കാസര്‍കോട്: പ്രവാസികള്‍ ഏറെ ഉണ്ടായിട്ടും ഒരു പാസ്‌പോര്‍ട്ട് സേവാകേന്ദ്രം വേണമെന്ന ജില്ലയുടെ കാത്തിരിപ്പിന് അവസാനം. കാസര്‍കോട് ഹെഡ് പോസ്റ്റോഫീസിലാണ് 28 മുതല്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം വരുന്നത്. സ്വന്തം കെട്ടിടത്തില്‍ സ്ഥിരസൗകര്യം ഒരുക്കും. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ തുടങ്ങുന്ന രണ്ട് കേന്ദ്രങ്ങളില്‍ ഒന്ന് ജില്ലയ്ക്ക്് ലഭിച്ചത് അംഗീകാരമാണ്. പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന കോഴിക്കോട് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ബുധനാഴ്ച സ്ഥലത്തെത്തി. പി.കരുണാകരന്‍ എം.പി.യുമായി ചര്‍ച്ച നടത്തി.
ജില്ലയുടെ വര്‍ഷങ്ങളായുള്ള മുറവിളിക്കൊരു ആശ്വാസമാണ് ലഭിക്കുന്നത്. കഴിഞ്ഞവര്‍ഷം ജില്ലയില്‍ നടത്തിയ പാസ്‌പോര്‍ട്ട് സേവാക്യാമ്പിന്റെ വിജയമാണ് ജില്ലയെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.
ജില്ലയില്‍നിന്ന് ആയിരക്കണക്കിന് ആളുകളാണ് ജോലി ആവശ്യത്തിനും തീര്‍ഥാടനത്തിനും വിദേശത്തേക്ക് പോകുന്നത്. ജില്ലക്കാര്‍ക്ക് ഏറ്റവും അടുത്തുള്ള പാസ്‌പോര്‍ട്ട് കേന്ദ്രം കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരാണ്. കിലോമീറ്ററുകള്‍ താണ്ടി എത്തുമ്പോള്‍ നീണ്ട തിരക്കായിരിക്കും. പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ ലഭിച്ച അപേക്ഷകളില്‍ ഭൂരിഭാഗവും ജില്ലക്കാരുടെതാണ്. 2016 നവംബറിലെ കണക്കുപ്രകാരം 61,742 അപേക്ഷകളാണ് ലഭിച്ചത്. കാസര്‍കോട് ജില്ലയില്‍നിന്ന് അപേക്ഷിച്ചവര്‍ 44,844 പേര്‍. 2015ലെ കണക്കെടുത്ത് നോക്കിയാലും ഇതേ വസ്തുത കാണാം. ആകെ ലഭിച്ച 71,378 അപേക്ഷകളില്‍ കാസര്‍കോട്ടുകാരുടെത് 52,173 അപേക്ഷകളായിരുന്നു. എന്നിട്ടും ഒരുകേന്ദ്രം തുടങ്ങാന്‍ അധികൃതര്‍ക്ക് ആയില്ല.
പി.കരുണാകരന്‍ എം.പി.യുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഒരുപ്രാവശ്യം ക്യാമ്പ് നടന്നിരുന്നു. കോഴിക്കോട്ടുനിന്നാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. 200ഓളം അപേക്ഷകള്‍ ഒറ്റദിവസംതന്നെ കിട്ടി. പക്ഷേ, പിന്നീട് ക്യാമ്പ് നടക്കാത്തതിനാല്‍ ജില്ലക്കാര്‍ ദുരിതത്തിലായി. സ്ഥിരം കേന്ദ്രം വരുന്നതുവരെ താത്കാലിക ക്യാമ്പുകള്‍ തുടരുമെന്ന് അറിയിച്ചെങ്കിലും പിന്നീട് നടന്നില്ല.
Post a Comment
0 Comments