ന്യൂഡെല്‍ഹി (www.evisionnews.in): തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണം വിവാദത്തിലേക്ക്. ജയലളിതയെ വിഷം നല്‍കി കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നുവെന്നും, ഇതുസംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതു താല്‍പര്യഹരജി ഫയല്‍ ചെയ്തു. ചെന്നൈയിലെ സന്നദ്ധസംഘടനയാണ് മരണത്തില്‍ ദുരൂഹത സൃഷ്ടിച്ച് പൊതു താല്‍പ്പര്യഹരജി നല്‍കിയത്. ഈ ഹരജിയില്‍ തീരുമാനമാകുന്നതുവരെ ജയലളിതയുടെ സ്വത്ത് കൈമാറ്റം നടത്താന്‍ അനുവദിക്കരുതെന്നും ജയലളിത ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിയിലെ എല്ലാ രേഖകളും കണ്ടെത്തണമെന്നും ഇതെല്ലാം വിശദ പരിശോധനക്ക് വിധേയമാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതേ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രമുഖ ചലച്ചിത്ര നടി ഗൗതമി നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കിയിരുന്നു.
ജയലളിതയുടെ ചികിത്സയും മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ നിഗൂഢതകളുണ്ടെന്ന് ഗൗതമി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ജയലളിതയെ വിഷംകൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യഹരജി എത്തിയത്. ഇതോടെ ജയലളിതയുടെ മരണം കൂടുതല്‍ വിവാദത്തിലേക്കും ദുരൂഹതയിലേക്കും നീങ്ങുകയാണ്.

Post a Comment
0 Comments