Type Here to Get Search Results !

Bottom Ad

കാഷ്‌ലെസ് കൊള്ള: 1000 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ ഇപ്പോഴും 28.75 രൂപ സര്‍ചാര്‍ജ്


കോട്ടയം : (www.evisionnews.in)  പെട്രോള്‍ പമ്പുകളില്‍ ഡിജിറ്റല്‍ പണമിടപാടു നടത്തുന്ന സാധാരണക്കാരില്‍നിന്ന് എണ്ണക്കമ്പനികളും ബാങ്കുകളും ചേര്‍ന്നു കൊള്ളയടിക്കുന്നതു കോടികള്‍. കാര്‍ഡുപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നവരില്‍നിന്നു മൂന്നു ശതമാനത്തിനടുത്തു പെട്രോള്‍ സര്‍ചാര്‍ജാണ് ഈടാക്കുന്നത്. കാര്‍ഡുപയോഗിച്ച് ആയിരം രൂപയ്ക്ക് ഇന്ധനം നിറച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ 28 രൂപ 75 പൈസ ഇടപാടുകാരന്റെ അക്കൗണ്ടില്‍നിന്നു സര്‍ചാര്‍ജ് ഇനത്തില്‍ ഈടാക്കും. അതേസമയം പണം നല്‍കി ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് ഈ തുക നല്‍കേണ്ടിവരുന്നില്ല എന്നതാണ് ഏറെ കൗതുകകരം. രാജ്യത്തെ മുഴുവന്‍ ജനങ്ങളും കാഷ്‌ലെസ് ഇടപാടുകളിലേക്കു മാറണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസവും ആഹ്വാനം ചെയ്യുന്നതിനിടെയാണ് ഇത്തരത്തിലുള്ള കൊള്ളകള്‍ക്ക് ഉപയോക്താക്കള്‍ ഇരയാകുന്നത്. ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പണമടയ്ക്കുന്ന ഉപയോക്താക്കള്‍ ഒരു തരത്തിലുള്ള സര്‍വീസ് ചാര്‍ജും നല്‍കേണ്ടിവരില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ മാസം പ്രസ്താവന ഇറക്കിയതിനു ശേഷവും ഉപയോക്താക്കളെ കൊള്ളയടിക്കുന്നതു തുടരുകയാണ്. 2000 രൂപ വരെയുള്ള കാര്‍ഡ് ഇടപാടുകള്‍ക്കു സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രഖ്യാപനവും പാഴ്‌വാക്കായിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംബന്ധിച്ചു തങ്ങള്‍ക്ക് അറിവൊന്നും കിട്ടിയിട്ടില്ലെന്നും കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍ അടിച്ചാല്‍ 2.5 ശതമാനം സര്‍ചാര്‍ജ് ഈടാക്കുന്നുണ്ടെന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനായി കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍ അടിക്കുന്നവര്‍ക്ക് 0.75 ശതമാനം ഇന്‍സെന്റീവ് നല്‍കുമെന്ന പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ തന്നെയാണു മൂന്നു ശതമാനത്തിനടുത്ത് ഉപയോക്താക്കളില്‍നിന്നു സര്‍ചാര്‍ജായി ഈടാക്കുന്നതു കണ്ടില്ലെന്നു നടിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാഷ് ലെസ് ആഹ്വാനം കേട്ട് കാര്‍ഡുപയോഗിക്കാന്‍ തുടങ്ങിയ ഉപയോക്താക്കളാണ് വെട്ടിലായിരിക്കുന്നത്. അഞ്ഞൂറു രൂപയ്ക്കു പെട്രോള്‍ അടിക്കുമ്പോള്‍ 14 രൂപ 28 പൈസ തങ്ങളുടെ അക്കൗണ്ടില്‍നിന്നു പോകുന്ന വിവരം പലരും ശ്രദ്ധിച്ചിരുന്നില്ല. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പമ്പുകളില്‍നിന്ന് എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍ അടിച്ചവരില്‍നിന്നാണ് പണം ഈടാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഡീലര്‍മാരോടു തിരക്കിയപ്പോള്‍ തങ്ങള്‍ക്ക് അറിയില്ലെന്നാണ് അവരുടെ മറുപടി. പെട്രോളിന്റെ വില മാത്രമാണ് തങ്ങള്‍ ഈടാക്കുന്നതെന്നും ബാക്കി കാര്യങ്ങള്‍ എണ്ണക്കമ്പനികളും ബാങ്കുകളുമാണ് ചെയ്യുന്നതെന്നുമാണ് ഡീലര്‍മാരുടെ പ്രതികരണം. പെട്രോള്‍ ഡീലര്‍മാര്‍ക്ക് കമ്പനി നല്‍കുന്ന കമ്മിഷന്‍ തുകയ്ക്കു സമാനമായ തുകയാണ് സര്‍ചാര്‍ജായി ഡിജിറ്റല്‍ ഇടപാടുകാരില്‍നിന്ന് ഈടാക്കുന്നത്. ഉപയോക്താക്കള്‍ക്കും പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ക്കും സര്‍ചാര്‍ജ് നല്‍കേണ്ടിവരില്ലെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചത് കഴിഞ്ഞ മാസം ആദ്യമാണ്. ബാങ്കുകളും എണ്ണക്കമ്പനികളും തമ്മിലുള്ള പ്രശ്‌നമാണിതെന്നും ചര്‍ച്ചയിലൂടെ പരിഹാരം കണ്ടുവെന്നും മന്ത്രി പറഞ്ഞിരുന്നു. കാര്‍ഡ് ഉപയോഗിക്കുന്ന ഉപയോക്താക്കളിലേക്കു കച്ചവടക്കാര്‍ ബാധ്യത കൈമാറുന്നതു വിലക്കിക്കൊണ്ടു കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശവും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ജനുവരി 13നു ശേഷം കാര്‍ഡ് കമ്പനികള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കിയാല്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഡീലര്‍മാര്‍ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. ആവശ്യത്തിനു മാര്‍ജിന്‍ ഇല്ലെന്നും സര്‍ചാര്‍ജ് കൂടി നല്‍കാനാവില്ലെന്നുമായിരുന്നു ഡീലര്‍മാരുടെ നിലപാട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയും തുടങ്ങിയ കമ്പനികളും ബാങ്കുകളും ചര്‍ച്ച ചെയ്ത് സാമ്പത്തിക ബാധ്യത പങ്കുവയ്ക്കുമെന്നായിരുന്നു മന്ത്രിയുടെ അറിയിപ്പ്. എന്നാല്‍ എണ്ണക്കമ്പനികളും ബാങ്കുകളും ചേര്‍ന്ന് ഈ തുക ഉപയോക്താക്കളില്‍നിന്ന് ഈടാക്കുകയാണ്. എന്നാല്‍ ഇതു സംബന്ധിച്ച് യാതൊരു നടപടിയും സ്വീകരിക്കാതെ മൗനം പാലിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. മോദി സര്‍ക്കാരിന്റെ ക്യാഷ്‌ലെസ് ആഹ്വാനത്തിന്റെ ഏറ്റവും വലിയ നടത്തിപ്പുകാരായി രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ മാറിയ സാഹചര്യത്തിലാണ് ഉപയോക്താക്കളില്‍നിന്ന് കൊള്ളയടി തുടരുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad