Type Here to Get Search Results !

Bottom Ad

5000 രൂപയ്ക്കു മുകളിലുള്ള നിക്ഷേപത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു


ന്യൂഡല്‍ഹി: (www.evisionnews.in) 5000 രൂപയ്ക്കു മുകളില്‍ അസാധു നോട്ടുകള്‍ ഉപയോഗിച്ചു നടത്തുന്ന നിക്ഷേപങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19നു പുറപ്പെടുവിച്ച ഉത്തരവാണ് ആര്‍ബിഐ പിന്‍വലിച്ചത്. മാനദണ്ഡങ്ങള്‍ പാലിച്ചു നിക്ഷേപം നടത്തുന്നവരെ തടയില്ലെന്നും നിക്ഷേപവുമായി ബന്ധപ്പെട്ട് ആരെയും ചോദ്യം ചെയ്യില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.
അയ്യായിരം രൂപയില്‍ കൂടുതലുള്ള നിക്ഷേപം ഈ മാസം 30 വരെ ഇനി ഒറ്റത്തവണ മാത്രമേ അനുവദിക്കുകയുള്ളൂ എന്നായിരുന്നു ഉത്തരവ്. അയ്യായിരം രൂപയില്‍ കുറഞ്ഞ നിക്ഷേപം എത്ര തവണയും നടത്താം. പക്ഷേ, മൊത്തം തുക അയ്യായിരത്തില്‍ കൂടിയാല്‍ വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്.
ഒറ്റത്തവണ മാത്രം പണം നിക്ഷേപിക്കുമ്പോഴും നോട്ടുകള്‍ എത്തിക്കാന്‍ വൈകിയതിനു കാരണമെന്തെന്നു ബോധിപ്പിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. നിക്ഷേപിക്കുന്നയാളെ ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥരുടെയെങ്കിലും സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുമെന്നും എന്തുകൊണ്ടാണു നിക്ഷേപിക്കല്‍ വൈകിയതെന്നതിന് തൃപ്തികരമായ വിശദീകരണം നല്‍കണമെന്നുമായിരുന്നു ഉത്തരവ്. ലഭിക്കുന്ന വിശദീകരണം ബാങ്ക് രേഖയിലാക്കണമെന്നും ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. നിക്ഷേപം നിയന്ത്രിക്കുന്നതിനായി കാഷ് ഡിപ്പോസിറ്റ് മെഷീനുകളുടെ (സിഡിഎം) പ്രവര്‍ത്തനം ബാങ്കുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad