ന്യൂഡല്‍ഹി : (www.evisionnews.in) മലിനീകരണ നിയന്ത്രണ നിയമപ്രകാരം ഭാരത് സ്റ്റേജ് 3 (ബിഎസ്-3) വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കുന്നതിനു നിരോധനം. ഇനി ബിഎസ്-4 വാഹനങ്ങള്‍ മാത്രമേ വില്‍ക്കാനാകൂ. നിലവില്‍ സ്റ്റോക്കുള്ള ബിഎസ്-3 വാഹനങ്ങള്‍ വില്‍ക്കാന്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വാഹന നിര്‍മാതാക്കളും ഡീലര്‍മാരുമാണ് കോടതിയെ സമീപിച്ചത്. വാണിജ്യതാല്‍പ്പര്യമല്ല, ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്നു കോടതി നിരീക്ഷിച്ചു. എട്ടു ലക്ഷത്തോളം വാഹനങ്ങള്‍ സ്റ്റോക്കുണ്ടെന്നും ഇതു വിറ്റഴിക്കാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. സ്റ്റോക്കുള്ള വാഹനങ്ങള്‍ വിറ്റഴിക്കാന്‍ ഒരു വര്‍ഷമെങ്കിലും സമയം വേണ്ടിവരുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. 2015ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനമാണ് 2017 ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ് 4 വാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങാനും വില്‍ക്കാനും പാടുള്ളൂ എന്നു നിഷ്‌കര്‍ഷിക്കുന്നത്. സുപ്രീംകോടതിയുടെ പരിസ്ഥിതി കമ്മിറ്റി ഇതുസംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബിഎസ്-3 വാഹനങ്ങള്‍ ഒരു കാരണവശാലും ഏപ്രില്‍ ഒന്നിനുശേഷം നിരത്തിലിറക്കേണ്ടെന്ന റിപ്പോര്‍ട്ടാണ് ഇവരും നല്‍കിയത്.

Post a Comment
0 Comments