Type Here to Get Search Results !

Bottom Ad

ബോളിവുഡിലെ ഇതിഹാസ താരം ഓംപുരി അന്തരിച്ചു


മുംബൈ (www.evisionnews.in): ബോളിവുഡിലെ ഇതിഹാസതാരം ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ സിനിമയില്‍ നാലു പതിറ്റാണ്ട് ശ്രദ്ധേയ വേഷം ചെയ്ത അദ്ദേഹം ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നൂറിലധികം സിനിമകള്‍ ചെയ്തിട്ടുള്ള ഓംപുരി അടുത്ത കാലത്ത് കലാരംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയ ആടു പുലിയാട്ടത്തില്‍ അഭിനയിച്ചിരുന്നു.

രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം നേടിയിട്ടുണ്ട്. ഇന്ത്യാ, പാകിസ്താന്‍, ബ്രിട്ടീഷ്, ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരത്തെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ഹരിയാനയിലെ അംബാലയില്‍ ഒരു പഞ്ചാബി കുടുംബത്തില്‍ 1950 ല്‍ ജനിച്ച ഓംപുരി നാടകത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. 1973 ല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു ബോളിവുഡിലെ മറ്റൊരു പ്രമുഖനായ നസറുദ്ദീന്‍ ഷാ. 1976 ല്‍ മറാത്തി സിനിമയായ ഗാഷിറാം കോട്വാളിലൂടെ സിനിമയില്‍ എത്തിയ അദ്ദേഹം ഇതിനകം വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. വാണിജ്യ സിനിമയ്ക്കപ്പുറത്ത് കലാപരമായ സിനിമകളില്‍ കൂടുതല്‍ സാന്നിധ്യമര്‍പ്പിച്ച ഓംപുരി 1988 ല്‍ പുറത്തിറങ്ങിയ പുരാവൃത്തം എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

റിച്ചാര്‍ഡ് ആറ്റന്‍ബറോ ഒരുക്കിയ 1982 ലെ ഗാന്ധി യില്‍ അതിഥിവേഷത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. സിറ്റി ഓഫ് ജോയ്, വോള്‍ഫ്, ജാക്ക് നിക്കോള്‍സണ്‍, ദി ഗോസ്റ്റ് ഓഫ് ദി ഡാര്‍ക്ക്നെസ്സ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. ഹോളിവുഡ് പ്രമുഖരായ ടോം ഹാങ്ക്സിനും ജൂലിയാ റോബര്‍ട്സിനും ഒപ്പം അഭിനയിച്ച ചാര്‍ളീസ് വാറില്‍ സിയാ ഉള്‍ ഹക്കായുള്ള അദ്ദേഹത്തിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പാകിസ്താനി സിനിമയായ ആക്ടര്‍ ഇന്‍ ലോയില്‍ അഭിനയിച്ചു വരികയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad