Type Here to Get Search Results !

Bottom Ad

ഹരിത കേരളം പദ്ധതി വിജയിപ്പിക്കാന്‍ ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി


കാസര്‍കോട്:(www.evisionnews.in) കേരളത്തില്‍ അഞ്ചു വര്‍ഷം കൊണ്ട് സമഗ്ര വികസനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നാലിനം കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നൽകും.   ഹരിത കേരളം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വിജയിപ്പിക്കുന്നതിനായി . ജില്ലയിലും വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. പഞ്ചായത്ത് തലത്തിലും മുനിസിപ്പല്‍ തലത്തിലും ആരംഭിക്കുന്ന പദ്ധതിക്ക് വലിയ രീതിയിലുള്ള ഒരുക്കമാണ് ആരംഭിച്ചിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം.സുരേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി, ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍, സമഗ്ര വിദ്യാഭ്യാസ നവീകരണ പരിപാടി, ശുചിത്വം- മാലിന്യ സംസ്‌കരണം, കൃഷി വികസനം, ജലവിഭവ സംരക്ഷണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഹരിതകേരളം എന്ന കര്‍മ്മപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ ഹരിതകേരള മിഷന്‍ ക്യാമ്പെയിന്റെ ആദ്യഘട്ടം എന്ന നിലയില്‍ ഡിസംബര്‍ എട്ടിന് പരിപാടിയുടെ തുടക്കം കുറിക്കും. അന്നേദിവസം പരിസര ശുചിത്വം, മാലിന്യസംസ്‌കരണം എന്നിവ ലക്ഷ്യമിട്ടിട്ടുള്ള പ്രവത്തനങ്ങളും ജലസ്രോതസ്സുകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളും, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ചെയ്യേണ്ട മുന്‍ഗണനാ പ്രവര്‍ത്തനങ്ങളും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ മുഖേന ഏറ്റെടുത്തു നടത്തുവാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തും.

സ്‌കൂള്‍/ കോളേജ് തലത്തില്‍ ഡിസംബര്‍ എട്ടിന് മുന്നോടിയായി ഹരിതകേരള പദ്ധതിയുമായി ബന്ധപ്പെട്ട് ക്വിസ്, ചിത്രരചന, പ്രബന്ധ രചന തുടങ്ങിയ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂള്‍/ കോളേജ്  വിദ്യാര്‍ത്ഥികള്‍ക്കായി ഹൃസ്വചിത്രങ്ങളുടെ ഒരു മല്‍സരം സംഘടിപ്പിക്കുന്നതിനും മികച്ച ചിത്രത്തിന് സമ്മാനം ഏര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

ഡിസംബര്‍ ഒന്നുമുതല്‍ ഒരാഴ്ചക്കാലം ഓരോ പ്രവൃത്തി ദിവസവും സ്‌കൂള്‍ അസംബ്ലിയില്‍ ഹരിതകേരളവുമായി ബന്ധപ്പെട്ട ഒരു വിഷയം (പരിസര ശുചീകരണം, മാലിന്യസംസ്‌കരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, കൃഷി പരിപാലനം) കേന്ദ്രീകരിച്ച് പ്രഭാഷണം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളും ഉപയോഗശൂന്യമായ പേനകളും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപന പരിധിയിലുള്ള മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്യാമ്പെയിന്‍ മാതൃകയില്‍ അവ ശേഖരിച്ച് സ്‌കൂളുകളില്‍ എത്തിക്കുന്നതിനും അത് ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സംഭരണ കേന്ദ്രത്തില്‍ കൊണ്ടുവരുന്നതിനും അത് ഏറ്റെടുക്കുന്നതിനായി ജില്ലാതലത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ള റീ-സൈക്ലിംഗ് സെന്ററുകള്‍ക്ക്  കൈമാറുന്നതിനുള്ള പരിപാടി  ആസൂത്രണം ചെയ്തിട്ടുണ്ട്.

സ്‌കൂളുകളിലെ കിണറുകള്‍ മാലിന്യമുക്തമാക്കി ശുചീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിനും ജലമലിനീകരണം തടയുന്നതിനും ജലലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ എല്ലാ സ്‌കൂളുകളിലേയും  കിണറുകളില്‍ സുലഭമായി ശുദ്ധജലം ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്‌കൂള്‍ കിണറുകളിലെ ജലം അണുമുക്തമാക്കുന്ന പ്രക്രിയനടപ്പാക്കുന്നതിനും ഇനിമുതല്‍ സ്്കൂള്‍ കോമ്പൗണ്ടില്‍ വീഴുന്ന മഴവെള്ളം പരമാവധി ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങുന്നു എന്നുറപ്പാക്കി സ്‌കൂളുകളിലെയും സമീപ പ്രദേശത്തെയും കിണറുകളെ ജലസമൃദ്ധമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

സ്‌കൂള്‍ കോമ്പൗണ്ടില്‍ പച്ചക്കറി കൃഷി ആരംഭിക്കുന്നതിനും ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ എട്ടാം തീയതിയിലെ പരിപാടിയുമായി ബന്ധപ്പെട്ട് ഡിസംബര്‍ അഞ്ചാം തീയതി ജില്ലാ കേന്ദ്രങ്ങളിലും തദ്ദേശഭരണ സ്ഥാപനതലങ്ങളിലും സ്‌കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന രീതിയില്‍ വര്‍ണ്ണാഭമായ വിളംബരജാഥകള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

അന്നേദിവസം താഴെ പറയുന്ന പ്രവർത്തങ്ങൾ ഏറ്റെടുത്ത് നടത്തും.

പൊതുകിണര്‍ ഉള്‍പ്പെടെ ഇപ്പോള്‍ത്തന്നെ വറ്റിപ്പോയതോ, വറ്റാറായതോ ആയ ജലസ്രോതസ്സുകള്‍ സമഗ്രമായി വൃത്തിയാക്കി അടുത്ത മഴ സമയങ്ങളില്‍ ഫലപ്രദമായ ജലസംഭരണികള്‍ ആക്കി മാറ്റുന്ന പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കി  ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു.

നിലവിലുള്ള കെട്ടിടങ്ങളുടെ മേല്‍ക്കൂര മഴവെള്ള സംഭരണികള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും.

മഴവെള്ളം മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്നതിനും വെള്ളപ്പാച്ചില്‍ തടയുന്നതിനും കിണറുകളിലേയും മറ്റും ജലലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും മഴക്കുഴികള്‍ നിര്‍മ്മിക്കുന്നതിനും താല്‍ക്കാലിക കയ്യാലകളുടെ അറ്റകുറ്റപ്പണികളും ജൈവ ബണ്ടുകളുടെ നിര്‍മ്മാണവും ഏറ്റെടുക്കും.

താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കുന്നതോടൊപ്പം ജലസ്രോതസ്സുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന പായല്‍, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങള്‍ നീക്കംചെയ്ത് വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും.

വീടുകള്‍, ഹോട്ടലുകള്‍, അറവുശാലകള്‍, കല്യാണമണ്ഡപങ്ങള്‍, ആശുപത്രികള്‍, വ്യാപാര കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നിയമപരമായി നിര്‍ബന്ധമാക്കിക്കഴിഞ്ഞ ഉറവിട മാലിന്യ വേര്‍തിരിക്കല്‍ സംവിധാനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.

ഡംബ്‌സൈറ്റ് ക്ലീയറന്‍സ് ക്യാമ്പെയിന്‍- പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ കുന്നുകൂടികിടക്കുന്ന സാഹചര്യം ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതിനാല്‍ ഇത്തരം മാലിന്യക്കൂമ്പാരങ്ങള്‍ വിവിധ യൂത്ത് ക്ലബ്ബുകള്‍, സര്‍വ്വീസ് സംഘടനകള്‍, ട്രേഡ് യൂണിയനുകള്‍, എന്‍.എസ്.എസ്, എന്‍.സി.സി, പരിസ്ഥിതി ക്ലബ്ബുകള്‍, നെഹ്‌റു യുവകേന്ദ്ര, കുടുംബശ്രീ, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ നീക്കംചെയ്ത് പ്രസ്തുത സ്ഥലങ്ങള്‍ സൗന്ദര്യവല്‍ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍  ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് ക്യാരിബാഗ് ഹോളിഡേ-2016 ഡിസംബര്‍ എട്ടിന് പൊതുജനങ്ങള്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഒഴിവാക്കുന്നതിന് അന്നേദിവസം വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ അടക്കം എല്ലാ സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ബാഗില്‍ സാധനങ്ങള്‍ നല്‍കുന്നത്  ഒഴിവാക്കുന്നതിനുവേണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമ പഞ്ചായത്ത്/നഗരസഭകളില്‍ നടത്തും.

ജലവിഭവ പരിപാലനവും സംരക്ഷണവും - പഞ്ചായത്ത്/നഗരപ്രദേശത്തെ ശ്രദ്ധിക്കപ്പെടുന്ന പൊതുജല സ്രോതസ്സുകള്‍ (കുളം, ചിറ, അരുവി, തോട്) കുടുംബശ്രീ-ആശാപ്രവര്‍ത്തകര്‍-സന്നദ്ധസേവകര്‍ എന്നിവരുടെ സഹായത്താല്‍  പായലും പ്ലാസ്റ്റിക്കും വാരിമാറ്റി വൃത്തിയാക്കുന്ന പ്രവൃത്തികളും ഏറ്റെടുക്കും.

തരിശുരഹിത ഗ്രാമം (കുടുംബശ്രീ മുഖേന)- തരിശുരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി ഓരോ വാര്‍ഡിലും കുറഞ്ഞത് 50 സെന്റ് തരിശു ഭൂമി ഡിസംബര്‍ എട്ടിനകം കുടുംബശ്രീ- സിഡി.എസുകള്‍ കണ്ടെത്തി സംഘക്കൃഷി ഗ്രൂപ്പുകള്‍ തൊഴിലുറപ്പ്  പദ്ധതിയുടെ സഹായത്തോടുകൂടി ഈ ഭൂമിയില്‍ ഡിസംബര്‍ എട്ടിന് കൃഷി ആരംഭിക്കുന്നതിനും, കുടുംബശ്രീ സ്വയംസഹായ സംഘങ്ങളിലൂടെ പച്ചക്കറി വിത്തുകള്‍  ശേഖരിച്ച് എല്ലാ വീടുകളിലും എത്തിക്കുന്നതിനും വിഷമുക്ത പച്ചക്കറി എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും.

സ്വാപ്‌മേളകള്‍- ഒരു വ്യക്തിക്കോ കുടുംബത്തിനോ ആവശ്യമില്ലാത്ത പുനരുപയോഗക്ഷമമായ വസ്തു/ഉല്‍പ്പന്നം ഒരു പൊതു സംവിധാനത്തിലൂടെ കൈമാറുന്നതുവഴി ആ വസ്തു മറ്റൊരു വ്യക്തിക്കോ കുടുംബത്തിനോ ഉപയോഗപ്രദമാകുകയും മൂല്യമുള്ള വസ്തുക്കള്‍ ആവശ്യമുള്ളവരിലെത്തിക്കുക എന്ന രീതിക്ക് വിപുലമായ പ്രചാരണം നല്‍കുക എന്നുള്ളതുമാണ് ഈ ക്യാമ്പെയിന്റെ ലക്ഷ്യം. പൊതുജന പങ്കാളിത്തത്തോടുകൂടി ഉപയോഗിച്ചതും വൃത്തിയുള്ളതും പുനരുപയോഗയോഗ്യവുമായ വസ്തുക്കള്‍/ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് സ്വന്തമാക്കുന്നതിനും അതുവഴി പുനരുപയോഗത്തിലൂടെ ഉപയോഗിക്കപ്പെടാത്ത വസ്തുക്കളുടെ അളവ് കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നു. ഇത്തരത്തിലുള്ള സ്വാപ്‌മേളകള്‍ തദ്ദേശഭരണ സ്ഥാപനതലത്തില്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളുടെയും ഉപയോഗശൂന്യമായ പേനകളുടെയും നിര്‍മ്മാര്‍ജ്ജനം-ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളും ഉപയോഗശൂന്യമായ പേനകളും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപന പരിധിയിലുള്ള മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്യാമ്പെയിന്‍ മാതൃകയില്‍ അവ ശേഖരിച്ച് സ്‌കൂളുകളില്‍ എത്തിക്കുന്നതിനും അത് ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളുടെ  നേതൃത്വത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സംഭരണ കേന്ദ്രത്തില്‍ കൊണ്ടുവരുന്നതിനും ആയവ ഏറ്റെടുക്കുന്നതിനായി ജില്ലാതലത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ള റീ-സൈക്ലിംഗ് സെന്ററുകള്‍ക്ക് കൈമാറുന്നതിനുമുള്ള നടപടികളും കൈകൊള്ളും.

ഡിസംബര്‍ എട്ടിന് വാര്‍ഡ്/ ഡിവിഷന്‍ തലങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതോടൊപ്പം ഓരോ തദ്ദേശഭരണ സ്ഥാപനത്തിലും ഏതെങ്കിലും ഒരു പ്രധാന പ്രവര്‍ത്തി പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്നതിനും അതില്‍ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ പദ്ധതിയുടെ ഉല്‍ഘാടനവുമായി ബന്ധപ്പെട്ട് നീലേശ്വരം നഗരസഭയിലെ നീലേശ്വരംചിറ വൃത്തിയാക്കി ജലസമൃദ്ധമാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് തീരുമാനിച്ചിട്ടുള്ളത്.

ഡിസംബര്‍ എട്ടാം തീയതിയിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം:

ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന, വാര്‍ഡ്/ ഡിവിഷന്‍തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ചുമതല ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും ഇതിന്റെ ബ്ലോക്കുതല ഏകോപനങ്ങളുടെ ചുമതല ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കും നല്‍കിക്കൊണ്ട് ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥരുടെ  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല ഡെ. കളക്ടര്‍ (ജനറല്‍) ന് നല്‍കിയിട്ടുണ്ട്.

ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, എന്‍.സി.സി, എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കോര്‍പ്‌സ്, അംഗനവാടി വര്‍ക്കര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, എം.ജി.എന്‍.ആര്‍.ഇ.എസ് പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ പ്രാദേശിക ക്ലബ്ബുകള്‍, സംഘടനകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊതു പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, മുന്‍ ജനപ്രതിനിധികള്‍, റസിഡന്റ് അസോസിയേഷനുകള്‍, റോട്ടറി, ജേസീസ്, ലയണ്‍സ് ക്ലബ്ബ് തുടങ്ങിയ സന്നദ്ധ സംഘടനകള്‍, വിവിധ കര്‍ഷക, യുവജന, ട്രേഡ് യൂണിയന്‍ സംഘടനകള്‍, നെഹ്‌റു യുവകേന്ദ്ര, ആരാധനാലയങ്ങള്‍, മതസംഘടനകള്‍, മാധ്യമങ്ങള്‍ തുടങ്ങിയ എല്ലാവരും ഈ പദ്ധതിയുടെ ഭാഗഭാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കലക്ടറും അഭ്യര്‍ത്ഥിച്ചു.

ഇത് സംബന്ധിച്ച  വിളംബര ജാഥ അഞ്ചിന് നടക്കും

ഹരിതകേരളം പദ്ധതി ഡിസംബര്‍ എട്ടിന് ജില്ലയില്‍ സമാരംഭിക്കുന്നതിന്റെ ഭാഗമായി പദ്ധതിയെക്കുറിച്ചുള്ള അവബോധം ജനഹൃദയങ്ങളിലേക്കെത്തിക്കുന്നതിനായി വര്‍ണ്ണാഭമായ വിളംബര ജാഥകള്‍ ഡിസംബര്‍ അഞ്ചിന് ജില്ലയിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപന പ്രദേശങ്ങളിലും ജില്ലാ കേന്ദ്രത്തിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, എന്‍.സി.സി, എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കോര്‍പ്‌സ്, അംഗനവാടി വര്‍ക്കര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, എം.ജി.എന്‍.ആര്‍.ഇ.എസ് പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ പ്രാദേശിക ക്ലബ്ബുകള്‍, സംഘടനകള്‍, വ്യാപാര സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സര്‍ക്കാരിതര ഉദ്യോഗസ്ഥര്‍, പൊതു ജനങ്ങള്‍ തുടങ്ങിയവരെ വിളംബരജാഥയില്‍ പങ്കെടുക്കുന്നതാണ്.





keywords-haritha keralam project-pres meet-kasaragod



Post a Comment

0 Comments

Top Post Ad

Below Post Ad