Type Here to Get Search Results !

Bottom Ad

ബോവിക്കാനത്തെ കൊല: ഒളിവില്‍ പോയ പ്രതികളെക്കുറിച്ച് സൂചന: റിമാന്റിലായ നസീര്‍ കള്ളനോട്ടുകേസില്‍ പ്രതി


ആദൂര്‍ (www.evisionnews.in): പൊവ്വലിലെ അബ്ദുല്‍ഖാദറി (19)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും മുതലപ്പാറ ജബരിക്കുളം സ്വദേശിയുമായ അഹമ്മദ് നസീറി(32) നെയും ബാലനടുക്കത്തെ സാലിയെയും കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കേസിന്റെ തുടരന്വേഷണത്തിന് ആവശ്യമെങ്കില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

വ്യാഴാഴ്ച രാവിലെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിനെത്തിച്ച ശേഷമാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. അതിനിടെ കേസില്‍ പ്രതികളായ നാലോളംപേരുടെ ഒളിസങ്കേതത്തെ കുറിച്ച് ആദൂര്‍ പോലീസിന് വിവരം ലഭിച്ചു. ഇവരുടെ നീക്കങ്ങള്‍ സി.ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷിച്ചുവരികയാണ്. പ്രതികളെ ഉടന്‍ പിടിയിലാക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം.

അതേസമയം ഇപ്പോള്‍ റിമാന്റിലായ കേസിലെ ഒന്നാം പ്രതി മുതലപ്പാറ ജബരിക്കുളം സ്വദേശിയായ അഹമ്മദ് നസീര്‍ കര്‍ണാടകയിലെ കള്ളനോട്ടു കേസില്‍ പ്രതിയാണെന്ന് ആദൂര്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സുള്ള്യക്ക് സമീപം സാംപ്യ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഇയാളെന്നും പോലീസ് അറിയിച്ചു. 

ഡിസംബര്‍ ഒന്നിന് വൈകിട്ട് അഞ്ചു മണിയോടെ ബോവിക്കാനം ടൗണിലാണ് അബ്ദുല്‍ ഖാദറിനെ കുത്തിക്കൊന്നത്. അബ്ദുല്‍ ഖാദറിനൊപ്പമുണ്ടായിരുന്ന പൊവ്വലിലെ അസിയാദ് (22), സത്താദ് അനസ് (22) എന്നിവര്‍ക്കും കുത്തേറ്റിരുന്നു. ഇവരില്‍ ഒരാള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ആദൂര്‍ സി ഐ സിബി തോമസ്, എ എസ ഐ ബാലകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശിവദാസന്‍, മധുസൂദനന്‍, എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്. കൊല്ലപ്പെട്ട അബ്ദുല്‍ കാദര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനാണ്. ഫുട്‌ബോള്‍ കളിക്കളത്തിലെ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad