ചെര്‍ക്കള (www.evisionnews.in): കപടദേശീയതയുടെയും ദേശസ്നേഹത്തിന്റെയും മറവില്‍ ഇന്ത്യയുടെ സമ്പത്ത് മുഴുവന്‍ കൊള്ളയടിക്കുകയാണ് നരേന്ദ്രമോദി ഭരണകൂടം ചെയ്യുന്നതെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള പ്രസ്താവിച്ചു. ഡച്ചുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും നടത്തിയ അധിനിവേഷം നമ്മുടെ രാജ്യത്തുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. അമൂല്യസമ്പത്തുകളായ കോഹിനൂര്‍ രത്നവും മയൂരസിംഹാസനവും ഉള്‍പ്പെടെ വിലപ്പെട്ടത് മുഴുവനും അവര്‍ കവര്‍ന്നെടുത്തു. ഈ അധിനിവേശത്തിന്റെ മറ്റൊരു പതിപ്പാണ് മോദി രാജ്യത്ത് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
കള്ളപ്പണം കണ്ടെത്താന്‍ വേണ്ടി 1000, 500 രൂപ പിന്‍വലിക്കുന്നു എന്നാണ് പ്രധാനമന്ത്രിയുടെ ആദ്യ പ്രസ്താവന. ഓരോ പൗരനും 15 ലക്ഷമെന്ന പഴയ വാഗ്ദാനവും നിലവിലുണ്ട്. എന്നാല്‍ കള്ളപ്പണം പോയിട്ട് വെള്ളപ്പണം പോലും നേരാംവണ്ണം തിരിച്ചടക്കപ്പെട്ടില്ല എന്നറിയുമ്പോഴാണ് ഇതിനകത്തെ ചതിക്കുഴികള്‍ പുറത്തുവരുന്നത്.
കള്ളപ്പണത്തെപ്പറ്റി മോദി ഇപ്പോള്‍ മിണ്ടുന്നില്ല. പകരം പറയുന്നത് കറന്‍സിലെസ്സ് ഇന്ത്യ എന്നാണ്.ഗോഡ്ഫാദര്‍മാരായ കുത്തകമുതലാളിമാര്‍ക്ക് ഇന്ത്യക്കാരെ വില്‍ക്കാന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ബാങ്കുകള്‍ക്ക് പരവതാനി വിരിച്ചു കൊടുക്കാന്‍ നടത്തിയ പച്ചയായ പകല്‍ക്കൊള്ള മാത്രമാണ് നോട്ട് നിരോധനം. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് ഓരോ ഇടപാടിലും പണത്തിന്റെ മൂല്യം നഷ്ടപ്പെടുത്തുന്നു.ഭീമമായ നികുതിക്ക് പുറമെ അനാവശ്യ സര്‍വ്വീസ് ചാര്‍ജ് കൂടെ നല്‍കുന്ന സാധാരണക്കാരന് ശരാശരി അമ്പത് പ്രാവശ്യം ഇടപാട് നടത്തുമ്പോഴേക്കും അവന്റെ പണം പൂര്‍ണ്ണമായും ഇല്ലാതാകും. ഫലത്തില്‍ കറന്‍സി ലെസ്സ് ഇന്ത്യയല്ല കാശില്ലാത്തവന്റെ ഇന്ത്യ എന്ന പ്രയോഗത്തിലേക്ക് രാജ്യം കൂപ്പുകുത്തുന്ന കാലം അതിവിദൂരമല്ലെന്നും ചെര്‍ക്കളം പറഞ്ഞു.

Post a Comment
0 Comments