തിരുവനന്തപുരം: (www.evisionnews.in) എംഎല്‍എ ഹോസ്റ്റല്‍ കന്റീന്‍ ജീവനക്കാരനെ പി.സി.ജോര്‍ജ് മര്‍ദ്ദിച്ചെന്ന് പരാതി. ഊണ് കൊണ്ടുവരാന്‍ 20 മിനിറ്റ് വൈകിയതിനു കഫേ കുടുംബശ്രീ ജീവനക്കാരനായ വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്നാണ് ആരോപണം. കണ്ണിനും ചുണ്ടിനും പരുക്കേറ്റിട്ടുണ്ട്.
പി.സി.ജോര്‍ജിന്റെ വിശദീകരണം
താന്‍ ആരെയെങ്കിലും തല്ലിയെന്ന ആരോപണം ലോകത്താരും വിശ്വസിക്കില്ല. ഉച്ചയ്ക്ക് ഒന്നരയോടെ താന്‍ ഹോസ്റ്റലിലെത്തിയതാണ്. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ കന്റീനില്‍ വിളിച്ച് ചോറുകൊണ്ടുവരാന്‍ അറിയിച്ചു. എന്നാല്‍ രണ്ടു മണി കഴിഞ്ഞിട്ടും അവര്‍ ചോറ് എത്തിച്ചില്ല. നാല്‍പ്പതുമിനിട്ട് കഴിഞ്ഞിട്ടും ചോറെത്തിക്കാത്തതിനെ തുടര്‍ന്ന് ചെറുതായി വഴക്കുപറഞ്ഞിരുന്നു. എവിടായിരുന്നു നീയെന്ന് ഞാന്‍ അവനോട് ചോദിച്ചു. എന്നാല്‍ അതവന് ഇഷ്ടപ്പെട്ടില്ല. ഒരുമാതിരി ചെകുത്താനെപ്പോലെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. എന്നിട്ടും താന്‍ ഒന്നും പറഞ്ഞില്ല. ഒരാള്‍ക്ക് ഊണ് ചോദിച്ചിട്ട് നാലുപേര്‍ക്കാണ് കൊണ്ടുവന്നത്. അതുകണ്ടപ്പോള്‍ മറ്റാരുടെയോ ചോറല്ലേ, അവര്‍ക്കു കൊണ്ടുകൊടുക്കെടായെന്നു കുറച്ചു കടുപ്പിച്ചു പറഞ്ഞു. അപ്പോള്‍ അവന്‍ ഇവിടെ കറിയില്ലെന്നു പറഞ്ഞു. തുടര്‍ന്ന് നീ കറിയുടെ കാര്യം ചോദിക്കെണ്ടാ ചോറെടുത്തുകൊണ്ടു പോകാന്‍ പറഞ്ഞു. പോടായെന്നു പറഞ്ഞത് അവന് ഇഷ്ടപ്പെട്ടില്ല. വേറെയാരെങ്കിലുമായിരുന്നേല്‍ തലയ്ക്കിട്ടൊന്നു കൊടുത്തേനെ. അത്ര മോശമായിട്ടാണ് അവന്‍ പെരുമാറിയത്. പരുക്കുണ്ടെങ്കില്‍ അതെവിടുന്നു കിട്ടിയെന്ന് ഞാന്‍ അന്വേഷിക്കാം. സ്പീക്കര്‍ക്ക് കത്തുനല്‍കും. മുഖത്തു പരുക്കോ, ഞാനെന്താ പിച്ചാത്തിയും കൊണ്ടു നടക്കുകയായിരുന്നോ. ഇങ്ങനെയൊന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഇവനെ തല്ലാന്‍ എനിക്കെന്താ കാര്യം. എനിക്ക് സംയമനം പാലിക്കേണ്ട കാര്യമില്ല. നാല്‍പ്പത് മിനിട്ടാണ് ചോറുകൊണ്ടുവരാന്‍ വൈകിയത്. അങ്ങനെയായാല്‍ ഇനിയും ചോദിക്കും – ജോര്‍ജ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് മനു പറയുന്നത്
കന്റീനിലുണ്ടായിരുന്നത് പുതിയ ആളുകളായിരുന്നതിനാല്‍ തന്നോട് ചോറു കൊണ്ടുപോകാന്‍ പറയുകയായിരുന്നു. തിരക്കായതിനാല്‍ അല്‍പം വൈകിയാണ് അവിടെയെത്തിയത്. അവിടെ ചെന്നപ്പോള്‍ പി.സി.ജോര്‍ജ് ഒരു വനിത സ്റ്റാഫിനെ വിളിച്ച് ചീത്ത വിളിക്കുന്നതാണ് കേട്ടത്. എന്നെ കണ്ടപ്പോള്‍ ഫോണ്‍ കട്ടുചെയ്ത് എന്ന് അടുത്തുവിളിച്ചു. ചീത്ത വിളിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. അവിടെ തിരക്കായതുകൊണ്ടാണ് താമസിച്ചതെന്നും പറഞ്ഞു. അപ്പോഴേക്കും ജോര്‍ജ് എഴുന്നേറ്റു വന്ന് അടിച്ചു. പിന്നാലെ പിഎയും രണ്ടുമൂന്നടിയടിച്ചു. പിന്നെ ഡ്രൈവറാണ് പിടിച്ചുമാറ്റിയത്. ഇനിയിവിടെ നില്‍ക്കേണ്ട പോയ്‌ക്കോളാന്‍ പറഞ്ഞുവെന്നും മനു പറഞ്ഞു.
Post a Comment
0 Comments