കൊച്ചി (www.evisionnews.in): രാജ്യത്തെ എല്ലാ ജയിലുകളിലും തടവുകാരെ കാണാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ഉത്തരവ്. ഫെബ്രുവരി 17ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശമനുസരിച്ച് സംസ്ഥാന ജയില്‍ എ.ഡി.ജി.പി.ആര്‍. ശ്രീലേഖ വെള്ളിയാഴ്ചയാണ് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് സര്‍ക്കുലര്‍ അയച്ചത്. തീവ്രവാദ ബന്ധമുള്ളവര്‍ ജയിലില്‍ തടവുകാരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ കൈമാറുന്നെന്ന സംശയത്തെത്തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സൂചന.
ആധാര്‍ കാര്‍ഡില്ലാത്ത ആരേയും തടവുകാരെ കാണാനനുവദിക്കരുതെന്ന നിര്‍ദേശം സര്‍ക്കുലര്‍ കിട്ടി പത്തുദിവസത്തിനുശേഷം കര്‍ശനമായി നടപ്പാക്കും. തടവുകാരെ കണ്ട് സംസാരിക്കണമെങ്കില്‍ വേറെയും കര്‍ശന നിബന്ധനകള്‍ പാലിക്കണം. തടവുകാരന്‍ ജയിലില്‍ പ്രവേശിക്കുന്ന സമയത്ത് തന്നെ വന്നുകാണാന്‍ സാധ്യതയുള്ള ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ പേരും ബന്ധവും എഴുതിക്കൊടുക്കണം. ജയിലില്‍ സൂക്ഷിക്കേണ്ട ഈ രേഖയനുസരിച്ച് മാത്രമേ സന്ദര്‍ശകരെ അനുവദിക്കാന്‍ പാടുള്ളൂ.
സന്ദര്‍ശകര്‍ വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍മാത്രമേ സംസാരിക്കാവൂ. ജയിലിലെ അച്ചടക്കം, മറ്റ് തടവുകാരെ സംബന്ധിച്ച വിവരങ്ങള്‍, രാഷ്ട്രീയം എന്നിവ സംസാരിക്കാന്‍ പാടില്ല. ഒരു സമയത്ത് മൂന്ന് സന്ദര്‍ശകരിലധികം പാടില്ല. തടവുകാരെ അവരുടെ സാധാരണജീവിതത്തിലേക്ക് തിരികെവരുത്താന്‍ സഹായകമാണ് സന്ദര്‍ശനം എന്നും ജയിലിലെ അച്ചടക്കത്തിന് അത് പ്രശ്‌നം സൃഷ്ടിക്കില്ലെന്നും ജയില്‍ സൂപ്രണ്ട് ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Post a Comment
0 Comments