കാസര്‍കോട് (www.evisionnews.in): ജില്ലയുടെ വികസനത്തിന് ബജറ്റില്‍ മാറ്റിവെച്ച 87.79 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാതിരിക്കുന്നത് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് ജില്ലാ പഞ്ചായത്തിന്റെ കത്ത്. കാസര്‍കോടിന്റെ വികസന സാധ്യതകള്‍ക്ക് പുത്തനുണര്‍വ് നല്‍കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നിയോഗിച്ച പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച പദ്ധതികളുടെ നടത്തിപ്പ് വൈകിപ്പിക്കുന്നത് ജില്ലയിലെ ജനങ്ങളോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയായി മാത്രമേ കാണുകയുള്ളുവെന്നു ചൂണ്ടിക്കാണിച്ചാണ് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
പ്രഭാകരന്‍ കമ്മിഷന്‍ ജില്ലയുടെ വികസന പിന്നാക്കാവസ്ഥയെ കുറിച്ച് അവലോകനം നടത്തിയ ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പ്രകാരമാണ് 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ജില്ലക്കായി തുക നീക്കിവച്ചത്. എന്നാല്‍ ഈ തുക ഉപയോഗിച്ചു ജില്ലയില്‍ നടപ്പാക്കേണ്ട വികസന പ്രവൃത്തികള്‍ക്കുള്ള ഭരണാനുമതി നല്‍കുന്നതിനുള്ള ഉന്നതതല യോഗം വിളിച്ചുകൂട്ടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച തുക ഉപയോഗിച്ച് മെഡിക്കല്‍ കോളജ്, തവിട്ടു ഗോളിയില്‍ നിന്നും കാസര്‍കോട്ടേക്ക് വൈദ്യുത ലൈന്‍ നീട്ടല്‍, ജില്ലയിലെ വിവിധ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി കെട്ടിടങ്ങള്‍, ചെക്ഡാമുകള്‍ തുടങ്ങി ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉതകുന്ന പദ്ധതികള്‍ എന്നിവയാണ് ഭരണാനുമതി കാത്തുകിടക്കുന്നത്. പുതിയതായി അധികാരമേറ്റ എല്‍.ഡി.എഫ് സര്‍ക്കാര്‍ ബജറ്റ് പുതുക്കിയപ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ നീക്കിവെച്ച തുക അതേപടി ബജറ്റില്‍ വകയിരുത്തിയെങ്കിലും പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ തയാറായില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കത്തില്‍ കുറ്റപ്പെടുത്തി.
ചീഫ് സെക്രട്ടറി ചെയര്‍മാനായ ഉന്നതതല സമിതിയാണ് പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കേണ്ടത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷംതികയനായിട്ടും ഇതുവരെ ഒരു തവണ മാത്രമാണ് യോഗം ചേര്‍ന്നത്. ആ യോഗത്തില്‍ പുതിയ പദ്ധതികള്‍ തയാറാക്കാന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്് എന്നിവരും വിവിധ വകുപ്പുകളും സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ കലക്ടറുടെ നേതൃത്വത്തില്‍ ക്രോഡീകരിച്ച് ഡി.പി.ആര്‍ തയാറാക്കി സമര്‍പ്പിച്ചിരുന്നു. എന്നിട്ടും പദ്ധതികളുടെ ഭരണാനുമതി സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന് എ.ജി.സി ബഷീര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

Post a Comment
0 Comments