Type Here to Get Search Results !

Bottom Ad

കളിക്കാലത്തെ ഗോരി ഓര്‍മകള്‍...


നാടന്‍ കളികളും നാടന്‍പാട്ടും മലയാളിക്ക് എന്നും ഗൃഹാതുരമായ ഓര്‍മകളാണ്. ലോകത്തിന്റെ ഏത് കോണിലായാലും പഴയ കാലത്തെ നാടന്‍ ഓര്‍മകള്‍ മലയാളിയുടെ ഹൃദയത്തെ കുളിരണിയിക്കും. കുട്ടിക്കാലത്തെ മനോഹരമാക്കിയ നാടന്‍ കളികള്‍ ഇന്നും നാം നൊസ്റ്റാള്‍ജിയ എന്ന ഓമനപ്പേരിട്ട് മനസില്‍ താലോലിക്കാറുണ്ട്. ഗോട്ടിക്കളി, കുട്ടീം കോലും, അപ്പച്ചെണ്ട്, ചിപ്പട്ടി, ഗോരി തുടങ്ങിയവ നമ്മുടെ ബാല്യവും കൗമാരവും മനോഹരമാക്കി പ്രാദേശിക കളികളായിരുന്നു. 

പകലന്തിയോളം പൊരിവെയിലത്ത് (www.evisionnews.in) കൂട്ടുകാര്‍ക്കൊപ്പം കളിച്ചും രസിച്ചും നടന്നിരുന്ന ഓര്‍മകളിലെ വസന്തകാലം. പക്ഷെ... മാറ്റങ്ങള്‍ ജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിച്ചപ്പോള്‍ പാടങ്ങള്‍ക്കും പറമ്പിനും സ്വന്തമായിരുന്ന കുട്ടിക്കാലം കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും കവര്‍ന്നെടുത്തു. ശരീരത്തിലും വസ്ത്രത്തിലും മണ്ണ് പറ്റുന്ന കുട്ടികള്‍ സര്‍ഫ് എക്‌സലിന്റെയും എയര്‍ടെലിന്റെയും പരസ്യങ്ങളിലെ വൃത്തിയില്ലാത്തവരായി ചുരുങ്ങി. മണ്ണില്‍ പതിയേണ്ട കുഞ്ഞ് കാല്‍പാദങ്ങള്‍ മാര്‍ബിളിന്റെയും ഗ്രാനൈറ്റിന്റെയും മിനുസതയേറ്റ് വാങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടു. മണ്ണിലേക്കിറങ്ങി കളിക്കാന്‍ കുട്ടികള്‍ വിമുഖത കാണിക്കാന്‍ തുടങ്ങി. ഇറങ്ങാന്‍ ശാഠ്യം പിടിച്ചവരെ മാതാപിതാക്കള്‍ ശാസിച്ച് ഫ്‌ളാറ്റുകളിലും വില്ലകളിലും തളച്ചിട്ടു. സൗഹൃദവും പങ്കുവെക്കലും പഠിക്കേണ്ട നമ്മുടെ കുട്ടികള്‍ മൊബൈല്‍ ഗെയിമുകളുടെയും കമ്പ്യൂട്ടറുകളുടെയും ഏകാന്തതയില്‍ അഭയം തേടുന്ന ആധുനിക കാലത്ത് നമുക്ക് പഴമയും പഴമയുടെ വിനോദങ്ങളും (www.evisionnews.in) ആഘോഷങ്ങളും കേവലം നൊസ്റ്റാള്‍ജിക്കായി മാറി. നാടന്‍ കളികളും മറ്റും വിപണനമൂല്യമുള്ള വസ്തുവായി എക്‌സിബിഷനുകളില്‍ സ്ഥാനം പിടിച്ചു. പതിയെ പതിയെ നമുടെ നാടന്‍ കളിവിനോദങ്ങള്‍ പുതുതലമുറക്ക് അന്യമാവും വിധം വിസ്മൃതിയിലാണ്ടു. ഗൃഹാതുരതയെ ചൂഷണം ചെയ്ത് ചില കളികള്‍ മൊബൈല്‍ ആപ്പുകളുടെയും ഗെയിമുകളുടെയും രൂപത്തില്‍ നമ്മുടെ കൈകളിലെത്തി.

ഒരു കാലഘട്ടത്തിന്റെ ആവേശമായിരുന്ന പല നാടന്‍ കളികളും ഇന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ചിലത് നാശത്തിലേക്ക് പതിച്ചു. മറ്റു ചിലത് നാം സൗകര്യപൂര്‍വ്വം മറന്നു. എന്നാല്‍ പഴയ തലമുറയില്‍ നിന്ന് നാടന്‍ കളികളെ പറ്റി കേട്ടറിഞ്ഞ യുവാക്കള്‍ കാരണം നാടിന്റെ ചില ഭാഗത്ത് നിന്ന് ആശ്വാസകരമായ വാര്‍ത്തകള്‍ കേട്ട് തുടങ്ങിയിരിക്കുന്നു. നാം മറന്നുപോയ നാടന്‍ കളികളെ ഇന്നിന്റെ രൂപത്തിലേക്ക് മാറ്റം വരുത്തി പഴമയുടെ പ്രൗഢിയെ അവര്‍ തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നു. അത്തരത്തില്‍ യുവാക്കള്‍ക്കിടയില്‍ വീണ്ടും പ്രചാരം നേടിയ ഒരു കളിയാണ് 'ഗോരി'. സായിപ്പന്മാര്‍ സെവന്‍ ടെയില്‍സ് എന്നും (www.evisionnews.in) ഉത്തരേന്ത്യക്കാര്‍ 'പിട്ടു'' എന്നും ഓമനപ്പേരിട്ട് വിളിക്കുന്ന കാസര്‍കോടിന്റെ സ്വന്തം ഗോരി കളി. നിര്‍ദേശങ്ങള്‍ ഏകദേശം ഒന്നുതന്നെയാണെങ്കിലും കേരളത്തിലെ പല പ്രദേശങ്ങളിലും പ്രാദേശികമായ പല പേരിലും ഈ കളി അറിയപ്പെടുന്നു. 

ഗ്രൗണ്ടിന്റെ ഒത്തനടുക്ക് ഏഴ് ഓടിന്‍ കഷ്ണങ്ങളോ മാര്‍ബിള്‍ കഷ്ണങ്ങളോ നിരനിരയായി വെക്കുന്നതിനെയാണ് ഗോരി എന്ന് പറയപ്പെടുന്നത്. രണ്ട് ടീമുകളായി തിരിഞ്ഞാണ് മത്സരം. ഒരു ടീമിലെ അംഗങ്ങള്‍ ഓരോരുത്തരായി മൂന്നു പ്രാവശ്യം നിശ്ചിത ദൂരത്തില്‍ നിന്നും ഗോരിയിലേക്ക് പന്തെറിയും. റബ്ബര്‍ പന്തോ പ്ലാസ്റ്റിക് സഞ്ചികള്‍ കൂട്ടിക്കെട്ടിയുള്ള പന്തോ (www.evisionnews.in) ഉപയോഗിക്കും. എതിര്‍ ടീമിലെ അംഗങ്ങള്‍ ക്രിക്കറ്റില്‍ സ്റ്റംമ്പിന് പിറകില്‍ വിക്കറ്റ് കീപ്പറും ഫീല്‍ഡര്‍മാരും നില്‍ക്കുന്ന പോലെ ഗോരിക്ക് പിറകില്‍ നിലയുറപ്പിക്കും. 

ആദ്യ ഏറില്‍ തന്നെ നിലംതൊടാതെ പന്ത് കീപ്പര്‍ കൈപ്പിടിയിലൊതുക്കിയാല്‍ ഏറുകാരന്റെ ബാക്കിയുള്ള രണ്ട് അവസരങ്ങള്‍ നഷ്ടപ്പെടും. ഇനി ഗോരി എന്ന ടൈല്‍സ് കഷ്ണങ്ങളില്‍ കൊണ്ടിട്ടാണ് പന്ത് കീപ്പര്‍ കൈപ്പിടിയിലാക്കുന്നതെങ്കില്‍ ആ ടീം മൊത്തം ഔട്ടാകും. ഇനി ഗോരി പൊട്ടുകയും കീപ്പര്‍ക്ക് പന്ത് കൈയ്യിലാക്കാന്‍ പറ്റാതിരിക്കുകയും ചെയ്താലാണ് കളി യുടെ രസം ആരംഭിക്കുന്നത്. എതിര്‍ ടീമിലെ കളിക്കാര്‍ക്ക് ഗോരി പൊട്ടിച്ച ടീമിലെ അംഗങ്ങളുടെ ദേഹത്തേക്ക് പന്തെറിയാം. ടീമിലെ ഒരാളുടെയും ദേഹത്ത് കൊള്ളാതെ ഏഴ് ടൈല്‍സുകള്‍ (ഗോരി) യഥാസ്ഥലത്ത് നിരനിരയായി വെച്ചാല്‍ ആ ടീമിന് ഒരു പോയിന്റ് (www.evisionnews.in)  

ഒരു കാലത്ത് നമ്മുടെ വൈകുന്നേരങ്ങളെയും വെക്കേഷനെയും സജീവമാക്കിയിരുന്ന ഈ കളിയെ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി ആധുനിക രീതിയിലുള്ള പ്രീമിയര്‍ ലീഗ് ഫോര്‍മാറ്റിലേക്ക് മാറ്റി ചരിത്രത്തിലാദ്യമായി നാടന്‍ കളിക്ക് വേണ്ടിയുള്ള 'ഗോരി പ്രീമിയര്‍ ലീഗ്' സംഘടിപ്പിച്ചതും കാസര്‍കോട്ടെ കമ്പാര്‍ പ്രദേശത്തെ ഫാല്‍ക്കണ്‍ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ക്ലബ്ബിലെ യുവാക്കളാണ്. ഇന്ന് ക്രിക്കറ്റും ഫുട്‌ബോളും അരങ്ങുതകര്‍ത്തിരുന്ന തളങ്കരയുടെയും ബന്തടുക്കയിലെയും ബദിയടുക്കയിലെയും പല മൈതാനങ്ങളിലെ വൈകുന്നേരങ്ങളെ ശബ്ദ മുഖരിതമാക്കുന്നത് ഗോരി കളിയാണ്. ഇതുപോലെ പഴയ കാലത്തിന്റെ പ്രൗഢിയും തനിമയും ഉള്‍ക്കൊള്ളുന്ന വിനോദങ്ങളെയും ആഘോഷങ്ങളെയും പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന വ്യത്യസ്ത പരിപാടികളുമായി യുവാക്കള്‍ കടന്നുവരുന്നത് പ്രത്യാശ പകരുന്നതാണ്.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad