Type Here to Get Search Results !

Bottom Ad

കലാഭവന്‍ മണിയുടെ വിശ്വസ്‌തന്‍ വിഷം കഴിച്ച്‌ ആത്മഹത്യക്കു ശ്രമിച്ചു


കൊച്ചി (www.evisionnews.in): കലാഭവന്‍ മണിയുടെ വിശ്വസ്‌തനെന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടം നേടിയ കൊച്ചി സ്വദേശി വിഷം കഴിച്ച്‌ ആത്മഹത്യക്കു ശ്രമിച്ചു. മണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നു വിശേഷിപ്പിക്കുന്ന ഇയാളെ രണ്ടുദിവസം മുമ്പാണ്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പുലര്‍ച്ചെയാണ്‌ ഇയാളെ അവശനിലയില്‍ കണ്ടെത്തിയത്‌. സുഹൃത്തുക്കളാണ്‌ ആശുപത്രിയിലാക്കിയത്‌. എന്നാല്‍ ഇന്നലെ സംഭവം പുറത്തായതോടെ ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ നിര്‍ബന്ധിത ഡിസ്‌ചാര്‍ജ്‌ വാങ്ങിയതായാണ്‌ വിവരം. മണിയുടെ റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകളടക്കം സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത്‌ ഇയാളായിരുന്നു.

നോട്ടുകള്‍ അസാധുവാക്കിയതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നെന്നു പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു. മണിയുടെ മരണവുമായി ബന്ധപ്പെട്ട്‌ ഇയാളെ ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ കോള്‍ ഡീറ്റെയില്‍സ്‌ പരിശോധിച്ചതിലും മണിയെ കൊലപ്പെടുത്താനുള്ള ഒരു സാഹചര്യവും കണ്ടെത്താനായില്ല. കൊച്ചി സിറ്റി പോലീസ്‌ പരിധിയില്‍ നടന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണു മണിയുടെ വിശ്വസ്‌ഥന്‍. മണിയുടെ മരണാനന്തര ചടങ്ങുകളില്‍ മുന്‍നിരയിലുണ്ടായിരുന്നു. 

നേരത്തേ മണിയും വനപാലകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായ അവസരത്തില്‍ സുഹൃത്തിന്റെ ഭാര്യയും ഇയാളും ഒപ്പമുണ്ടായിരുന്നു. അയല്‍ സംസ്‌ഥാനങ്ങളിലടക്കം മണി നടത്തിയ റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകളെക്കുറിച്ച്‌ അന്വേഷിക്കുന്നതിനിടെയാണ്‌ ബന്ധം പോലീസ്‌ കണ്ടെത്തിയത്‌. ഇയാള്‍ രണ്ടു തവണ പോലീസിന്റെ പിടിയിലായപ്പോഴും പുറത്തിറക്കാന്‍ മണിയുടെ ഇടപെടലുകളുണ്ടായി. അടിപിടിക്കേസുകളിലൂടെ കുപ്രസിദ്ധി നേടിയ ഇയാളെ വന്‍കിടക്കാര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്ന ഇടനിലക്കാരനായി വളര്‍ത്തിയെടുത്തതു മണിയായിരുന്നു.

മണിയുടെ ആരാധകനായ ഇയാളുടെ വീടിനു സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന്‌ മണി മുടങ്ങാതെ എത്തിയിരുന്നു. ഈ ക്ഷേത്രത്തിനുവേണ്ടി തയാറാക്കിയ ഭക്‌തിഗാന കാസറ്റില്‍ മണി പാടിയിട്ടുമുണ്ട്‌. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട്‌ തിരക്കിലായിരുന്നതിനാല്‍ കഴിഞ്ഞ ഉത്സവത്തിന്‌ മണി എത്തിയിരുന്നില്ല. പലപ്പോഴും മണിയുടെ ആഢംബര കാര്‍ ഇയാളാണ്‌ ഉപയോഗിച്ചിരുന്നതെന്നും വിവരമുണ്ട്‌. തൃശൂര്‍ കേന്ദ്രീകരിച്ച്‌ മണി ഇയാള്‍ക്കൊപ്പം ഒത്തുതീര്‍പ്പ്‌ ഇടപാടുകള്‍ നടത്തിയിരുന്നെന്നും അതുവഴി മണിക്ക്‌ നിരവധി ശത്രുക്കളുണ്ടെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്‌ഥന്‍ പറയുന്നു. 2008 ല്‍ കടവന്ത്രയിലെ ഡി.വൈ.എഫ്‌.ഐ. നേതാവ്‌ വിജയകുമാറിന്റെ കൊലയാളികളെ സംരക്ഷിച്ചെന്ന കേസില്‍ പോലീസ്‌ അന്വേഷിക്കുന്നതിനിടെ മുങ്ങിയ ഇയാളെ തമിഴ്‌നാട്ടിലെ ഗുഢല്ലൂരില്‍നിന്നും പിടികൂടിയിരുന്നു. പിന്നീട്‌ ഈ കേസിലെ പ്രതികളും ഇയാളുടെ സഹോദരന്മാരും തമിഴ്‌നാട്ടിലേയ്‌ക്ക്‌ രക്ഷപെട്ടിരുന്നുവെങ്കിലും ഒരു സഹോദരനെ മരിച്ച നിലയില്‍ കിണറ്റില്‍ നിന്നാണ്‌ കണ്ടെത്തിയത്‌.


keywords:kerala-kochi-suicide-attempt

Post a Comment

0 Comments

Top Post Ad

Below Post Ad