മലപ്പുറം: (www.evisionnews.in) കാറ്റു പോയ ബലൂണ്‍ പോലെയാണ് നോട്ട് അസാധുവാക്കലിന്റെ 50 ദിവസങ്ങള്‍ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ടിവിയില്‍ പ്രത്യക്ഷപ്പെട്ടതെന്ന് മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. രാജ്യത്ത് ശക്തമായ പ്രതിപക്ഷകക്ഷി ഉയര്‍ന്നുവരാത്തതു കൊണ്ടാണ് ബിജെപി ഇപ്പോഴും ഭരണത്തില്‍ തുടരുന്നത്. ബിജെപിയെ ആളുകള്‍ക്ക് മടുത്തുകഴിഞ്ഞെങ്കിലും അവര്‍ക്കു മുന്‍പില്‍ ഒരു ബദല്‍ കാണാനില്ല. ഡല്‍ഹിയില്‍ രാജ്യത്തിനു വേണ്ടി ഒരു ഭരണവ്യവസ്ഥ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഒരാള്‍ വന്ന് 'എല്ലാം ഞാനാണെ'ന്നു പറയുകയാണ്. രാജഭരണമാണ് നിലവിലുള്ളതെന്നാണ് ഇയാളുടെ വിചാരമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് യൂത്ത് ലീഗിന്റെ യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനം ദുരവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ യുഡിഎഫ് അവസരത്തിനൊത്തുയരണമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിലെ തര്‍ക്കത്തിനുമേല്‍ പുതിയ തര്‍ക്കമുണ്ടാക്കുകയല്ല മുസ്‌ലിം ലീഗിന്റെ നിലപാട്. നാട്ടിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രതിപക്ഷം ഏറ്റെടുക്കണമെന്നാണ് നാളെച്ചേരുന്ന യുഡഎിഎഫ് യോഗത്തില്‍ പ്രധാനമായും ആവശ്യപ്പെടുക. നോട്ട് അസാധുവാക്കല്‍ വഴി കേന്ദ്രസര്‍ക്കാരും റേഷന്‍ –ശുദ്ധജലവിതരണ പ്രതിസന്ധി പരിഹരിക്കാതെ സംസ്ഥാന സര്‍ക്കാരും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന് ലീഗ് ഉപദേശം നല്‍കേണ്ട ആവശ്യമില്ല. തര്‍ക്കിച്ച് സമയം കളയുകയല്ല, സന്ദര്‍ഭത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് യുഡിഎഫ് ചെയ്യേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Post a Comment
0 Comments