്പ് മാന്‍ നിവിനെ പ്രേക്ഷകരുടെ മുന്നിലേക്ക് തള്ളി വിടില്ലായിരുന്നു. അതെ പോലെ തന്നെ മുടി സെറ്റ് ചെയ്തതാകട്ടെ ഒറ്റനോട്ടത്തില്‍ തന്നെ കൃത്രിമമായി തോന്നുന്ന വിധത്തിലും.




ക്ലൈമാക്‌സ് അപ്രതീക്ഷിതമല്ലെങ്കിലും സംഗതി ഒരു കണക്കിന് ദോഷം പറയാത്ത വണ്ണം ഒപ്പിച്ചിച്ചെടുത്തിട്ടുണ്ട്. പക്ഷെ ആ പ്രായമായ മനുഷ്യനെ കൊണ്ട്, അതും പക്ഷാഘാതം വന്ന ഒരാളെ കൊണ്ട് ഒരു പറ്റം ഗുണ്ടകളെ ഒക്കെ മലര്‍ത്തിയടിപ്പിക്കണമായിരുന്നോ? ആ ഫൈറ് സീനില്‍ അടിക്കുന്നത് സഖാവാണോ രജനീകാന്താണോഎന്ന് പ്രേക്ഷകന്‍ അറിയാതെ ചോദിച്ചു പോകും വിധം അവിശ്വസനീയമായ സ്റ്റണ്ട്. 'സഖാവിന്റെമനക്കരുത്ത്' എന്നൊക്കെ പറഞ്ഞ് തടിതപ്പാമെങ്കിലും ഈ മനക്കരുത്തിനും ഒരു പരിധിയൊക്കെയില്ലേ? ഇങ്ങനെ ചില അതിശയോക്തികളൊക്കെ നിരത്തി വെച്ചതും സഖാവിന് വിനയാകുന്നുണ്ട്. എന്തായാലും സംഗതി സിനിമയുടെ പേര് സഖാവ് എന്നായതു കൊണ്ടും സിനിമ ഇടത് രാഷ്ട്രീയമായതു കൊണ്ടും സഖാവ് ബോക്‌സ്ഓഫീസില്‍ മൂക്കു കുത്തി വീഴില്ല. അതിന് കേരളത്തിന്റെ ഇടതുപക്ഷ സ്‌നേഹം തന്നെ ഗ്യാരണ്ടി. എങ്കിലും ഒരു ചോദ്യം രാഷ്ട്രീയമായി അവശേഷിക്കുന്നു.




'കാറ്റ് ഇടത്തോട്ട് വീശുന്ന സമയം നോക്കി സിനിമയുടെ പരസ്യനോട്ടീസില്‍ പൊതിഞ്ഞു വില്‍ക്കാനുള്ള ചൂടുകപ്പലണ്ടിയാണോ സര്‍ ഈ കമ്യൂണിസം എന്ന് പറയുന്നത്?'' ഈ ചോദ്യം സിനിമാക്കാരോട് മാത്രമല്ല, ഇത്തരം സിനിമകളുടെ റോഡ് ഷോയ്ക്ക് കൊടിവീശുന്നവരോടും കൂടിയുള്ളതാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad